ഈ അവഗണന മടുത്തു, ഇനി മലയാള സിനിമയിൽ പാടില്ല: ഞെട്ടിക്കുന്ന തീരുമാനവുമായി വിജയ് യേശുദാസ്, നിരാശരായി ആരാധകർ

391

മലയാളത്തിന്റെ ഗാനഗന്ധർവ്വൻ യേശുദാസിന്റെ മകനും പ്രിയപ്പെട്ട ഗായകനുമാാണ് വിജയ് യേശുദാസ്. മലയാളത്തിൽ മാത്രമല്ല ഇന്ത്യയിലെ തന്നെ ഒട്ടുമിക്ക ഭാഷകളിലും വിജയ് യേശുദാസ് പാടിയിട്ടുണ്ട്. ഇപ്പോൾ ഏവരെയും ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് ഗായകൻ.

ഇനി മലയാളം സിനിമകളിൽ താൻ ഗാനം ആലപിക്കില്ലെന്നാണ് വിജയ് യേശുദാസ് പറഞ്ഞിരിക്കുന്നത്. മലയാളത്തിൽ സംഗീത സംവിധായകർക്കും പിന്നണി ഗായകർക്കും അർഹിക്കുന്ന വില കിട്ടുന്നില്ല. തമിഴിലും തെലുങ്കിലും അങ്ങനെയല്ല.

Advertisement

അവഗണന മടുത്തിട്ടാണ് മലയാള സിനിമയിൽ ഇനി പാടില്ലെന്ന് തീരുമാനം എടുത്തതെന്ന് വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ വിജയ് യേശുദാസ് പറയുന്നു. തന്റെ പിതാവ് യേശുദാസും സംഗീത ലോകത്ത് ദുരനുഭവങ്ങൾ നേരിട്ടിട്ടുണ്ടെന്നും വിജയ് യേശുദാസ് പറയുന്നു. മലയാള പിന്നണി ഗാനരംഗത്ത് എത്തി 20 വർഷം തികയുമ്പോഴാണ് വിജയ് യേശുദാസിന്റെ പുതിയ പ്രഖ്യാപനം.

പൂമുത്തോളെ എന്ന ഗാനത്തിലൂടെ കഴിഞ്ഞ വർഷത്തെ മികച്ച ഗായകനുള്ള സംസ്ഥാന അവാർഡ് വിജയ് യേശുദാസ് നേടിയിരുന്നു. ഇതുവരെ മൂന്ന് സംസ്ഥാന അവാർഡുകളാണ് വിജയ് യേശുദാസ് നേടിയത്. അഭിനയ രംഗത്തും താരം തന്റെ സാന്നിധ്യം അറിയിച്ചിരുന്നു.

ധനുഷ് നായകനായി എത്തിയ മാരി എന്ന ചിത്രത്തിൽ വില്ലൻ വേഷത്തിൽ എത്തിയത് വിജയ് യേശുദാസ് ആയിരുന്നു. അടുത്തിടെ പുതിയ സംരംഭത്തിന് വിജയ് യേശുദാസ് തുടക്കം കുറിച്ചിരുന്നു. ലോകോത്തര സലൂൺ ബ്രാൻഡിന്റെ കേരളത്തിലെ ആദ്യ ബ്രാഞ്ചിന്റെ ബ്രാൻഡ് അംബാസഡറും ചുമതലക്കാരനും ഒക്കെയായാണ് സുഹൃത്തുക്കൾക്കൊപ്പം വിജയ് എത്തുന്നത്.

പുരുഷൻമാർക്കായുള്ള ബ്യൂട്ടി സലൂൺ രംഗത്തേയ്ക്കാണ് വിജയ് യേശുദാസ് ചുവടുവയ്ക്കുന്നത്. അടുത്ത സുഹൃത്തുക്കളായ വിജയ്, അനസ്, നസിർ തുടങ്ങിയവർക്ക് ഒപ്പമാണ് വിജയ് യേശുദാസ് പുതിയ സംരഭം തുടങ്ങുന്നത്. ദക്ഷിണേന്ത്യയിൽ പല ബ്രാഞ്ചുകൾ തുടങ്ങാനുമാണ് തീരുമാനം.

പുരുഷ സൗന്ദര്യ സങ്കൽപ്പങ്ങൾക്ക് വേണ്ടതെല്ലാം ഒരു കുടക്കീഴിൽ എന്നതാണ് വിജയ് യേശുദാസ് ലക്ഷ്യമിടുന്നത്. ഹെയർ സ്റ്റൈൽ,വരന്റെ എല്ലാവിധ മേയ്ക്കപ്പ്, മസാജ്, ഫേഷ്യൽ തുടങ്ങിയ സേവനകളും കൊച്ചിയിൽ തുടങ്ങുന്ന ഷോപ്പിൽ ലഭ്യമാകും. ഇപ്പോൾ കൊച്ചിയിൽ പനമ്പള്ളി നഗറിൽ ആദ്യ ശാഖയുടെ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.

പ്രളയത്തിന്റെ പരിണിത ഫലങ്ങൾക്കൊടുവിൽ കോവിഡും കൂടിയായപ്പോൾ താൻ ഉൾപ്പെടെയുള്ള ഗായകർക്ക് ലഭിക്കേണ്ടിയിരുന്ന അവസരങ്ങൾ നഷ്ടപ്പെട്ടു. ചെന്നൈയിൽ താമസിക്കുമ്പോൾ നാട്ടിൽ എന്തെങ്കിലും ചെയ്യണമെന്നും മുന്നോട്ടുള്ള വഴി കണ്ടെത്തണമെന്നുമുള്ള ചിന്തയിലാണ് പുതിയ സംരംഭം ആരംഭിച്ചതെന്ന് വിജയ് പറഞ്ഞിരുന്നു.

Advertisement