മരക്കാർ അറബിക്കടലിന്റെ സിംഹം റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു, തീയ്യറ്ററുകളിൽ ആളെകൂട്ടാൻ ആദ്യം ദളപതി വിജയിയുടെ മാസ്റ്റർ എത്തും

116

മലയാളത്തിന്റ താരരാജാവ് നടനവിസ്മയം ദ കംപ്ലീറ്റ് ആക്ടർ മോഹൻലാലിനെ നായകനാക്കി സൂപ്പർഡയറക്ടർ പ്രിയദർശൻ സംവിധാനം ചെയ്ത മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിന്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. 2021 മാർച്ച് 26 നാണ് ചിത്രം റിലീസ് ചെയ്യുക. ചിത്രത്തിന്റെ നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ തന്നെയാണ് റിലീസിംഗ് ഡേറ്റ് പ്രഖ്യാപിച്ചത്.

കഴിഞ്ഞ വർഷം മാർച്ചിൽ റിലീസ് ചെയ്യേണ്ടിയിരുന്ന സിനിമയായിരുന്നു മരക്കാർ അറബിക്കടലിന്റെ സിംഹം.
എന്നാൽ ലോക്ക് ഡൗണിനെ തുടർന്ന് ചിത്രത്തിന്റെ റിലീസ് വൈകുകയായിരുന്നു. സംസ്ഥാനത്തെ തിയേറ്ററുകൾ തുറന്നുപ്രവർത്തിക്കാമെന്ന് കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചത്.

Advertisements

പകുതി ആളുകളെ മാത്രമേ തിയേറ്ററുകളിൽ പ്രവേശിപ്പിക്കു. ജനുവരി അഞ്ച് മുതൽ തിയേറ്ററുകൾ തുറന്നു പ്രവർത്തിക്കാം എന്നാണ് സർക്കാർ പ്രഖ്യാപിച്ചത്. ഇതോടെ വിജയ് നായകനായ മാസ്റ്റർ കേരളത്തിൽ റിലീസ് ചെയ്യുമെന്നും ഉറപ്പായി. ജനുവരി 13നാണ് മാസ്റ്റർ എത്തുന്നത്. എൺപതോളം ചിത്രങ്ങളാണ് റീലിസിനായി ഒരുങ്ങിയിരിക്കുന്നത്.

ജയസൂര്യ നായകനായെത്തുന്ന ചിത്രം വെള്ളം ഉടൻ തന്നെ റിലീസ് ചെയ്യാൻ സന്നദ്ധരാണെന്ന് ചിത്രത്തിന്റെ അണിയറപ്രവർത്തകർ അറിയിച്ചിട്ടുണ്ട്. ക്യാപ്റ്റൻ സിനിമയുടെ സംവിധാകൻ പ്രജേഷ് സെൻ സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രമാണ് വെള്ളം. അതേ സമയം തിയേറ്ററുകൾ തുറന്നാലും സിനിമ നൽകില്ലെന്ന നിലപാടിലാണ് ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷൻ.

തിയേറ്ററുകളിൽ നിന്നും ലഭിക്കാനുള്ള പണം തന്നാൽ മാത്രമേ പുതിയ സിനിമകൾ വിതരണം ചെയ്യുകയുള്ളൂ എന്നാണ് അസോസിയേഷന്റെ നിലപാട്. ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷൻ പ്രസിഡണ്ട് സിയാദ് കോക്കറാണ് ഇക്കാര്യം അറിയിച്ചത്. നിർമ്മാതാക്കൾ സർക്കാരിന് മുൻപിൽ വച്ച് ഉപാധികൾ പരിഹരിച്ചാൽ മാത്രമേ സഹകരിക്കുക ഉള്ളൂവെന്നും സിയാദ് കോക്കർ പറഞ്ഞു.

നേരത്തെ തമിഴ്‌നാട്ടിൽ വിജയ് നായകനാവുന്ന മാസ്റ്റർ റിലീസിന് തീരുമാനിച്ചിരുന്നു. ഇതോടെ കേരളത്തിൽ പടം റിലീസ് ചെയ്യുമോ ഇല്ലയോ എന്ന കാര്യത്തിൽ ആരാധകർ ആശങ്ക പ്രകടിപ്പിച്ചിരുന്നു. തിയേറ്ററുകൾ പഴയ രീതിയിലേക്ക് എത്തുന്നതിന് വിജയിയെ പോലുള്ള ഒരു താരത്തിന്റെ സിനിമ ആവശ്യമാണെന്നും പ്രതിസന്ധിഘട്ടത്തിൽ തങ്ങളെ കൈവിടാതിരുന്ന വിജയിയുടെ ചിത്രം തന്നെയായിരിക്കും ആദ്യ പരിഗണനയെന്നും തിയേറ്റർ ഉടമകൾ അറിയിച്ചിരുന്നു.

അതേസമയം തിയേറ്ററുകളിൽ റിലീസ് ചെയ്യുമെന്ന് കരുതിയിരുന്ന മോഹൻലാലിന്റെ ദൃശ്യം 2 അപ്രതീക്ഷിതമായി ഇന്ന് ഒടിടി റിലീസ് പ്രഖ്യാപിച്ചിരുന്നു. പുതുവത്സരത്തിൽ പുറത്തിറങ്ങിയ ടീസറിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

കൊവിഡ് കാലത്ത് നിശ്ചലമായ തിയേറ്റർ വ്യവസായത്തിന് ദൃശ്യം 2 വിന്റെ തിയേറ്റർ റിലീസ് ഗുണകരമാകുമെന്നായിരുന്നു വിലയിരുത്തലുകൾ. ചിത്രം ഒടിടി റിലീസ് ചെയ്യാനുള്ള തീരുമാനത്തിന് സമിശ്ര പ്രതികരണമാണ് ഇപ്പോൾ വരുന്നത്. കേരളത്തിൽ തിയേറ്ററുകൾ തുറന്നുപ്രവർത്തിക്കാൻ തീരുമാനിച്ചതോടെ തീരുമാനം മാറ്റുമോയെന്നാണ് ആരാധകർ കാത്തിരിക്കുന്നത്.

Advertisement