ജയസൂര്യയെ നായകനാക്കി നാദിർഷ സംവിധാനം ചെയ്യുന്ന ‘ഈശോ’ എന്ന ചിത്രവുമായി ബന്ധപ്പെട്ട വിവാദങ്ങൾ തുടരുകയാണ് ഈ സാഹചര്യത്തിൽ ചിത്രത്തിന് ‘ഈശോ’ എന്ന പേര് അനുവദിക്കാൻ കഴിയില്ലെന്ന് ഫിലിം ചേംബർ വ്യക്തമാക്കി.
സിനിമ പ്രഖ്യാപിക്കുന്നതിന് മുൻപ് പേര് രജിസ്റ്റർ ചെയ്തിരിക്കണമെന്ന ചട്ടം പാലിച്ചില്ല, നിർമാതാവ് അംഗത്വം പുതുക്കിയിട്ടില്ല എന്നിങ്ങനെയുള്ള സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ചിത്രത്തിന് ഈശോ എന്ന പേര് നൽകാൻ കഴിയില്ലെന്ന് ഫിലിം ചേംബർ വ്യക്തമാക്കിയിട്ടുള്ളത്.
ALSO READ

സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ ഇടപെടാനില്ലെന്ന് ഫിലിം ചേംബർവ്യക്തമാക്കി. സിനിമയുടെ പേരുമായി ബന്ധപ്പെട്ടുള്ള വിവാദം അടക്കം പരിഗണിക്കുകയോ പ്രതികരിക്കുകയോ വേണ്ടെന്ന് കൊച്ചിയിൽ ചേർന്ന ഫിലിം ചേംബർ എക്‌സിക്യൂട്ടീവ് യോഗം വിലയിരുത്തി.
ചിത്രത്തിന് പേര് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള നിർമ്മാതാവിന്റെ അപേക്ഷ തള്ളിയെങ്കിലും ഒ ടി ടി റിലീസിന് ഈശോ എന്ന പേര് ഉപയോഗിക്കാം.
അതേസമയം ചിത്രത്തിന്റെ ഉള്ളടക്കം എന്തെന്ന് മനസ്സിലാക്കാതെ ആവിഷ്‌കാര സ്വാതന്ത്ര്യത്തിനെതിരെ നിലപാട് സ്വീകരിക്കുന്നതിനെ വിമർശിച്ച് ചലച്ചിത്രലോകം രംഗത്ത് വന്നിരുന്നു. സിനിമയുടെ പോസ്റ്റർ പുറത്തിറങ്ങിയതിന് പിന്നാലെയാണ് വിവാദവുമുയർന്നത്.
ALSO READ

ചിത്രത്തിനെതിരേ ഏതാനും ക്രിസ്തൃൻ സംഘടനകളും വിശ്വാസികളും രംഗത്തെത്തിയിരുന്നു. ഈശോ എന്ന പേര് മതവികാരം വ്രണപ്പെടുത്തുന്നതെന്നാണ് ആരോപണം.
‘ഈശോ’ എന്ന സിനിമയ്ക്കെതിരേ നൽകിയ പൊതുതാൽപര്യ ഹർജി ഹൈക്കോടതി തള്ളിയിരുന്നു. ചിത്രത്തിന് പ്രദർശനാനുമതി നൽകരുതെന്ന് ആവശ്യപ്പെട്ട് ക്രിസ്ത്യൻ അസോസിയേഷൻ ഫോർ സോഷ്യൽ ആക്ഷൻ എന്ന സംഘടന നൽകിയ ഹർജിയാണ് ഹൈക്കോടതി തള്ളിയത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഹർജി തള്ളിയത്. സിനിമയ്ക്ക് ദൈവത്തിന്റെ പേരിട്ടെന്ന് കരുതി കോടതിയ്ക്ക് ഇടപെടാനാകില്ലെന്നാണ് കോടതി പറഞ്ഞത്.









