ഓഖിയോ? അതെന്താണെന്ന് മത്സ്യത്തൊഴിലാളികള്‍; കേരളതീരത്തെ ദുരന്തം അറിയാതെ ഉള്‍ക്കടലിലായിരുന്ന യഹോവ സാക്ഷിയും റോസാ മിസ്റ്റിക്കയും കൊച്ചിയിലെത്തിയത് കപ്പല്‍ നിറയെ മത്സ്യവുമായി

24

കൊച്ചി: ഓഖി ചുഴലിക്കാറ്റിന്റെ വാര്‍ത്തകള്‍ എത്തുന്നതിനു മുന്‍പ് കടലില്‍ മത്സ്യബന്ധനത്തിനു പോയ രണ്ട് കപ്പലുകള്‍ നിറയെ മീനുകളുമായി കൊച്ചിയില്‍ തിരിച്ചെത്തി. റോസാ മിസ്റ്റിക്ക, യഹോവ സാക്ഷി എന്നീ ബോട്ടുകളാണ് നിറയെ കേര മത്സ്യവുമായി തിരിച്ചെത്തിയത്. മഹാരാഷ്ട്ര തീരത്താണ് ഇവര്‍ മത്സ്യബന്ധനത്തിനു പോയത് അതിനാല്‍ തന്നെ ഓഖി ചുഴലിക്കാറ്റിന്റെ സംഹാര താണ്ഡവം ഇവര്‍ അറിഞ്ഞതുമില്ല.

Advertisements

കരയിലെ വാര്‍ത്തകള്‍ ഉള്‍ക്കടലില്‍ എത്താത്തതിനാല്‍ തന്നെ തിരിച്ചെത്തിയപ്പോഴാണ് സംഭവിച്ച വന്‍ദുരന്തത്തെ കുറിച്ച് ഇവര്‍ക്ക് വിവരം ലഭിച്ചത്. കേരള, തമിഴ്‌നാട് തീരങ്ങളില്‍ ഓഖി നാശംവിതച്ചതൊന്നും ഇവര്‍ അറിഞ്ഞിരുന്നില്ല. തിരമാലകള്‍ ശക്തമായിരുന്നെങ്കിലും കാര്യമായ ബുദ്ധിമുട്ട് നേരിട്ടില്ലെന്നു തൊഴിലാളികള്‍ പറഞ്ഞു. 13 മലയാളികള്‍ ഉള്‍പ്പെടെ 29 തൊഴിലാളികളാണ് രണ്ട് ബോട്ടിലുമായി ഉണ്ടായിരുന്നത്.

അതേസമയം കൊച്ചിയില്‍നിന്നും മത്സ്യബന്ധനത്തിനായി പുറപ്പെട്ട 45 ബോട്ടുകളെക്കുറിച്ച് ഇനിയും വിവരം ലഭിച്ചില്ല അഞ്ഞൂറോളം തൊഴിലാളികളാണ് ഇവയിലുള്ളതെന്നാണ് കണക്കാക്കപ്പെടുന്നത്. കൊച്ചിയില്‍നിന്നുള്ള ഒന്‍പത് ബോട്ടുകള്‍ മംഗലാപുരം, ഗുജറാത്ത്, മഹാരാഷ്ട്ര, ലക്ഷദ്വീപ് എന്നിവിടങ്ങളില്‍ എത്തിയതായി വിവരം ലഭിച്ചു.

എന്നാല്‍, കടലാക്രമണത്തില്‍ തകര്‍ന്നതായി രക്ഷപ്പെട്ടെത്തിയ തൊഴിലാളികള്‍ അറിയിച്ച ഗ്രീഷ്മ, തുഴല്‍ അന്തോണിയാന്‍ ഒന്ന്, വിജോവിന്‍, താജ് മഹല്‍, ആവേ മരിയ, സെന്റ് പീറ്റര്‍ പോള്‍, മാതാ ബോട്ടുകളെ സംബന്ധിച്ചോ അതിലെ തൊഴിലാളികളെക്കുറിച്ചോ യാതൊരു വിവരവും ലഭിച്ചിട്ടില്ല.

ഇവര്‍ക്കായുള്ള തെരച്ചില്‍ ഊര്‍ജിതമാക്കണമെന്നും ഇതര സംസ്ഥാനങ്ങളിലെ തുറമുഖങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന ബോട്ടുകളെ കൊച്ചിയിലെത്തിക്കാന്‍ നടപടിയെടുക്കണമെന്നും ലോങ് ലൈന്‍ ആന്‍ഡ് ഗില്‍ നെറ്റ് ഏജന്റ് അസോസിയേഷന്‍ ആവശ്യപ്പെട്ടു. തൂത്തുക്കുടിയില്‍ നിന്നു മത്സ്യബന്ധനത്തിനായി പുറപ്പെട്ട ഐലന്റ് ക്യൂന്‍, ദിവ്യ ബോട്ടുകള്‍ ഇന്നലെ തോപ്പുംപടി ഹാര്‍ബറിലെത്തി. 18 തൊഴിലാളികളാണ് രണ്ട് ബോട്ടുകളിലുമായി ഉണ്ടായിരുന്നത്.

Advertisement