പോസ്റ്റർ ഒട്ടിക്കുന്നവരുണ്ട്, ഓട്ടോറിക്ഷക്കാരുണ്ട്, വേറെയും കുറെയാൾക്കാരുണ്ട്, നമ്മൾ അവരേയും ഓർക്കണം, നമുക്ക് ഒടിടി വേണ്ട ഞാനുണ്ട് കൂടെയെന്ന് മമ്മൂക്ക പറഞ്ഞു; ആന്റോ ജോസഫ്

98

മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി നായകനായ ഏറ്റവും പുതിയ ചിത്രം ദ പ്രീസ്റ്റ് തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. നവാഗതനായ ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്ത ഈ ചിത്രം ആന്റോ ജോസഫ് ഫിലിം കമ്പനിയും ആർഡി ഇല്യുമിനേഷൻസും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്.

അതേ സമയം ലോക്ഡൗൺ നിയന്ത്രണം മൂലം സെക്കൻഡ് ഷോയുമായി ബന്ധപ്പെട്ട അനിശ്ചിതത്വത്തിൽ ചിത്രത്തിന്റെ റിലീസ് തീയ്യതി പലതവണയാണ് മാറ്റിയത്. ഇപ്പോഴിതാ ചിത്രം ഒടിടി റിലീസിന് ചെയ്യാത്തതിന്റെയും തീയേറ്റർ റിലീസ് തന്നെ തെരഞ്ഞെടുക്കാനുമുള്ള കാരണം നടൻ മമ്മൂട്ടിയാണെന്ന് തുറന്നു പറയുകയാണ് നിർമ്മതാവ് ആന്റോ ജോസഫ്.

Advertisements

ആന്റോ ജോസഫിന്റെ വാക്കുകൾ ഇങ്ങനെ:

നല്ല ഓഫറുകൾ ഒടിടിയിൽ നിന്ന് വന്നിരുന്നു. അത് സ്വീകരിക്കാമെന്ന ഘട്ടത്തിൽ ഞാനെത്തുകയും ചെയ്തിരുന്നു. അപ്പോഴൊക്കെ മമ്മൂക്ക പറഞ്ഞത് സിനിമയെ ആശ്രയിച്ച് നിൽക്കുന്നത് നമ്മളെ പോലുള്ളവർ മാത്രമല്ല, ഈ മേഖലയെ ആശ്രയിച്ച് നിൽക്കുന്ന ഒരുപാട് തൊഴിലാളികൾ വേറെയുമുണ്ട് എന്നാണ്.

തിയേറ്ററിൽ പോസ്റ്റർ ഒട്ടിക്കുന്ന ഒരുപാട് തൊഴിലാളികളുണ്ട്, തിയേറ്ററിലെ ഓപ്പറേറ്റർമാരുണ്ട്, അങ്ങിനെ അനേകം പേരുണ്ട്. ഓട്ടോറിക്ഷക്കാരുവരെയുണ്ട്. ഒരു സെക്കൻഡ് ഷോ കഴിഞ്ഞാൽ പത്ത് ഓട്ടോറിക്ഷ നിർത്തിയിട്ടാൽ അവർക്ക് ഓട്ടം കിട്ടും. ആ സാഹചര്യം നമ്മളായിട്ട് കളയാൻ നിൽക്കരുത്.

അതുകൊണ്ട് എല്ലാവരെയും കൂടെ നിർത്തി തന്നെ നമ്മൾ മുന്നോട്ട് പോകണം. ഒടിടി റിലീസിൽ നമ്മൾ രക്ഷപ്പെടുമായിരിക്കും. എല്ലാവരെയും ഒരുമിച്ച് നിർത്തിപ്പോകാനുള്ള റിസ്‌ക് നമ്മൾ എടുക്കണം. അതിന് ഞാനുണ്ട് കൂടെ എന്ന് മമ്മൂക്ക പറഞ്ഞപ്പോഴാണ് എനിക്ക് വിശ്വാസം വന്നത്.

അതുകൊണ്ടാണ് തിയേറ്ററിൽ ചിത്രം കൊണ്ടുവരാൻ സാധിച്ചതെന്ന് ആന്റോ ജോസഫ് പറഞ്ഞു. വ്യാഴാഴ്ച റിലീസിനെത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. മമ്മൂട്ടിയും മഞ്ജു വാര്യരും ആദ്യമായി ഒരുമിച്ച് അഭിനയിച്ച ചിത്രമാണ് ദ പ്രീസ്റ്റ്.

മമ്മൂട്ടിക്കും മഞ്ജു വാര്യർക്കുമൊപ്പം വലിയ താര നിരയാണ് ചിത്രത്തിൽ അണിനിരന്നത്.നിഖില വിമലും, സാനിയ ഇയ്യപ്പനും, ശ്രീനാഥ് ഭാസിയും പ്രധാന കഥാപാത്രങ്ങളാവുന്ന ചിത്രത്തിൽ കൈതി, രാക്ഷസൻ തുടങ്ങിയ ചിത്രത്തിലൂടെ തിളങ്ങിയ ബേബി മോണിക്ക ഒരു സുപ്രധാന വേഷം കൈകാര്യം ചെയ്യുന്നു.

ജഗദീഷ്, രമേഷ് പിഷാരടി, ശിവദാസ് കണ്ണൂർ, ശിവജി ഗുരുവായൂർ, ദിനേശ് പണിക്കർ, നസീർ സംക്രാന്തി, മധുപാൽ, ടോണി, സിന്ധു വർമ്മ, അമേയ (കരിക്ക് ഫെയിം) തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

Advertisement