മോഹൻലാൽ ദുബായിൽ സ്വന്തമാക്കിയ പുതിയ ഫ്ളാറ്റിന്റെ വില രണ്ടേമുക്കാൽ കോടിയോളം രൂപ, ബാൽക്കണിയിൽ നിന്നാൽ തൊട്ടടുത്തായി ബുർജ് ഖലീഫ

105

കഴിഞ്ഞ ദിവസമായിരുന്നു ദുബായിയിൽ പുതിയ വീട് മലയാളത്തിന്റെ താരരാജാവ് മോഹൻലാൽ സ്വന്തമാക്കിയെന്ന വാർത്ത പുറത്ത് വന്നിരുന്നത്. പുതിയ വീട്ടിലെ ദീപാവലി ആഘോഷങ്ങളുടെ ചിത്രവും താരത്തിന്റെ പാചകവും എല്ലാം സോഷ്യൽമീഡിയയിൽ വൈറലായിരുന്നു. താരത്തിന്റെ പുതിയ അപ്പാർട്ട്‌മെന്റിന്റെ വിവിരങ്ങളാണ് ഇപ്പോൾ സാമൂഹ്യമാധ്യമങ്ങൾ ചർച്ചചെയ്യുന്നത്.

ദുബായ് ആർപി ഹൈറ്റ്സിലാണ് ലാലേട്ടന്റെ പുതിയ അപാർട്‌മെന്റ്. 50 നിലകളിലായി 300 മീറ്ററാണ് കെട്ടിടത്തിന്റെ ഉയരം. ലോകത്തെ ഏറ്റവും വലിയ ഷോപ്പിങ് കോംപ്ലക്സായ ദുബായ് മാളിന്റെ തൊട്ടടുത്താണ് ഈ അപാർട്‌മെന്റ് കോംപ്ലക്‌സ്. ദുബായിലെ തന്നെ ഏറ്റവും ആകർഷകമായ ലൊക്കേഷനിലാണ് ആർപി ഹൈറ്റ്‌സ് സ്ഥിതി ചെയ്യുന്നത്.

1.3 മില്യൻ ദിർഹം മുതലാണ് വില ആരംഭിക്കുന്നത്. എന്നുവച്ചാൽ ഏകദേശം കുറഞ്ഞത് ഇന്ത്യൻമണി 2.6 കോടി രൂപ വിലവരും. പ്രമുഖ മലയാളി വ്യവസായി രവി പിള്ളയുടെ ഉടമസ്ഥതയിലുള്ള നിർമ്മാണകമ്പനിയാണ് ആർപി ഹൈറ്റ്‌സ്.

ഫളാറ്റിന്റെ ബാൽക്കണിയിൽ നിന്നാൽ തൊട്ടടുത്തായി ബുർജ് ഖലീഫ കാണാം എന്നതാണ് മറ്റൊരു പ്രത്യേകത. പുതിയ വീട്ടിലെ ആദ്യ അതിഥിയായി മോഹൻലാലിന്റെ ആദ്യ സിനിമയായ തിരനോട്ടത്തിന്റെ സംവിധായകനും ബാല്യകാല സുഹൃത്തുമായ അശോക് കുമാറും കുടുംബവുമായിരുന്നു. അശോകിന്റെ ഭാര്യ ബീന ലാലേട്ടന്റെ വീട്ടിൽ എത്തിയ ചിത്രങ്ങൾ സമൂഹമാധ്യമത്തിൽ പങ്കുവച്ചു.

ഈ ചിത്രങ്ങളിലൂടെയാണ് അപ്പാർട്ട്‌മെന്റിന്റെ കൂടുതൽ വിശേഷങ്ങൾ ആരാധകർ അറിഞ്ഞു തുടങ്ങിയത്. മനോഹരമായ വോൾപേപ്പറുകളും വുഡൻ ഫ്‌ളോറിങ്ങും വിശാലമായ ബാൽക്കണിയുമെല്ലാം ചിത്രത്തിൽ കാണാമായിരുന്നു. അതേസമയം 2011 ൽ താരം ബുർജ് ഖലീഫയിൽ ഫ്‌ലാറ്റ് വാങ്ങിയതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

ചെന്നൈയിൽ കടൽത്തീരത്തോട് ചേർന്ന വീട്ടിലാണ് മോഹൻലാൽ ലോക്ഡൗൺ കാലം ചെലവഴിച്ചത്. എറണാകുളത്തും താരത്തിന് വീടുണ്ട്. എളമക്കരയിലെ വീട്ടിൽ കൃഷി ചെയ്യാനും താരം സമയം വിനിയോഗിച്ചു. ഈ ചിത്രങ്ങൾ എല്ലാം തന്നെ ലാലേട്ടൻ സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു.