മുഖ്യാതിഥിയായി ക്ഷണിച്ചില്ല; സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ക്ക് നേരെ ഗണേഷ്‌കുമാറിന്റെ കയ്യാങ്കളി

24

പത്തനാപുരം: സ്‌കൂള്‍ ശതാബ്ദി ആഘോഷ ചടങ്ങില്‍ മുഖ്യാതിഥിയായി ക്ഷണിക്കാത്തതിന്റെ പേരില്‍ പ്രതിഷേധിച്ച് പരിപാടിക്കിടെ ഹെഡ്മാസ്റ്റര്‍ക്ക് നേരെ ഗണേഷ് കുമാര്‍ എംഎല്‍എയുടെ കയ്യേറ്റശ്രമം.

Advertisements

കൊല്ലം ജില്ലയിലെ മാലൂര്‍ ഗവണ്‍മെന്റ് യുപി സ്‌കൂളിലെ ശതാബ്ദി ആഘോഷങ്ങള്‍ക്കിടെയാണ് സംഭവം നടന്നത്. സ്‌കൂളിലെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച യുവജന സമ്മേളനത്തിനിടെയാണ് ഹെഡ്മാസ്റ്ററും എംഎല്‍എയും തമ്മില്‍ രൂക്ഷമായ വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടായത്. ഇതേ തുടര്‍ന്ന് വേദിയില്‍ ഉണ്ടായിരുന്നവര്‍ ഇരുവരെയും പിടിച്ചുമാറ്റുകയായിരുന്നു.

ഉദ്ഘാടന പ്രസംഗത്തിനിടെ ഹെഡ്മാസ്റ്റര്‍ സി വിജയകുമാറിനെതിരെ എംഎല്‍എ ആരോപണം ഉന്നയിച്ചിരുന്നു. എംഎല്‍എയുടെ പ്രസംഗ ശേഷം സ്‌കൂള്‍ വികസനവുമായി ബന്ധപ്പെട്ട നിവേദനം നല്‍കാന്‍ ഹെഡ്മാസ്റ്ററേയും പിടിഎ പ്രസിഡന്റിനെയും പഞ്ചായത്ത് പ്രസിഡന്റിനെയും ക്ഷണിച്ചതോടെ എംഎല്‍എ പ്രകോപിതനായി.

ഹെഡ്മാസ്റ്റര്‍ തനിക്ക് നിവേദനം തരേണ്ടതില്ലെന്ന് എംഎല്‍എ നിലപാട് എടുത്തു. ഇതോടെ ഇരുവരും തമ്മില്‍ രൂക്ഷമായ വാക്കേറ്റമുണ്ടായിയെന്നാണ് റിപ്പോര്‍ട്ട്.

തനിക്ക് പറയാനുള്ളത് കേള്‍ക്കണമെന്ന ഹെഡ്മാസ്റ്ററുടെ ആവശ്യം കേള്‍ക്കാള്‍ പോലും കൂട്ടാക്കാതെയാണ് എംഎല്‍എ വേദി വിട്ടത്.

ശതാബ്ദി ആഘോഷങ്ങള്‍ക്ക് മുഖ്യാതിഥിയായി മന്ത്രി കെ രാജുവിനെ ക്ഷണിച്ചതാണ് എംഎല്‍എയെ പ്രകോപിപ്പിച്ചതെന്നാണ് ഹെഡ്മാസ്റ്റര്‍ പറയുന്നത്. ഉദ്ഘാടകനാക്കാത്തതിനാല്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ താല്‍പര്യമില്ലെന്ന് ഗണേഷ് കുമാര്‍ പറഞ്ഞിരുന്നുവെന്ന് ഹെഡ്മാസ്റ്റര്‍ പിന്നീട് പ്രതികരിച്ചു.

Advertisement