മലയാളികളുടെ പ്രിയപ്പെട്ട ഗായകനാണ് നജീം അർഷാദ്. റിയാലിറ്റി ഷോയിലൂടെ എത്തിയ താരം ഇപ്പോൾ പിന്നണിഗാന രംഗത്ത് സജീവമാണ്. അടുത്തിടെ നജീം ഒരു റിയാലിറ്റി ഷോയിൽ തന്റെ മാതാപിതാക്കളുടേത് മിശ്രവിവാഹമെന്ന് പറഞ്ഞത് വലിയ വാർത്തയായിരുന്നു. എന്നാൽ താൻ പറഞ്ഞ കാര്യങ്ങൾ ചില മാധ്യമങ്ങൾ വളച്ചൊടിക്കുന്നതിനെതിരെ രംഗത്തുവന്നിരിക്കുകയാണ് നജീം.
താൻ ജാതീയമായി ഒന്നും പറഞ്ഞിട്ടില്ലെന്നും സംഗീതത്തിന് ജാതിയും മതവുമില്ലെന്നും ഉപകാരം ചെയ്തില്ലെങ്കിലും ഉപദ്രവിക്കരുതെന്നും നജീം ഫേസ്ബുക്കിൽ കുറിച്ചു.
നജീമിന്റേ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ
എല്ലാവർക്കും നമസ്‌കാരം. ഈയിടെ ഒരു പ്രമുഖ ചാനലിൽ ഞാൻ ഗസ്റ്റ് ആയി പോയിരുന്നു. എന്നോട് ചോദിച്ചപ്പോ അവിടെ ഞാൻ പറഞ്ഞ ഒരു കാര്യം അത് എല്ലാവർക്കും അറിയാവുന്ന ഒരു കാര്യം കൂടി ആണ്. അതിനെ വളച്ചൊടിച്ചു വർഗീയമായി ചിത്രീകരിക്കുന്നവരോട്. നിങ്ങൾ ഇത് ചെയ്യുന്നത് യൂട്യൂബ് ചാനൽ കണ്ടന്റിനും അത് വഴി പൈസ കിട്ടാനുമാണ്. പക്ഷെ ഉപകാരം ചെയ്താലും ഉപദ്രവം ചെയ്യരുത്.
ഞാൻ ജാതീയമായി ഒന്നും പറഞ്ഞിട്ടില്ല. എന്റെ ഉമ്മയും വാപ്പയും മിശ്രവിവാഹം ആയിരുന്നു. കൺവേർട്ടഡ് ആയി ഇസ്ലാം മതം സ്വീകരിച്ചു. അങ്ങനെ ഒരു ചുറ്റുപാടിൽ തന്നെ ആണ് ഞാൻ വളർന്നിട്ടുള്ളതും. പിന്നെ എന്റെ സംഗീതം അതിനു ജാതിയില്ല മതമില്ല. എല്ലാവർക്കും ഉള്ളതാണ്.
എല്ലാവരും കൂടി ആണ് എന്നെ വളർത്തിയത് അവർക്കു വേണ്ടി ശബ്ദം ഉള്ളത് വരെ ഞാൻ പാടും. ഫേസ് ബുക്ക് അഡ്മിൻസ് ആൻഡ് യൂട്യൂബ് ഒരിക്കൽ കൂടി പറയുന്നു ഉപകാരം ചെയ്താലും ഉപദ്രവം ചെയ്യരുത് ആൾക്കാർ ന്യൂസ് വായിക്കാൻ വേണ്ടി ഇങ്ങനെ ഉള്ള ക്യാപ്ഷൻസ് കൊടുക്കരുത്.
            








