മലയാള സിനിമയിലെ ഏറ്റവും മികച്ച നടന്മാരിലൊരാളാണ് ഇന്ന് സുരാജ് വെഞ്ഞാറമൂട്. അടുത്തിടെ ഇറങ്ങിയ എല്ലാ ചിത്രങ്ങളിലും സുരാജിന്റെ കഥാപാത്രങ്ങൾ മികച്ച അഭിപ്രായമാണ് നേടിയത്. കഥാപാത്രങ്ങളുടെ പ്രായമോ സ്വഭാവമോ നോക്കാതെ മികച്ച കഥാപാത്രങ്ങളെയാണ് താരം തെരഞ്ഞെടുക്കുന്നത്.
നായകനായി അഭിനയിച്ചതിൽ അവസാനം ഇറങ്ങിയ ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ 5.25 എന്ന ചിത്രത്തിൽ ഭാസ്‌കര പൊതുവാൾ എന്ന വൃദ്ധ കഥാപാത്രമായാണ് താരം എത്തിയത്. ഇതിനു മുമ്പ് എത്തിയ ഫൈനൽസിൽ രജീഷ വിജയന്റെ അച്ഛനായാണ് സുരാജ് എത്തിയത്.

ഇപ്പോൾ തുടർച്ചയായി പ്രായമായ വേഷങ്ങൾ ചെയ്താലുണ്ടാകുന്ന റിസ്‌കിനെക്കുറിച്ച് മമ്മൂട്ടി തന്നോടു സംസാരിച്ചു എന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് താരം. പ്രായമായവരുടെ വേഷങ്ങൾ ചെയ്തു നടന്നാൽ നെടുമുടിയുടേയും തിലകന്റേയും അവസ്ഥയാകും എന്ന് മമ്മൂട്ടി പറഞ്ഞെന്ന് സുരാജ് പറയുന്നു.
മമ്മൂക്ക പറഞ്ഞു, നീ കെളവനെയും ചെയ്ത് നടന്നോ. നെടുമുടിയുടെയും തിലകന്റെയുമൊക്കെ അവസ്ഥ അറിയാലോ. ചെറിയ പ്രായത്തിൽ തന്നെ വലിയ സംഭവങ്ങൾ ചെയ്തു, ഇല്ല ഇക്കാ, ഞാൻ ഇതോടെ പരിപാടി നിർത്തുകയാ എന്ന് ഞാനും പറഞ്ഞു സുരാജ് പറയുന്നു.
ബാളിവുഡിൽ സജീവമായ രതീഷിന്റെ ആദ്യ മലയാള ചിത്രമാണ് ആൻഡ്രോയിഡ് കുഞ്ഞപ്പൻ വേർഷൻ 5.25. സൈജു കുറുപ്പ്, മാല പാർവതി, മേഘ മാത്യു എന്നിവരാണ് ചിത്രത്തിൽ മറ്റു പ്രധാന വേഷത്തിൽ എത്തിയത്. മൂൺഷോട്ട് എന്റർടൈൻമെന്റിന്റെ ബാനറിൽ സന്തോഷ് ടി കുരുവിളയാണ് ചിത്രം നിർമിച്ചത്.









