Entertainment Movies Stories

മമ്മൂട്ടി അഭിനയിച്ചാലും ‘ദൃശ്യം’വൻ ഹിറ്റായി മാറുമായിരുന്നു; തുറന്ന് പറഞ്ഞ് മോഹൻലാൽ

മലയാളത്തിന്റെ താരചക്രവർത്തി മോഹൻലാലിന്റെ കരിയറിലെ ഏറ്റവും വലിയ നേട്ടമാണ് ‘ദൃശ്യം’ എന്ന സിനിമ. മമ്മൂട്ടിയുടെ കരിയറിലെ വലിയ നഷ്ടവും. മമ്മൂട്ടി വേണ്ടെന്നുവച്ച ആ തിരക്കഥ സംവിധായകൻ ജീത്തു ജോസഫ് പിന്നീട് മോഹൻലാലിനോട് പറയുകയായിരുന്നു. മോഹൻലാൽ അത് സ്വീകരിക്കുകയും പടം വലിയ ഹിറ്റായി മാറുകയും ചെയ്തു.

എന്നാൽ മോഹൻലാൽ പറയുന്നത്, താൻ അഭിനയിച്ചതുകൊണ്ടല്ല ആ സിനിമ വലിയ വിജയമായി മാറിയത് എന്നാണ്. ആ തിരക്കഥയിൽ മമ്മൂട്ടി അഭിനയിച്ചാലും വൻ ഹിറ്റായി മാറുമായിരുന്നു. ഈ സ്‌ക്രിപ്റ്റിൽ ആരഭിനയിച്ചാലും അതൊരു വിജയത്തിലേക്ക് പോകും എന്നുറപ്പാണ്. താൻ അങ്ങനെ വിശ്വസിക്കുന്നു എന്നും മോഹൻലാൽ വ്യക്തമാക്കുന്നു.

ആ സമയത്ത് അത്തരം കഥാപാത്രങ്ങളെ കുറേ അവതരിപ്പിച്ചതുകൊണ്ടാണ് മമ്മൂട്ടി ദൃശ്യം വേണ്ടെന്നുവച്ചത്. ഒരു പക്ഷേ, ജീത്തു തിരക്കഥ അവതരിപ്പിച്ചപ്പോൾ അതിൻറെ ബ്രില്യൻസ് മമ്മൂട്ടിക്ക് മനസിലാക്കാൻ കഴിയാതെ പോയിരിക്കാം. ഒരുപാട് തിരക്കുകൾക്കിടയിൽ എന്തായാലും ദൃശ്യം ചെയ്യാൻ മമ്മൂട്ടിക്ക് കഴിഞ്ഞില്ല.

വർഷങ്ങൾക്കിപ്പുറം, മോഹൻലാൽ വീണ്ടും ജീത്തു ജോസഫുമായി ഒരു സിനിമ ചെയ്യാനുള്ള തയ്യാറെടുപ്പിലാണ്. എന്നാൽ അത് ദൃശ്യത്തിൻറെ രണ്ടാം ഭാഗമല്ല. ഫ്രഷ് ആയ ഒരു സബ്ജക്ടാണ്. എന്നാൽ ഫാമിലി ത്രില്ലർ ജോണറിൽ തന്നെയുള്ള ഒരു സിനിമയായിരിക്കും അതെന്നാണ് അറിയാൻ കഴിയുന്നത്.

ദൃശ്യം 2 പ്രേക്ഷകർ പ്രതീക്ഷിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ഒരു യുവാവ് ദൃശ്യം 2ന്റെ രണ്ടാം ഭാഗം എന്ന നിലയിൽ ഒരു കഥ സോഷ്യൽ മീഡിയയിൽ അവതരിപ്പിച്ചത് വൈറലായിരുന്നു. ഗംഭീരമായ എഴുത്ത് എന്നാണ് അതിനെ ജീത്തു ജോസഫ് പോലും വിശേഷിപ്പിച്ചത്. എന്തായാലും ദൃശ്യത്തിന് ഒരു രണ്ടാം ഭാഗം ഉണ്ടാകുമെന്നും ജോർജ്ജുകുട്ടിയും കുടുംബവും വീണ്ടും പ്രേക്ഷകരെ തേടിയെത്തുമെന്നും പ്രതീക്ഷിക്കാം.