മോഹൻലാലിന്റെ ശരീര ഭാഷയ്ക്ക് യോജിക്കുന്ന കഥാപാത്രമായിരുന്നില്ല അത്, സുരേഷ് ഗോപി ആയിരുന്നേൽ തകർത്തേനെ: പ്രജ ദയനീയ പരാജയമായതിനെ പറ്റി രഞ്ജി പണിക്കർ

62

ജോഷിയുടെ സംവിധാനത്തിൽ മലയാളത്തിന്റെ താരരാജാവ് മോഹൻലാലും ഐശ്വര്യയും പ്രധാന വേഷത്തിലെത്തി 2001 ൽ പുറത്തിറങ്ങിയ സിനിമയായിരുന്നു പ്രജ. സക്കീർ അലി ഹുസൈൻ എന്ന കഥാപാത്രത്തെയായിരുന്നു മോഹൻലാൽ ഈ സിനിമയിൽ അവതരിപ്പിച്ചത്.

വമ്പൻ പ്രതീക്ഷയോടെയായിരുന്നു പ്രേക്ഷകർ ഈ ചിത്രത്തിനായി കാത്തിരുന്നത്. ജോഷി സംവിധാനം ചെയ്ത ചിത്രത്തിന് തിരക്കഥയൊരുക്കിയത് രൺജി പണിക്കരായിരുന്നു. ഏറെ പ്രതീക്ഷയോടെ എത്തിയ ഈ സിനിമയ്ക്ക് പക്ഷേ ബോക്‌സ് ഓഫീസിൽ വിജയം നേടാനായില്ല. ദയനീയ പരാജയമായിരുന്നു തീയ്യറ്ററുകളിൽ പ്രജ.

സിനിമ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടിരുന്നില്ലെങ്കിലും ചിത്രത്തിലെ ഡയലോഗുകളും ഗാനങ്ങളും സൂപ്പർ ഹിറ്റായിരുന്നു. ഗംഭീര സ്വീകരണമായിരുന്നു ചിത്രത്തിലെ ഗാനങ്ങൾക്ക് ലഭിച്ചത്. ആഘോഷ പരിപാടികളിലെല്ലാം ചിത്രത്തിലെ ഗാനങ്ങളുണ്ടാവാറുണ്ട്. അടുത്തിടെ ഇതിലെ ഗാനമായി ചന്ദനമണി ചലഞ്ചുമായി സോഷ്യൽ മീഡിയയിൽ ഗായകരെത്തിയിരുന്നു.

അതേ സമയം മോഹൻലാൽ ഈ സിനിമയിൽ അഭിനയിച്ചതിനെ കുറിച്ചും മുഴുനീള സംഭാഷണങ്ങളെ കുറിച്ചും പറഞ്ഞ് രംഗത്തിയിരിക്കുകയാണ് തിരക്കഥാകൃത്ത് രൺജി പണിക്കർ ഇപ്പോൾ. ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിനിടയിലായിരുന്നു അദ്ദേഹം പ്രജയെന്ന സിനിമയെക്കുറിച്ച് തുറന്നു പറച്ചിൽ നടത്തിയത്.

ഞാൻ എഴുതിയ പ്രജ എന്ന സിനിമയിലെ സംഭാഷണങ്ങൾ മോഹൻലാൽ എന്ന നടനെ ബുദ്ധിമുട്ടിക്കുന്നുണ്ടോ എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. മോഹൻലാൽ അങ്ങനെയൊരു വേഷം ചെയ്തപ്പോൾ എനിക്ക് ഭയമുണ്ടായിരുന്നു.

മോഹൻലാലിന്റെ ശരീര ഭാഷയ്ക്ക് യോജിക്കുന്ന കഥാപാത്രമായിരുന്നില്ല അത്. പക്ഷേ സുരേഷ് ഗോപിയുടെ കാര്യത്തിലാണെങ്കിൽ ഏതു നെടുനീളൻ ഡയലോഗ് കൊടുത്താലും അതൊക്കെ അയാൾക്ക് ഈസിയാണെന്നും രൺജി പണിക്കർ പറയുന്നു.

സുരേഷ് ഗോപിയുടെ തീപ്പൊരി ആക്ഷനും ഡയലോഗുകളും ഇന്നും പ്രേക്ഷക മനസ്സിൽ നിറഞ്ഞുനിൽക്കുന്നുണ്ട്. പ്രജയിൽ ഞാൻ എഴുതിയ ഡയലോഗ് പറഞ്ഞു മോഹൻലാൽ അഭിനയിച്ചപ്പോൾ സ്‌ക്രീനിൽ അത് എങ്ങനെ വരുമെന്ന ആശങ്കയുണ്ടായിരുന്നു.

ഇത് ഞാൻ മോഹൻലാലിനോട് പറയുകയും ചെയ്തു. ഡബ്ബിംഗ് കഴിയുമ്പോൾ സൂപ്പർ ആകും ആശാനേ എന്നായിരുന്നു മോഹൻലാലിന്റെ കമന്റ്. ഞാൻ എഴുതിയ സിനിമകളിൽ പ്രജയായിരുന്നു ഡയലോഗിന്റെ കാര്യത്തിൽ അതിര് കടന്നത്. അത് ആ സിനിമയുടെ വിജയത്തെയും ബാധിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കുന്നു.