മലയാള സിനിമയിലെ വ്യത്യ്‌സ്തനായ നായക നടനാണ് ഫഹദ് ഫാസിൽ. സംവിധായകൻ ഫാസിലിന്റെ മകനായ ഫഹദ് നായകനായി തിളങ്ങുമ്പോഴും നെഗറ്റീവ് കഥാപാത്രങ്ങളാകാനും ഒട്ടുംമടിയില്ലാത്ത നടനാണ്. അതുതന്നെയാണ് മറ്റ് നായകൻമാരിൽ നിന്നും ഫഹദിനെ വ്യത്യസ്തനാക്കുന്നതും.
തമിഴകത്തിന്റെ യുവ സൂപ്പർതാരം കാർത്തിയെ നായകനാക്കി കൈതി എന്ന സൂപ്പർഹിറ്റ് ചിത്രത്തിലൂടെ തെന്നിന്ത്യയിൽ ശ്രദ്ധേയനായ സംവിധായകൻ ലോകേഷ് കനകരാജ് ഉലകനായകൻ കമൽഹാസനെ നായകനാക്കി ഒരുക്കുന്ന പുതിയ ചിത്രമാണ് വിക്രം.
ഇപ്പോഴിതാ ഈ സിനിമയിൽ കമൽഹാസന് വില്ലനായി മലയാളികളുടെ പ്രിയതാരം ഫഹദ് ഫാസിൽ എത്തുന്നുവെന്ന് വാർത്തകൾ പുറത്തുവരുന്നു. എന്നാൽ ഫഹദിനോട് അടുത്ത വൃത്തങ്ങൾ ഇതു നിഷേധിക്കാനോ ശരി വയ്ക്കാനോ തയ്യാറായിട്ടില്ല.
തമിഴിലെ പ്രമുഖ മാധ്യമങ്ങളിൽ ഉൾപ്പടെ ഫഹദാണ് വില്ലനെന്ന് വാർത്തകൾ വന്നിട്ടുണ്ട്. കമൽ ഹാസന്റെ 232ാം ചിത്രമെന്ന പ്രത്യേകതയുമായി എത്തുന്ന വിക്രം നിർമിക്കുന്നത് അദ്ദേഹത്തിന്റെ നിർമ്മാണ കമ്പനിയായ രാജ്കമൽ ഫിലിംസ് തന്നെയാണ്. സിനിമ അടുത്ത വർഷം റിലീസ് ചെയ്യുമെന്നാണ് സൂചന.
ലോകേഷ് കനകരാജ് സ്റ്റൈൽമന്നൻ രജനികാന്തിനെ നായകനാക്കി സിനിമ ചെയ്യാനുള്ള ഒരുക്കത്തിലാണെന്നും അതല്ല കാർത്തി നായകവേഷത്തിലെത്തിയ കൈതി എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് അടുത്ത സിനിമയെന്നും നേരത്തെ റിപ്പോർട്ടുകൾ ഉയർന്നിരുന്നു. എന്നാൽ വിക്രം ആണ് അദ്ദേഹത്തിന്റെ അടുത്ത സിനിമയെന്ന് സ്ഥിരീകരണം വന്നിട്ടുണ്ട്.
അതേ സമയം ദളപതി വിജയ് നായകനായ മാസ്റ്റർ ആണ് ലോകേഷ് കനകരാജ് ഒടുവിൽ സംവിധാനം ചെയ്ത ചിത്രം. കഴിഞ്ഞ മാർച്ചിൽ റിലീസ് ചെയ്യേണ്ടിയിരുന്ന സിനിമ ലോക്ക്ഡൗൺ മൂലം മാറ്റി വച്ചിരിക്കുകയാണ്.
അതേ സമയം മാസ്റ്ററിന്റെ ടീസർ അടുത്തിടെ പുറത്തിറങ്ങിയിരുന്നു. സർവ്വകാല റെക്കോർഡും തിരുത്തി യൂടൂബിൽ മുന്നേറുകയാണ് മാസ്റ്റർ ടീസർ. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ഗാനങ്ങളും ലോകംമുഴുവൻ തരംഗം തീർത്തിരിക്കുകയാണ്.