ഉണ്ണി മുകുന്ദനും മല്ലികാ സുകുമാരനും ബിജെപിക്ക് വേണ്ടി മൽസരിക്കാനിറങ്ങുന്നു: കേരളത്തിൽ ഭരണം പിടിക്കാൻ രണ്ടും കൽപ്പിച്ച് ബിജെപി

167

കേരളത്തിൽ ഉടൻ നടക്കുന്ന നിയസഭാ തിരഞ്ഞെടുപ്പിൽ മലയാളത്തിന്റെ യുവവതാരം ഉണ്ണി മുകുന്ദനും നടി മല്ലിക സുകുമാരനും ബിജെപിക്ക് വേണ്ടി മൽസരിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ. ഇരുവരും ഉടനെ തന്നെ ബിജെപിയിൽ അംഗത്വം സ്വീകരിക്കുമെന്നാണ് അറിയുന്നത്.

അതേ സമയം ഇരുവരും ബിജെപിക്ക് വേണ്ടി മത്സരിച്ചാൽ വിജയം ഉറപ്പാണെന്നാണ് വിലയിരുത്തൽ. ഇവർ ബിജെപിയിൽ എത്തുന്നതിന് പിന്നാലെ മറ്റ് പല താരങ്ങളും പാർട്ടിയിൽ എത്തിയേക്കുമെന്നും വാർത്തകളുണ്ട്. യുവതാരം ഉണ്ണി മുകുന്ദനുമായി ബിജെപി നേതാവ് കെ സുരേന്ദ്രൻ കൂടിക്കാഴ്ച നടത്തിയിരുന്നു.

Advertisements

വരുന്ന തിരഞ്ഞെടുപ്പിൽ മത്സരിക്കണമെന്നും അദ്ദേഹം ഉണ്ണിമുകുന്ദനോട് ആവശ്യപ്പെട്ടു. എന്നാൽ കരാറിലേർപ്പെട്ട ചിത്രങ്ങൾ ഉണ്ടെന്നും ഭാവിയിൽ പാർട്ടി ആവശ്യപ്പെട്ടാൽ മത്സരരംഗത്തുണ്ടാകുമെന്നും അദ്ദേഹം സുരേന്ദ്രനോട് പറഞ്ഞു എന്നും വിവരമുണ്ട്. നടി മല്ലികാ സുകുമാരനുമായുളള ചർച്ച അവസാനഘട്ടത്തിലാണെന്നാണ് ബിജെപി കേന്ദ്രങ്ങൾ നൽകുന്ന വിവരം.

പാർലമെന്ററി രാഷ്ട്രീയത്തിലേക്ക് ഇറങ്ങില്ലെന്നും തിരഞ്ഞെടുപ്പിൽ ബിജെപിക്ക് വേണ്ടി പ്രചാരണത്തിന് ഇറങ്ങാമെന്നുമാണ് ആദ്യഘട്ട ചർച്ചയിൽ മല്ലിക സുകുമാരൻ പറഞ്ഞത്. ചർച്ചയിൽ കൂടുതൽ വ്യക്തത വരേണ്ടതുണ്ടെന്നും അതിനുശേഷം തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നുമാണ് പാർട്ടി വൃത്തങ്ങൾ പറയുന്നത്. മെട്രോമാൻ ഇ ശ്രീധരന് പിന്നാലെ സാമൂഹ്യസാംസ്‌ക്കാരിക രംഗത്ത് നിന്നും കൂടുതൽ പേർ ബിജെപിയിൽ എത്തുമെന്ന് സൂചന.

പയ്യോളി എക്സ്പ്രസ് എന്നറിയപ്പെടുന്ന കായിക മേഖലയിലെ ഇന്ത്യയുടെ ഇതിഹാസ താരം പിടി ഉഷയെ ആണ് ബിജെപി അടുത്തതായി ലക്ഷ്യമിടുന്നതെന്നാണ് വിവരം. കേന്ദ്രനേതൃത്വത്തിന്റെ ആശിർവാദത്തോടെ പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രനാണ് ഇതിനുവേണ്ടി ചുക്കാൻ പിടിക്കുന്നത്.
കെ സുരേന്ദ്രന്റെ വിജയയാത്രയിൽ വച്ചായിരിക്കും പിടി ഉഷയും ബിജെപിയിൽ ചേരുകയെന്നാണ് വിവരം.

കർഷക സമര വിവാദത്തിൽ കേന്ദ്ര സർക്കാരിനെ പിന്തുണച്ചുകൊണ്ടുളള ട്വിറ്റർ ക്യാമ്പയിനിൽ പിടി ഉഷയും ഉണ്ടായിരുന്നു. അന്നു തന്നെ ഉഷയുടെ ബിജെപി അനുഭാവത്തെ കുറിച്ചുളള ചർച്ചകളും തുടങ്ങിയിരുന്നു. അതേ സമയം രമേഷ് പിഷാരടി, ധർമ്മജൻ ബോൾഗാട്ടി, ഇടവേള ബാബു അടക്കമുളള ചലച്ചിത്ര താരങ്ങൾ കഴിഞ്ഞദിവസങ്ങളിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരളയാത്രയിൽ അണിചേർന്നിരുന്നു.

തൊട്ടുപിന്നാലെയാണ് സാംസ്‌ക്കാരിക രംഗം കേന്ദ്രീകരിച്ച് ബിജെപിയും നീക്കം സജീവമാക്കിയത്. കൂടുതൽ പുതിയ ആളുകളെ പാർട്ടിയിലേക്ക് കൊണ്ടുവരണമെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയും നൽകിയിരിക്കുന്ന നിർദ്ദേശം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് സമയത്താണ് ശ്രീശാന്ത്, ഭീമൻരഘു, രാജസേനൻ തുടങ്ങിയവർ ബിജെപിയിൽ അംഗത്വമെടുത്ത് സ്ഥാനാർത്ഥികളായത്.

Advertisement