സങ്കടം ഇപ്പോഴും ഉണ്ട്, നഷ്ടപ്പെടുത്തിയതിൽ ദുഃഖമുണ്ട്: സുപ്രധാന വെളിപ്പെടുത്തലുമായി മഞ്ജു വാര്യർ

1113

താരരാജാവ് മോഹൻലാൽ നയാകനാകുന്ന മരയ്ക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിൽ മഞ്ജു വാര്യർ ഒരു പ്രധാന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. 25 വർഷങ്ങൾ നീണ്ട സിനിമാ ജീവിതത്തിൽ ഇതാദ്യമായാണ് മഞ്ജു പ്രിയദർശൻ ചിത്രത്തിൽ വേഷമിടുന്നത്.

നേരത്തെ മഞ്ജു വാര്യരെ തന്റെ ചന്ദ്രലേഖ എന്ന സിനിമയിൽ ഒരുപ്രധാനകഥാപാത്രമായി പ്രിയദർശൻ പരിഗണിച്ചിരുന്നു. എന്നാൽ പല കാരണങ്ങളാൽ അത് നടന്നില്ല. ആ സങ്കടം തനിക്കിപ്പോഴും ഉണ്ടെന്ന് കുഞ്ഞാലിമരക്കാറിന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുന്നതിനിടെ തുറന്നുപറയുകയാണ് താരം.

Advertisements

എന്റെ കുട്ടിക്കാലത്തെ ജീവിതത്തിൽ ഒരുപാട് നിറങ്ങൾ നിറച്ച സിനിമകൾ ചെയ്തവരാണ് പ്രിയദർശനും മോഹൻലാലും. ചിത്രം, കിലുക്കം പോലുള്ള സിനിമകൾ, കാലാപാനി അങ്ങനെ അത് ഏത് വിഭാഗത്തിൽപെട്ട സിനിമകളാണെങ്കിലും അതൊക്കെ പ്രിയപ്പെട്ടതാണ്. വർഷങ്ങൾക്കു മുമ്പ് ഞാൻ അഭിനയിച്ചുകൊണ്ടിരിക്കുന്ന സമയത്തും പ്രിയദർശൻ സാറിനൊപ്പം പ്രവർത്തിക്കാൻ സാധിച്ചിരുന്നില്ല. ചന്ദ്രലേഖ എന്ന സിനിമയ്ക്കായി എന്നെ വിളിച്ചിരുന്നു. പക്ഷേ പല കാരണങ്ങളാൽ അത് നടന്നില്ല. അതിന്റെ സങ്കടം എനിക്ക് ഇന്നുമുണ്ട്.

ഒരുപാട് വർഷങ്ങൾക്കു ശേഷം ആ അവസരം വീണ്ടും വന്നത് കുഞ്ഞാലിമരക്കാറിലാണ്. ഞാൻ മനസ്സിലാക്കിയതുവച്ച് മലയാളസിനിമയിൽ ഇന്നേവരെ ഉണ്ടായിട്ടുള്ളതിൽ ഏറ്റവും വലിയ സിനിമ. ഈ മഹാപ്രതിഭകൾക്കൊപ്പം ഭാഗമാകാൻ സാധിച്ചത് തന്നെ ഭാഗ്യം. ഒട്ടേറെ വലിയ വലിയ താരങ്ങളും സാങ്കേതിക പ്രവർത്തകരും പ്രവർത്തിക്കുന്നു.

കഥയിൽ വളരെ പ്രാധാന്യമുള്ള കഥാപാത്രത്തെയാണ് ഞാൻ അവതരിപ്പിക്കുന്നത്. ഈ സിനിമ നമ്മളെ എല്ലാവരെയും അദ്ഭുതപ്പെടുത്തും. നിങ്ങൾക്കൊപ്പം ഈ സിനിമ തിയറ്ററിൽ പോയി കാണാൻ ഏറെ ആകാംക്ഷയോടെ ഞാനും കാത്തിരിക്കുന്നുവെന്നായിരുന്നു മഞ്ജുവിന്റെ വാക്കുകൾ.

കുഞ്ഞാലി മരയ്ക്കാരായി മോഹൻലാൽ എത്തുന്ന ചിത്രം ആരാധകർ ഏറെ ആവേശത്തോടെയാണ് കാത്തിരിക്കുന്നത്. മലയാള സിനിമയിൽ ഇന്നേവരെ കണ്ടിട്ടില്ലാത്ത സാങ്കേതികവിദ്യകളുടെ അകമ്പടിയോടെയാണ് ചിത്രം ഒരുക്കുന്നതെന്ന് നേരത്തെ മോഹൻലാൽ തന്നെ വ്യക്തമാക്കിയിരുന്നു. മലയാളത്തിലെ ഏറ്റവും ചിലവേറിയ ചിത്രമെന്ന വിശേഷണത്തോടെയാണ് മരയ്ക്കാർ എത്തുന്നത്.

Advertisement