കോട്ടയത്ത് പതിനഞ്ചുകാരിയെ ബലാത്സംഗം ചെയ്ത് കൊന്നത് ലോഡ്ജിലെത്തിച്ച്; ലൈംഗികബന്ധത്തിന് വിസമ്മതിച്ചപ്പോള്‍ കഴുത്തില്‍ ഷാള്‍ മുറുക്കി ബലാത്സംഗം ചെയ്തു; അച്ഛന്റെ സുഹൃത്തായ പ്രതിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

16

കോട്ടയം:അയര്‍ക്കുന്നത്ത് പതിനഞ്ചുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന് കുഴിച്ചുമൂടിയ സംഭവത്തില്‍ അറസ്റ്റിലായത് പെണ്‍കുട്ടിയുടെ പിതാവിന്റെ സുഹൃത്ത്. മണര്‍കാട് മാലം കുഴിനാഗനിലത്തില്‍ അജേഷ് (35) ആണ് പൊലീസ് പിടിയിലായത്.

അരീപ്പറമ്പിലെ ഹോളോബ്രിക്‌സ് സ്ഥാപനത്തിലെ ഡ്രൈവറാണ് അജേഷ്. ബലാത്സംഗത്തിനിടെയാണ് കൊലനടത്തിയതെന്ന് പ്രതി സമ്മതിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്കുശേഷം വീട്ടില്‍നിന്നിറങ്ങിയ പെണ്‍കുട്ടിയെ അരീപ്പറമ്പിലെ ഹോളോബ്രിക്‌സ് ഫാക്ടറിക്കു സമീപം ഇയാള്‍ താമസിക്കുന്ന മുറിയിലെത്തിച്ചു.

Advertisements

ഇവിടെവെച്ച് ലൈംഗികബന്ധത്തിനു ശ്രമിച്ചെങ്കിലും പെണ്‍കുട്ടി എതിര്‍ത്തു. തുടര്‍ന്ന് കഴുത്തില്‍ ഷാള്‍ മുറുക്കി ബലാത്സംഗംചെയ്തു. ഇതിനിടെ പെണ്‍കുട്ടി കൊല്ലപ്പെട്ടു. മരണം ഉറപ്പാക്കിയ പ്രതി ഇതേ പുരയിടത്തില്‍ ഇളകിക്കിടന്ന മണ്ണില്‍ മൃതദേഹം കുഴിച്ചുമൂടുകയായിരുന്നു.

വ്യാഴാഴ്ച ഉച്ചമുതല്‍ പെണ്‍കുട്ടിയെ കാണാനില്ലെന്നുകാട്ടി വീട്ടുകാര്‍ വെള്ളിയാഴ്ച അയര്‍ക്കുന്നം പൊലീസില്‍ പരാതിനല്‍കിയിരുന്നു. കേസെടുത്ത പൊലീസ്, പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണമാണ് സംഭവത്തിന്റെ ചുരുളഴിച്ചത്.

അജേഷിനെ വെള്ളിയാഴ്ച വൈകീട്ടുതന്നെ കസ്റ്റഡിയിലെടുത്തു. തുടക്കത്തില്‍ കുറ്റം നിഷേധിച്ച ഇയാള്‍ തുടര്‍ച്ചയായ ചോദ്യംചെയ്യലില്‍ ശനിയാഴ്ച ഉച്ചയോടെ, ബലാത്സംഗത്തിനിടെ പെണ്‍കുട്ടി കൊല്ലപ്പെട്ടെന്നും തുടര്‍ന്ന് കുഴിച്ചുമൂടിയെന്നും പൊലീസിനോടു പറഞ്ഞു.

മൃതദേഹം കുഴിച്ചിട്ട സ്ഥലം പൊലീസിന് കാണിച്ചുകൊടുത്തു. പ്രതിയുടെ സാന്നിധ്യത്തില്‍ മൃതദേഹം പൊലീസ് പുറത്തെടുത്തു. മേല്‍നടപടികള്‍ക്കുശേഷം കോട്ടയം മെഡിക്കല്‍ കോളെജ് ആശുപത്രി മോര്‍ച്ചറിയിലേക്കുമാറ്റി. പ്രതിയെ കൂടുതല്‍ ചോദ്യംചെയ്തുവരികയാണ്.

തനിച്ചാണ് കൃത്യം നടത്തിയതെന്ന് പ്രതി പറയുന്നുണ്ടെങ്കിലും ഇയാള്‍ക്കൊപ്പം വേറെ ആരെങ്കിലുമുണ്ടായിരുന്നോ എന്നതു പരിശോധിക്കുന്നുണ്ട്. ഡിവൈഎസ്പിആര്‍. ശ്രീകുമാറിന്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.

തുടക്കത്തില്‍ പതറാതെ പിടിച്ചുനിന്ന പ്രതി 12 മണിക്കൂറിലേറെ നീണ്ട ചോദ്യംചെയ്യലിനൊടുവില്‍ നടത്തിയ വെളിപ്പെടുത്തല്‍ അന്വേഷണ സംഘത്തെയും ഞെട്ടിച്ചു. പ്രതിക്ക് വീട്ടുകാരുമായുള്ള അടുപ്പം പെണ്‍കുട്ടിയിലേക്കെത്തുകയായിരുന്നു.

മൊബൈല്‍ ഫോണിലൂടെ ബന്ധം ദൃഢമാക്കിയ ഇയാള്‍ പെണ്‍കുട്ടിയെ താമസസ്ഥലത്തെത്തിച്ച് ബലാത്സംഗത്തിനിരയാക്കുകയായിരുന്നു. വ്യാഴാഴ്ച ഉച്ചക്കുശേഷമാണ് പെണ്‍കുട്ടിയെ വീട്ടില്‍നിന്ന് കാണാതാകുന്നത്. വെള്ളിയാഴ്ച രാവിലെ വീട്ടുകാര്‍ അയര്‍ക്കുന്നം പൊലീസ് സ്റ്റേഷനില്‍ പരാതിയുമായെത്തി. ഉടന്‍ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു.

പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണിലേക്ക് വന്നതും പോയതുമായ കോളുകള്‍ പരിശോധിച്ച പോലീസ്, വ്യാഴാഴ്ച ഉച്ചയോടെ വന്നകോളുകള്‍ പിന്തുടര്‍ന്നു. വെള്ളിയാഴ്ച വൈകീട്ടോടെ രണ്ടുപേരെ കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് നടത്തിയ ചോദ്യംചെയ്യലില്‍ അന്വേഷണം അജേഷിലേക്ക് നീളുകയായിരുന്നു.

വീട്ടുകാരുമായി അടുപ്പമുണ്ടായിരുന്ന ഇയാള്‍ വീട്ടിലെത്താറുണ്ടായിരുന്നുവെന്നും പെണ്‍കുട്ടിയുമായി അടുപ്പം സ്ഥാപിച്ചിരുന്നുവെന്നും പൊലീസ് കണ്ടെത്തി. പെണ്‍കുട്ടിയുടെ തിരോധാനത്തിന് പിന്നില്‍ അജേഷിന് വ്യക്തമായ പങ്കുണ്ടെന്ന നിഗമനത്തിലെത്തി.

ഇതോടെ ഇയാളെ വിശദമായി ചോദ്യം ചെയ്യാന്‍ അന്വേഷണസംഘം തീരുമാനിച്ചു. കോട്ടയം ഡിവൈ.എസ്.പി ആര്‍.ശ്രീകുമാര്‍, കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി. എന്‍.മധുസൂദനന്‍, കോട്ടയം ഈസ്റ്റ് സി.ഐ. ടി.ആര്‍.ജിജു, അയര്‍ക്കുന്നം എസ്.ഐ.അനുപ് ജോസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യല്‍. ഒടുവില്‍ പിടിച്ചുനില്‍ക്കാനാകാതെ കൊലപാതക വിവരവും മൃതദേഹം കുഴിച്ചുമൂടിയതും അജേഷ് വെളിപ്പെടുത്തുകയായിരുന്നു.

പെണ്‍കുട്ടിയുടെ കൊലയ്ക്ക് പിന്നിലും, പ്രതിയെ പിടികൂടിയതിന് പിന്നിലും മൊബൈല്‍ ഫോണാണ്. പ്രതി വീട്ടുകാരിലൂടെ പെണ്‍കുട്ടിയിലേക്കെത്തിച്ച ബന്ധം മൊബൈല്‍ ഫോണിലൂടെ വളരുകയായിരുന്നു. നിരന്തരമുള്ള ഫോണ്‍വിളികളും മെസേജുകളും ഒടുവില്‍ പതിനഞ്ചുകാരിയെ പ്രതിയുടെ താമസസ്ഥലത്തെ മുറിയിലെത്തിച്ചു. പെണ്‍കുട്ടിയുടെ അച്ഛനൊപ്പം പ്രതി പലപ്പോഴും ഇവരുടെ വീട്ടിലെത്തിയിരുന്നു.

ആ ബന്ധമാണ് പെണ്‍കുട്ടിയിലേക്കും വളര്‍ന്നത്. കുട്ടിയെ കാണാതായപ്പോള്‍ പൊലീസ് അന്വേഷണം ആരംഭിച്ചതും ഇതേ മൊബൈല്‍ ഫോണ്‍ പിന്തുടര്‍ന്നായിരുന്നു. പെണ്‍കുട്ടിയെ കൂടുതല്‍ വിളിച്ചിരുന്നതും ഒടുവില്‍ വിളിച്ചതും പിടിയിലായ അജേഷായിരുന്നു. ഒട്ടും സംശയിക്കാതെ പൊലീസ് ഇയാളെ ആദ്യംതന്നെ പിടികൂടുകയും ചെയ്തു. പ്രതിയുടെ ചോദ്യം ചെയ്യലിലും മൊബൈല്‍ ഫോണ്‍ നിര്‍ണായക തെളിവായി.

അയര്‍ക്കുന്നം സ്വദേശിനിയായ പതിനഞ്ചുകാരിയെ കൊന്ന് കുഴിച്ചുമൂടിയെന്ന വിവരം ടെലിവിഷനിലൂടെയാണ് നാട്ടുകാര്‍ മിക്കവരും അറിഞ്ഞത്. ഹോളോബ്രിക്‌സ് കമ്പനിക്ക് താഴെ കുറ്റിക്കാടുകള്‍ നിറഞ്ഞ പറമ്പിലാണ് മൃതദേഹം കണ്ടെത്തിയത്. പലരും സംഭവസ്ഥലത്തേക്ക് പാഞ്ഞെത്തി. അപ്പോഴേക്കും മൃതദേഹം പുറത്തെടുത്ത് ഇന്‍ക്വസ്റ്റ് നടപടി തുടങ്ങിയിരുന്നു.

കമ്പനിയിലെ ഇതരസംസ്ഥാന തൊഴിലാളികളില്‍ പലരും ഭാര്യയും മക്കളുമൊത്താണ് ഇവിടെ താമസിച്ചിരുന്നത്. പ്രതി അജേഷും ഇവിടെ ഒരു മുറിയിലാണ് കഴിഞ്ഞിരുന്നത്. താമസസ്ഥലത്ത് ചുമരുകള്‍ക്കപ്പുറത്ത് ഒരു പെണ്‍കുട്ടി കൊല ചെയ്യപ്പെട്ടുവെന്ന് വിശ്വസിക്കാന്‍ തൊഴിലാളികളുടെ കുടുംബാംഗങ്ങള്‍ക്ക് കഴിഞ്ഞിട്ടില്ല. മൃതദേഹം പുറത്തെടുക്കാനുള്‍പ്പെടെ ഇതരസംസ്ഥാന തൊഴിലാളികളുടെ സഹായവും പൊലീസ് തേടി.

മൃതദേഹം ഉപേക്ഷിച്ച സ്ഥലത്ത് യാതാരു കൂസലുമില്ലാതെയാണ് പ്രതി അജേഷ് പൊലീസിന് മുന്നില്‍ നിന്നത്. പ്രതിക്കെതിരെ ജനരോഷം ഉയരാനിടയുള്ള സാധ്യത സംശയിച്ച് പൊലീസ് മുന്‍കരുതലെടുത്തിരുന്നു. ഒറ്റപ്പെട്ട പ്രതിഷേധം ഉയരുകയും ചെയ്തു. സന്ധ്യയോടെയാണ് ഇന്‍ക്വസ്റ്റ് നടപടി പൂര്‍ത്തിയായത്. ജോസ് ടി.ഫിലിപ്പിന്റെ നേതൃത്വത്തില്‍ വിരലടയാളസംഘവുമെത്തിയിരുന്നു.

Advertisement