ലോകത്തെ തന്നെ എറ്റവും പ്രായം കുറഞ്ഞ മേയർ: ആര്യാ രാജേന്ദ്രന് ആശംസകളുമായി മോഹൻലാൽ , എന്റെ നഗരത്തെ കൂടുതൽ മനോഹരമാക്കണെമെന്നും ആര്യയോട് ലാലേട്ടൻ

137

തിരുവനന്തപുരത്തിന്റെ നിയുക്ത മേയർ ആര്യാ രാജേന്ദ്രന് അഭിനന്ദനവുമായി മലയാളത്തിന്റെ താരരാജാവ് മോഹൻലാൽ. ഫോണിലൂടെയാണ് മോഹൻലാൽ ആര്യാ രാജേന്ദ്രനെ അഭിനന്ദനമറിയിച്ചത്. തിരുവനന്തപുരം നഗരസഭ മുടവൻമുകൾ വാർഡിലെ വോട്ടറാണ് മോഹൻലാൽ. ഇതേ വാർഡിലെ കൗൺസിലറാണ് ആര്യ രാജേന്ദ്രൻ.

നഗരത്തെ കൂടുതൽ നന്നായും സുന്ദരമായും നയിക്കാൻ ആര്യയ്ക്ക് കഴിയട്ടെയെന്നും തിരുവനന്തപുരത്ത് എത്തുമ്പോൾ നേരിട്ട് കാണാമെന്നും മോഹൻലാൽ ആര്യയോട് പറഞ്ഞു. തിരുവനന്തപുരം നമുക്കൊക്കെ ഒരുപാട് ഇഷ്ടപ്പെട്ട നഗരമാണ്.

Advertisements

പുതിയ തീരുമാനം മികച്ചതാവട്ടെ. നഗരത്തെ നന്നായി നയിക്കാൻ ആര്യയ്ക്ക് സാധിക്കട്ടെയന്നും മോഹൻ ലാൽ പറഞ്ഞു. വെള്ളിയാഴ്ചയാണ് തിരുവനന്തപുരം കോർപ്പറേഷൻ മേയർ സ്ഥാനത്തേക്ക് ആര്യ രാജേന്ദ്രനെ സിപിഎം ജില്ലാ സെക്രട്ടേറിയേറ്റ് നിർദേശിച്ചത്.

ജമീല ശ്രീധരനായിരുന്നു തെരഞ്ഞെടുപ്പ് സമയത്ത് മേയർ സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരുന്നത്. എന്നാൽ അപ്രതീക്ഷിതമായാണ് ആര്യ രാജേന്ദ്രനെ മേയറാക്കാൻ സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് തീരുമാനിക്കുന്നത്. അതേ സമയം നഗരത്തെ മെച്ചപ്പെടുത്താൻ തനിക്ക് കഴിയുന്നതെല്ലാം ചെയ്യുമെന്ന് ആര്യാ രാജേന്ദ്രൻ മോഹൻലാലിന് ഉറപ്പുനൽകി.

തിങ്കളാഴ്ചയാണ് ആര്യാ രാജേന്ദ്രൻ മേയറായി ചുമതലയേൽക്കുക. പ്രതിപക്ഷ വ്യത്യാസമില്ലാതെ വിവിധ ഭാഗങ്ങളിൽ നിന്ന് അഭിനന്ദന പ്രവാഹമാണ് ആര്യയ്ക്ക്. 21 വയസിൽ മേയറാകുന്ന ചരിത്ര നിമിഷത്തിനായി കാത്തിരിക്കുകയാണ് തലസ്ഥാനത്തെ നഗരവാസികൾ.

മേയറായാലും പഠനവുമായി മുന്നോട്ടുപോകുമെന്നും പക്വതയും പ്രവർത്തന പരിചയവുമായാണ് പ്രായത്തേക്കാൾ കൂടുതൽ പ്രാധാന്യം നൽകുന്നതെന്നും ആര്യ പറഞ്ഞു. 21 കാരിയായ ബാലസംഘം സംസ്ഥാന പ്രസിഡണ്ട് ആര്യാ രാജേന്ദ്രനെ തിരുവനന്തപുരം നഗരസഭയുടെ മേയറായി നിർദേശിച്ചുകൊണ്ടുള്ള തീരുമാനത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്.

ആര്യ മേയറാവുന്നതോടെ നിലവിലെ ലോകത്തെ എറ്റവും പ്രായം കുറഞ്ഞ മേയറായിരിക്കും ആര്യാ രാജേന്ദ്രൻ. ഇന്ത്യൻ തെരഞ്ഞെടുപ്പ് ചരിത്രത്തിലെ തന്നെ എറ്റവും പ്രായം കുറഞ്ഞ മേയറും ആര്യ തന്നെ.
തിരുവനന്തപുരം ഓൾ സയൻസ് കോളേജിൽ ഗണിത ശാസ്ത്രത്തിൽ ബിരുദ വിദ്യാർത്ഥിയും എസ്എഫ്ഐ സംസ്ഥാന കമ്മിറ്റി അംഗവുമാണ് ആര്യ രാജേന്ദ്രൻ.

Advertisement