Entertainment Movies

തകർത്ത് വാരി ബിഗ് ബ്രദർ: ബ്ലോക്ക്ബസ്റ്റർ ആവാൻ ലാലേട്ടന്റെ ഈ വർഷത്തെ ആദ്യ ചിത്രം

താരരാജാവ് മോഹൻലാലിനെ നായകനാക്കി മാസ്റ്റർ ഡയറക്ടർ സിദ്ദിഖ് രചന നിർവഹിച്ചു സംവിധാനം ചെയ്ത ബിഗ് ബ്രദർ ലോകം മുഴുവൻ പ്രദർശനം ആരംഭിച്ചു. ലാലേട്ടന്റെ 2020ലെ ആദ്യ റിലീസായ ഈ ബിഗ് ബജറ്റ് ചിത്രത്തിന് വ്യാഴം രാവിലെ എട്ടു മണി മുതൽ ആണ് കേരളത്തിൽ ഫാൻസ് ഷോകളോടെ പ്രദർശനം തുടങ്ങിയത്.

നൂറിൽ അധികം ഫാൻസ് ഷോകളാണ് ഈ ചിത്രത്തിന് കേരളത്തിൽ ഉടനീളം ആരാധകർ ഒരുക്കിയിരുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ആദ്യ പകുതി കഴിയുമ്പോൾ ഗംഭീര റിപ്പോർട്ടാണ് ലഭിക്കുന്നത്. ഈ വർഷത്തെ മലയാളത്തിലെ ആദ്യത്തെ വമ്പൻ വിജയം അഞ്ചാം പാതിരാ എടുത്തെങ്കിലും ഈ വർഷത്തെ രണ്ടാം ബ്ലോക്ക്ബസ്റ്റർ എന്ന സ്ഥാനം ബിഗ് ബ്രദർ നേടും എന്നാണ് ഇന്റർവെൽ ആകുമ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

സച്ചിദാനന്ദൻ എന്ന മോഹൻലാൽ കഥാപാത്രത്തിന് ചുറ്റുമാണ് ഈ ചിത്രം വികസിക്കുന്നത്. പതിവ് ശൈലിയിൽ നിന്ന് മാറി ആക്ഷന് പ്രാധാന്യം നൽകി സിദ്ദിഖ് ഒരുക്കിയ ഈ ചിത്രത്തിന്റെ ആദ്യ പകുതിയിൽ സിദ്ദിഖ് ചിത്രങ്ങളിൽ നിന്നും പ്രേക്ഷകർ പ്രതീക്ഷിക്കുന്ന തമാശകളും കുടുംബ മുഹൂർത്തങ്ങളും ഉണ്ടെന്നതും പ്രേക്ഷകരെ പിടിച്ചിരുത്തുന്നു.

ആരാധകരെ ഏറെ ആവേശം കൊള്ളിക്കുന്ന ഒരു ഇന്റർവെൽ പഞ്ചോടെ രണ്ടാം പകുതിയിലേക്കു ഉദ്വേഗ ജനകമായ ഒരു കുതിപ്പാണ് ഈ ചിത്രം നടത്തുന്നത്. മോഹൻലാലിനൊപ്പം അനൂപ് മേനോൻ, അർബാസ് ഖാൻ, സർജാണോ ഖാലിദ്, മിർണ്ണ മേനോൻ, വിഷ്ണു ഉണ്ണികൃഷ്ണൻ, ടിനി ടോം, ഇർഷാദ് തുടങ്ങി ഒരു വലിയ താര നിര തന്നെ അണിനിരക്കുന്ന ഈ ചിത്രം ഒരു കംപ്ലീറ്റ് എന്റെർറ്റൈനെർ ആയാണ് ഒരുക്കിയിരിക്കുന്നത് എന്ന സൂചന ആദ്യ പകുതി തന്നെ നമ്മുക്ക് തരുന്നുണ്ട്. കുറച്ചു ത്രില്ലും സസ്പെൻസും ഒളിപ്പിച്ചു വെച്ച് കൊണ്ടാണ് സിദ്ദിഖ് ഇത്തവണ കഥ പറഞ്ഞിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.