പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഹൃദയം കാത്തിരിപ്പിനൊടുവിൽ തീയ്യറ്ററുകളിൽ റിലീസ് ചെയ്തിരിക്കുകയാണ്. റിലീസ് ചെയ്ത തിയറ്ററുകളിൽ എല്ലാം ഹൗസ് ഫുള്ളായാണ് ഹൃദയം പ്രദർശനം തുടരുന്നത്. പ്രണവ് മോഹൻലാലിന് ഒപ്പം കല്യാണി പ്രിയദർശനും ദർശന രാജേന്ദ്രനും കേന്ദ്ര കഥാപാത്രങ്ങളായ ചിത്രത്തെ പറ്റി പോസിറ്റീവായ റിവ്യൂകളാണ് പുറത്ത് വരുന്നത്.
സോഷ്യൽ മീഡിയയിൽ സിനിമയെ പുകഴ്ത്തിയുള്ള കമന്റുകളും കുറിപ്പും കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ഹൃദയം കവരും ഈ ഹൃദയം, എന്നാണ് ഒരു കമന്റ്. മേക്കിംഗും പാട്ടുകളുമൊക്കെ വേറെ ലെവലാണെന്ന് ഒരാൾ പറഞ്ഞപ്പോൾ, ഒരു വെള്ളിയാഴ്ച മതി ജീവിതം മാറിമറിയാൻ, ഇന്ന് പ്രണവിന്റെ ദിവസമാണ് എന്നാണ് മറ്റൊരു കമന്റ്. ഇപ്പോഴിതാ സിനിമയെ പറ്റിയുള്ള നല്ല പ്രതികരണങ്ങൾക്ക് നന്ദി അറിയിച്ചിരിക്കുകയാണ് വിനീത് ശ്രീനിവാസൻ.

നിങ്ങളുടെ പ്രതികരണങ്ങൾക്ക് നന്ദി. എനിക്കറിയാത്ത് ആളുകളുടെ പോലും പ്രാർത്ഥന ഒപ്പമുണ്ടായിരുന്നു. എല്ലാവർക്കും നന്ദി എന്ന് വിനീത് ഫേസ്ബുക്കിൽ കുറിച്ചു.കൊവിഡ് വർധിക്കുന്ന സാഹചര്യത്തിൽ നിരവധി മലയാള ചിത്രങ്ങൾ മാറ്റിവെച്ചപ്പോഴും സിനിമ റിലീസ് ചെയ്യാനുള്ള തീരുമാനവുമായി അണിറപ്രവർത്തകർ മുന്നോട്ട് പോവുകയായിരുന്നു.
ഹൃദയത്തിന്റെ റിലീസ് മാറ്റിവെക്കുമെന്ന അഭ്യൂഹങ്ങൾ പുറത്ത് വന്നെങ്കിലും 21 ന് തന്നെ റിലീസ് ചെയ്യുമെന്നറിയിച്ച് വിനീത് ശ്രീനിവാസൻ തന്നെ രംഗത്ത് വന്നിരുന്നു. വിനീത് ശ്രീനിവാസൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതിയിരിക്കുന്നത്. അജു വർഗീസ്,അരുൺ കുര്യൻ, വിജയരാഘവൻ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.
അതേ സമയം ഹൃദയം എന്ന ഈ ചിത്രം ഇത് കാണുന്ന ഓരോ പ്രേക്ഷകൻറെയും ഹൃദയം കീഴടക്കും എന്നുറപ്പാണ്. പ്രേക്ഷകന് എന്നും തന്റെ മനസ്സിൽ സൂക്ഷിക്കാൻ ഉള്ള നിമിഷങ്ങൾ നൽകുന്ന ഈ ചിത്രം പ്രണയവും തമാശയും ആകാംഷ നിറക്കുന്ന മുഹൂർത്തങ്ങളും മനസ്സിൽ തൊടുന്ന വൈകാരിക നിമിഷങ്ങൾ കൊണ്ടും സമ്പന്നമാണ്.

നിറഞ്ഞ മനസ്സോടെ കണ്ടിറങ്ങാവുന്ന, വീണ്ടും വീണ്ടും കാണാൻ തോന്നുന്ന, ഹൃദയത്തിൽ ഒരുപാട് നിമിഷങ്ങൾ അവശേഷിപ്പിക്കുന്ന ഒരു മനോഹര ചലച്ചിത്ര കാവ്യമാണ് വിനീത് ശ്രീനിവാസൻ പ്രണവ് മോഹൻലാൽ ടീമിന്റെ ഹൃദയം.
അരുൺ നീലകണ്ഠൻ എന്ന കഥാപാത്രമായി പ്രണവ് മോഹൻലാൽ നടത്തിയത് ഈ നടന്റെ കരിയർ ബെസ്റ്റ് പെർഫോമൻസാണ്. തന്റെ റേഞ്ച് എന്താണെന്നും തന്റെ പ്രതിഭ ഏതു തലത്തിൽ ആണ് നിൽക്കുന്നത് എന്നും പ്രണവ് നമ്മുക്ക് കാണിച്ചു തരുന്നു.
വെറും മൂന്നു ചിത്രത്തിന്റെ അഭിനയ പരിചയവുമായി എത്തിയ ഈ നടൻ, ഈ ചിത്രത്തിൽ ഒരു കഥാപാത്രത്തിന്റെ വ്യത്യസ്തമായ വൈകാരിക തലങ്ങളിലൂടെ നടത്തിയ യാത്ര അതിമനോഹരമായിരുന്നു. മികച്ച സംവിധായകരുടെ കൈകളിലൂടെ കയറിപോയാൽ ഈ നടൻ നാളെ മലയാള സിനിമയ്ക്കു അഭിമാനമായി മാറുമെന്നുറപ്പ്.

ഈ ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ് ഇതിലെ ഗാനങ്ങൾ ആണ്. പതിനഞ്ചു പാട്ടുകൾ ഒരു സിനിമയിൽ വരിക എന്നത് അപൂർവവും അസ്വാഭാവികവുമാണ്. ഒരു തരത്തിൽ പറഞ്ഞാൽ പാട്ടുകൾ ഒന്നിന് പുറകെ ഒന്നായി കയറി വന്നാൽ അത് സിനിമയുടെ ഒഴുക്കിനെ മുതൽ പ്രേക്ഷകരുടെ ആസ്വാദനത്തിന്റെ താളത്തെ വരെ ബാധിക്കാം. എന്നാൽ ഹിഷാം അബ്ദുൽ വഹാബ് ഒരുക്കിയ പതിനഞ്ചു ഗംഭീരമായ ഗാനങ്ങൾ ഈ ചത്രത്തിന്റെ ആത്മാവായി മാറിയിട്ടുണ്ട്. ഹിഷാം അബ്ദുൽ വഹാബിന്റെ മ്യൂസിക്കൽ മാജിക് കൂടിയാണ് ഈ ചിത്രം.
മെറിലാൻഡ് സിനിമാസിന്റെ ബാനറിൽ വിശാഖ് സുബ്രഹ്‌മണ്യമാണ് ചിത്രം നിർമിച്ചത്. മെറിലാന്റ് സിനിമാസിന്റെ 70ാം വർഷത്തിലൊരുങ്ങിയ എഴുപതാമത്തെ ചിത്രമാണിത്. 40 വർഷത്തിന് ശേഷം മെറിലാന്റ് സിനിമാസിന്റെ ബാനറിൽ ഒരുങ്ങിയ ചിത്രം കൂടിയാണ് ഹൃദയം. ഛായാഗ്രഹണം വിശ്വജിത്ത് ഒടുക്കത്തിൽ. എഡിറ്റിംഗ് രഞ്ജൻ എബ്രഹാം. വസ്ത്രാലങ്കാരം ദിവ്യ ജോർജ്. ചമയം ഹസൻ വണ്ടൂർ.

ചീഫ് അസോസിയേറ്റ് ഡയറക്റ്റർ അനിൽ എബ്രഹാം. അസോസിയേറ്റ് ഡയറക്റ്റർ ആന്റണി തോമസ് മാങ്കാലി. സംഘട്ടനം മാഫിയ ശശി. കൈതപ്രം, അരുൺ ആലാട്ട്, ബുല്ലേ ഷാ, വിനീത് എന്നിവരുടേതാണ് വരികൾ. പിആർഒ ആതിര ദിൽജിത്ത്.









