മാധവൻ ആയിരുന്നു നായകനാവേണ്ടത്, മോഹൻലാൽ എത്തിയത് പ്രതിസന്ധിയായി, ആ പരാജയം എന്നെ ഡിപ്രഷനിലെത്തിച്ചു: ദയനീയ പരാജയമായിരുന്ന ആ ചിത്രത്തെ കുറിച്ച് സിബി മലയിൽ

131

കൊമേഴ്‌സ്യൽ വിജയങ്ങളായ ഒട്ടേറെ ക്ലാസ്സ് സിനിമകൽ മലയാളികൽക്ക് സമ്മാനിച്ച സംവിധായകനാണ് സിബി മലയിൽ. അദ്ദേഹത്തിന്റെ വിജയ ചിത്രങ്ങളിൽ കൂടുതലും നായകനായത് മലയാളത്തിന്റെ താരരാജാവ് മോഹൻലാൽ ആയിരുന്നു.

എന്നാൽ മോഹൻലാലിനെ നായകനാക്കി സിബി മലയിൽ ഒരുക്കിയ ഒരു സിനിമ ദയനീയ പരാജയമായിരുന്നു. ആ ചിത്രത്തെ കൂറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് സിബി മലയിൽ ഇപ്പോൾ സിബി മലയിൽ മോഹൻലാൽ കൂട്ടുകെട്ടിൽ 2000 ൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു ദേവദൂതൻ.

Advertisements

ഏറെ പ്രതീക്ഷയോടെ പുറത്തെത്തിയ ചിത്രമായിരുന്നു ഇത്. എന്നാൽ തിയേറ്ററുകളിൽ പ്രതീക്ഷിച്ച വിജയം നേടാൻ ചിത്രത്തിന് കഴിഞ്ഞില്ല. സംഗീത പശ്ചാത്തലത്തിലൊരുങ്ങിയ ഒരു പ്രണയ കഥയായിരുന്നു ദേവദൂതൻ. മോഹൻലാലിനെ കൂടാതെ ബോളിവുഡ് താര സുന്ദരി ജയപ്രദ, വിനീത് കുമാർ, മുരളി എന്നിവരായിരുന്നു ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയത്.

ചിത്രത്തിലെ ഗാനങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സിബി മലയിലിന്റെ സ്വപ്ന ചിത്രമായിരുന്നു ദേവദൂതൻ. എന്നാൽ ചിത്രത്തിന്റെ പരാജയം തന്നെ ഡിപ്രഷനിൽ വരെ കൊണ്ടെത്തിച്ചുവെന്നാണ് സംവിധായകൻ പറയുന്നത്.

താൻ തന്റെ ആദ്യസിനിമയ്ക്കായി രൂപപ്പെടുത്തി എടുത്ത കഥയാണിതെന്നാണ് സിബി മലയിൽ പറയുന്നത്. എന്നാൽ 17 വർഷങ്ങൾ ചിത്രത്തിനായി വേണ്ടി വന്നിരുന്നു. നവോദയുടെ നിർമ്മാണ സംരംഭം എന്ന നിലയിലാണ് രഘുനാഥൻ പാലേരി തനിയ്ക്ക് വേണ്ടി കഥയെഴുതിയത്. എന്നാൽ ആ കഥ ചിത്രമാകാൻ പിന്നീയും വർഷങ്ങൾ വേണ്ടി വന്നിരുന്നു.

നസറുദ്ദീൻ ഷാ, മാധവി എന്നിവരെയാണ് കമിതാക്കളായി മനസിൽ കണ്ടത്. എന്നാൽ അന്ന് ആ സിനിമ നടന്നില്ല. പിന്നീട് 2000 ൽ സിയാദ് കോക്കറിന് വേണ്ടി ഒരു സിനിമ ചെയ്യാനുള്ള ആലോചനകൾ നടക്കുമ്പോൾ ഞാൻ സിയാദിനോട് ഈ കഥ പറയുന്നത്. അദ്ദേഹം താൽപര്യം പ്രകടിപ്പിക്കുന്നതും. മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിലാണ് സിബി മലയിൽ ഇക്കാര്യം പറഞ്ഞത്. സിബി മലയിലിന്റെ വാക്കുകൾ ഇങ്ങനെ:

സിയാദ് കോക്കറിന് വേണ്ടി ഒരു സിനിമ ചെയ്യാനുള്ള ആലോചനകൾ നടക്കുമ്പോൾ ഞാൻ സിയാദിനോട് ഈ കഥ പറയുകയും അദ്ദേഹം താത്പര്യം പ്രകടിപ്പിക്കുകയും ചെയ്തു. തുടർന്ന് വർഷങ്ങളായി ഞാൻ സൂക്ഷിച്ചിരുന്ന, പലേരിയുടെ കൈപ്പടയിലുള്ള പഴകി ദ്രവിച്ചു തുടങ്ങിയ താളുകൾ രഘു തന്നെ സിയാദിനെ വായിച്ചു കേൾപ്പിക്കുകയും എന്റെ ദീർഘകാല സ്വപ്നത്തിന് വീണ്ടും ചിറകു മുളയ്ക്കുകയും ചെയ്തു.
തിരക്കഥ പുതുക്കി എഴുതിയപ്പോൾ പശ്ചാത്തലം ബോർഡിങ് സ്‌കൂളിൽനിന്നു കോളജ് ക്യാംപസിലേക്ക് മാറ്റുകയും, സമാന്തരങ്ങളായ രണ്ടു പ്രണയങ്ങൾ രൂപപ്പെടുകയും ചെയ്തു.

ക്യാംപസിലെ പ്രണയ മിഥുനങ്ങളിലൂടെ തന്റെ പൂർവകാമുകിയോടു സംവദിക്കാൻ ശ്രമിക്കുന്ന അന്ധനായ സംഗീതജ്ഞന്റെ കഥ. അഭിനേതാക്കൾ എല്ലാം പുതുമുഖങ്ങൾ ആയിരിക്കണം എന്നായിരുന്നു ഞങ്ങളുടെ തീരുമാനം. അക്കാലത്ത് ഹിന്ദി ടെലിവിഷൻ സീരിയലുകളിൽ അഭിനയിച്ചുകൊണ്ടിരുന്ന മാധവനെയാണ് യുവകാമുകന്റെ വേഷത്തിനായി ശ്രമിച്ചത്.

പക്ഷേ അദ്ദേഹം മണിരത്‌നത്തിന്റെ ‘അലൈ പായുതേ’ എന്ന ചിത്രത്തിനായി ദീർഘനാളത്തെ കരാറിൽ ഏർപ്പെട്ടു പോയതിനാൽ വീണ്ടും പുതിയ അഭിനേതാക്കൾക്ക് വേണ്ടിയുള്ള ശ്രമം തുടരുന്നതിനിടെയാണ് യാദൃച്ഛികമായി മോഹൻലാൽ സിയാദിൽനിന്ന് ഈ കഥയെക്കുറിച്ച് അറിഞ്ഞതും അഭിനയിക്കുവാൻ താത്പര്യപ്പെട്ടതും.

മോഹൻലാലിനെ ഉൾപ്പെടുത്തുന്ന സാഹചര്യം വന്നാൽ കഥയിൽ വീണ്ടും കാര്യമായ അഴിച്ചുപണി വേണ്ടിവരുമെന്നതിനാൽ ഞാനും പലേരിയും വല്ലാത്ത പ്രതിസന്ധിയിലായെങ്കിലും സിയാദിന്റെ താൽപര്യത്തെ മാനിച്ച് അതിനു തയാറായി. സാങ്കേതികമായി ഏറ്റവും മികവോടെ ചിത്രീകരിക്കണം എന്ന കാര്യത്തിൽ ആർക്കും സംശയമില്ലായിരുന്നു.

ഛായാഗ്രഹണം,സംഗീതം, കലാസംവിധാനം, വസ്ത്രാലങ്കാരം, ശബ്ദ സന്നിവേശം, കംപ്യൂട്ടർ ഗ്രാഫിക്‌സ് തുടങ്ങി എല്ലാം ഏറ്റവും മികവോടെതന്നെ ചിത്രത്തിൽ ഉപയോഗപ്പെടുത്തി. ഇത്രത്തോളം സമയവും പ്രയത്‌നവും മറ്റൊരു സിനിമയ്ക്കു വേണ്ടിയും ഞാൻ ചിലവഴിച്ചിട്ടില്ല. ചെന്നൈയിലെ പ്രിവ്യു കണ്ടവരെല്ലാം പറഞ്ഞ മികച്ച അഭിപ്രായങ്ങൾ എനിക്ക് ഏറെ ധൈര്യം തന്നു.

അതുകൊണ്ടുതന്നെ തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് ഞാൻ റിലീസിനെ അഭിമുഖീകരിച്ചത്. റിലീസ് ദിവസം ഞാൻ ചെന്നൈയിലെ എന്റെ വീട്ടിലായിരുന്നു. ഞാൻ ഫോണിനു മുന്നിൽ പ്രാർഥനയോടെയിരുന്നു, ഉച്ചകഴിഞ്ഞപ്പോൾ ലാൽ വിളിച്ചു. ആദ്യപകുതി കഴിഞ്ഞപ്പോൾ നല്ല പ്രതികരണങ്ങൾ പലരും വിളിച്ച് അറിയിച്ച സന്തോഷം ഞങ്ങൾ പങ്കുവച്ചു.

അതിനുമുൻപ് ഒരു സിനിമയ്ക്കും ലാൽ അത്തരത്തിൽ ആകാംക്ഷയോടെ എന്നെ വിളിച്ചിട്ടില്ല. വൈകുന്നേരമായതോടെ എന്റെ കരിയറിലെ ഏറ്റവും വലിയ ദുരന്തമുഖത്താണു നിൽക്കുന്നതെന്ന് ഞാൻ തിരിച്ചറിഞ്ഞു. പരാജയ കാരണങ്ങളെ വിശകലനം ചെയ്യുവാനുള്ള മാനസിക അവസ്ഥയിൽ ആയിരുന്നില്ല ആ നാളുകളിൽ ഞാൻ.

പിന്നീട് ചിന്തിച്ചപ്പോൾ എനിക്കു തോന്നിയത്, മോഹൻലാൽ എന്ന നടൻ അപ്പോഴേക്കും നരസിംഹം പോലുള്ള സിനിമകളിലൂടെ അതിമാനുഷ തലത്തിലുളള സൂപ്പർതാര ഇമേജിലേക്ക് എത്തപ്പെട്ടിരുന്നു, അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ അതിമാനുഷ കഥാപാത്രത്തെ കാണാനെത്തിയ പ്രേക്ഷകരെ ദേവദൂതനിലെ സംഗീതജ്ഞൻ നിരാശപ്പെടുത്തിയിരിക്കാം. ലാൽ പൊതുവേ വിജയപരാജയങ്ങളെ വൈകാരികമായി സമീപിക്കുന്നത് ഞാൻ കണ്ടിട്ടില്ല. ഒരുപക്ഷേ പുറമെ പ്രകടിപ്പിക്കാത്തതാവാം.

എന്നെ സംബന്ധിച്ചിടത്തോളം വർഷങ്ങളായി മനസ്സിൽ കൊണ്ടു നടന്ന ഒരു വലിയ സ്വപ്നമാണ് ഒരു നൂൺഷോ കഴിഞ്ഞപ്പോൾ തകർന്നടിഞ്ഞു പോയത്. പക്ഷേ എന്നെ ഏറ്റവുമധികം വേദനിപ്പിച്ചത് സിയാദ് കോക്കറെന്ന നിർമാതാവിന്, സുഹൃത്തിന് സംഭവിച്ച വൻ സാമ്പത്തിക തകർച്ചയാണ്. ഞാൻ വല്ലാത്ത ഡിപ്രഷനിലേക്ക് പോയ നാളുകളായിരുന്നു അതെന്നും സിബിമലയിൽ വെളിപ്പെടുത്തുന്നു.

Advertisement