മോഹൻലാലിന്റെ ബിഗ് ബ്രദറിലൂടെ പ്രേക്ഷക പ്രശംസ നേടിയ സർജാനോ ഖാലിദ് വിക്രമിനൊപ്പം തമിഴിലേക്ക്

28

ഫഖ്റുദ്ധീൻ പന്താവൂർ

മോഹൻലാൽ നായകനായി സിദ്ധിഖ് സംവിധാനം ചെയ്ത ബിഗ് ബ്രദർ തിയേറ്ററുകളിൽ നിറഞ്ഞോടുകയാണ്.
സമ്മിശ്ര പ്രതികരണമാണ് പ്രേക്ഷകരിൽനിന്നും ലഭിക്കുന്നത്.ചിത്രത്തിൽ ഏറ്റവും ശ്രദ്ധിക്കപ്പെട്ടത് മോഹൻലാലിന്റെ സഹോദരനായി വേഷമിട്ട സർജാനോ ഖാലിദാണ് ( മനു). സിനിമ കണ്ടിറങ്ങിയ മുഴുവൻ പ്രേക്ഷകരും നിരൂപകരും ഒരുപോലെ വാഴ്ത്തിയത് ഈ യുവാവിനെക്കുറിച്ചാണ്. ഇപ്പോഴിതാ വിക്രം നായകനാവുന്ന തമിഴ് ചിത്രത്തില്‍ സർജാനോയും പ്രധാന വേഷമിടുന്നു.

Advertisements

ഇമൈക്ക നൊടികള്‍, ഡിമോന്റെ കോളനി എന്നീ വിജയ ചിത്രങ്ങളൊരുക്കിയ അജയ് ജ്ഞാനമുത്തുവാണ് സംവിധാനം.വിക്രത്തിന്റെ 58ാം ചിത്രം കൂടിയാണിത്

നോണ്‍സെന്‍സിലെ ചെറിയ വേഷത്തിലൂടെയാണ് സർജാനോ മലയാള സിനിമയിലേക്ക് കടന്ന് വന്നത്.പക്ഷെ അന്നത് ആരും ശ്രദ്ധിച്ചില്ല. മികച്ച സിനിമയായിരുന്നു നോൺസെൻസ് എന്നിട്ടും തിയേറ്ററിൽ കാര്യമായ ചലനമുണ്ടാക്കിയില്ലെന്ന് മാത്രം.രജീഷ വിജയൻ മുഖ്യ കഥാപാത്രമായ ജൂണിലാണ് സർജാനോ രണ്ടാമത് അഭിനയിക്കുന്നത്. മികച്ച പ്രകടനമാണ് ഈ സിനിമയിൽ സർജാനോ കാഴ്ചവച്ചത്. ജൂണിൽ രജീഷയുടെ കാമുകവേഷമായിരുന്നു സര്‍ജാനോ ഖാലിദിന്. പിന്നീട് പുറത്തിറങ്ങിയ ബിജുമേനോൻ നായകനായ ആദ്യരാത്രിയിൽ കാര്യമായി തിളങ്ങാനായില്ല. ഇപ്പോള്‍ മോഹന്‍ലാലിനൊപ്പം ബിഗ് ബ്രദറില്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ചത് നാദാപുരം സ്വദേശിയായ സർജാനോയാണ്.

സിനിമയെ ഗൗരവമായി സമീപിക്കുന്ന സര്‍ജാനോയുടെ സൂപ്പര്‍ ഹിറ്റ് ഒരു ചെറുചിത്രമാണ്. 96-ലെ ജാനുവിന്റെ കുട്ടിക്കാലം അവതരിപ്പിച്ച ഗൗരി കിഷന്റെ നായകനായി അഭിനയിച്ച ഹായ് ഹലോ കാതല്‍. ഗാനരചയിതാവ് വിനായക് ശശികുമാര്‍ സംവിധാനം ചെയ്ത ഈ ഹ്രസ്വചിത്രം 25 ലക്ഷത്തോളം പേര്‍ കണ്ടു കഴിഞ്ഞു.

ഈ ചിത്രത്തിലെ സര്‍ജാനോയുടെയും ഗൗരിയുടേയും അഭിനയം ഏറെ പ്രശംസ പിടിച്ചു പറ്റുകയും ചെയ്തിരുന്നു.
ജയലളിതയുടെ ജീവിതം പ്രമേയമാക്കി ഗൗതം മേനോന്‍ ഒരുക്കുന്ന വെബ് സീരിസിലും സർജാനോ അഭിനിയിച്ചിരുന്നു. മലയാള സിനിമയിൽ സുന്ദരനായ ഒരു യുവനായകൻ കൂടി പിറവിയെടുത്തിരിക്കുന്നുവെന്ന് സാരം.പ്രതിഭയുള്ള കലാകാരനാണ് സർജാനോ.

വിക്രത്തിനൊപ്പം പ്രധാനവേഷം ലഭിച്ച സന്തോഷത്തിലാണ് ഈ നടൻ.തമിഴ്, തെലുഗ്, ഹിന്ദി പതിപ്പുകളിലായാണ് ചിത്രം പുറത്തിറങ്ങുന്നത്. 2020 ഏപ്രിലില്‍ ആണ് റിലീസ്. ഏ.ആര്‍ റഹ്മാനാണ് സംഗീത സംവിധാനം. സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോയും വയകോം 18 മോഷന്‍ പിക്ചേഴ്സും സംയുക്തമായാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ഈ ചിത്രത്തിൽ പ്രധാന വില്ലൻ കഥാപാത്രമായി ഷെയിൻനിഗവും അഭിനയിക്കുമെന്ന് വാർത്തകളുണ്ടായിരുന്നു.
വരുംനാളിൽ മലയാളസിനിമ ഈ യുവാവിനെ കൂടുതൽ ഉപയോഗപ്പെടുത്തുകതന്നെ ചെയ്യും. ടൊവിനൊ നായകനായ ഒരു കുപ്രസിദ്ധ പയ്യന്റെ തരിക്കഥാകൃത്തായ എഴുത്തുകാരനായ ജീവൻ ജോബ് തോമസിന്റെ തിരക്കഥയിലൊരുങ്ങുന്ന അടുത്ത ചിത്രത്തിലെ നായകനും സർജാനോ തന്നെ.

എറണാകുളത്താണ് കഴിഞ്ഞ 15 വർഷമായി സർജാനോയും കുടുംബവും താമസിക്കുന്നത്. നിരവധി ഷൂട്ടിംഗുകൾ കണ്ടിട്ടാണ് സിനിമയോട് ഈ യുവാവിന് പാഷൻ തോന്നിയത്. “സിനിമ എന്താണെന്ന് പഠിക്കാനാണ് ഞാന്‍ നോണ്‍സെന്‍സില്‍ അഭിനയിക്കാനെത്തുന്നത്. എന്റെ ഒരു സുഹൃത്തിന്റെ അച്ഛനാണ് അത് നിര്‍മ്മിച്ചിരിക്കുന്നത്. ചെറിയ രണ്ട് സീനേ എനിക്കുള്ളൂ.

പക്ഷേ, അതില്‍ നിന്നുള്ള അനുഭവം സിനിമയെ സീരിയസ് ആയി സമീപിക്കണമെന്ന് പഠിപ്പിച്ചു. യഥാര്‍ത്ഥത്തില്‍ പത്താം ക്ലാസ് കഴിഞ്ഞ് ഒരു വര്‍ഷം ഞാന്‍ എന്നിലെ സിനിമ കമ്പത്തെ ടെസ്റ്റ് ചെയ്യുന്നതിനായിട്ടാണ് വിനിയോഗിച്ചത്. പ്ലസ് ടുവിന് മുമ്പ് എനിക്ക് ഒരു വര്‍ഷം ബ്രേക്ക് വന്നിരുന്നു. ആ സമയത്ത് ഫോട്ടോഗ്രാഫിയും സിനിമാട്ടോഗ്രാഫിയും ഫിലിം ഫെസ്റ്റിവലുമൊക്കെയായി ഞാന്‍ നടന്നിരുന്നു. ആ വര്‍ഷത്തെ അനുഭവങ്ങളാണ് എന്റെ മേഖല സിനിമ തന്നെയാണെന്ന് എന്നെ തിരിച്ചറിയാന്‍ സഹായിച്ചത്.
എങ്കിലും സിനിമയോടുള്ള താല്‍പര്യം വീട്ടില്‍ കാര്യമായി പറഞ്ഞിരുന്നില്ല. ഓഡിഷന് പോയി സെലക്ഷന്‍ കിട്ടിയശേഷമാണ് ഞാന്‍ വീട്ടില്‍ പറഞ്ഞത്. കിട്ടിയാല്‍ പറയാം എന്ന ആറ്റിറ്റിയൂടായിരുന്നു. എന്റെ വഴി സിനിമയാണെന്ന് വീട്ടില്‍ പറഞ്ഞപ്പോള്‍ നല്ല സപ്പോര്‍ട്ടാണ് കിട്ടിയത്. പ്രതീക്ഷിക്കാത്തത്ര വലിയ രീതിയില്‍ പിന്തുണ ബന്ധുക്കളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും എനിക്ക് ലഭിക്കുന്നുണ്ട് ”
സർജാനോ പറയുന്നു.

( ഫഖ്റുദ്ധീൻ പന്താവൂർ 9946025819)

Advertisement