വിജയ് ചിത്രത്തിൽ നിന്നും ഏആർ മുരുഗദോസ്സ് അടിച്ചു പിരിഞ്ഞു: പകരം എത്തുന്നത് ബംബർ ഹിറ്റുകളായ തിരുപ്പാച്ചിയും, ശിവകാശിയും ഒരുക്കിയ പേരരശ്

90

തെന്നിന്ത്യൻ സൂപ്പർതാരമായ ദളപതി വിജയ് നായകനാകുന്ന 65ാമത്തെ ചിത്രത്തിൽ നിന്ന് സംവിധായകൻ എആർ മുരുകദോസ് പിന്മാറുന്നു എന്ന റിപ്പോർട്ടുകൾ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. അനേകം സൂപ്പർഹിറ്റുകൾ ഒരുക്കിയ ഇരുവരും ഒന്നിക്കുന്ന നാലാമത്തെ ചിത്രമായിരുന്നു ഇത്. സിനിമയ്ക്ക് പേരും നിശ്ചയിച്ചിരുന്നില്ല. എന്നാൽ സൺ പിക്ചേഴ്സ് നിർമ്മിക്കുന്ന ചിത്രം ഇതോടെ നിലച്ച മട്ടാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ചിത്രം സംവിധാനം ചെയ്യാനിരുന്ന മുരുഗദോസ്, നിർമ്മാതാക്കളായ സൺ പിക്ചേഴ്സുമായുണ്ടായ അഭിപ്രായവ്യത്യാസങ്ങളെ തുടർന്ന് ചിത്രത്തിൽ നിന്നും പിന്മാറിയെന്നും, പകരം സൺ പിക്‌ചേഴ്‌സ് മറ്റ് സംവിധായകരിൽ നിന്നും വിജയ്ക്ക് അനുയോജ്യമായ കഥകൾ കേൾക്കുന്നു എന്നുമാണ് അണിയറയിൽ നിന്നും ലഭിക്കുന്ന സൂചന.

Advertisements

അതേ സമയം സൺ പിക്‌ചേഴ്‌സ് നിർമ്മിക്കുന്ന വിജയ് 65 സംവിധാനം ചെയ്യാൻ മുരുഗദോസിനൊപ്പം ആദ്യം പറഞ്ഞുകേട്ട പേരുകളായ മകിഴ് തിരുമേനി, പാണ്ഡ്യരാജ്, വെട്രിമാരൻ എന്നിവരെയൊക്കെ സൺ പിക്‌ചേഴ്‌സ് വീണ്ടും സമീപിച്ചെങ്കിലും, അവരെല്ലാം മറ്റ് ചിത്രങ്ങളുടെ കമ്മിറ്റ്മെന്റിൽ തിരക്കിലാണെന്നാണ് അറിയുന്നത്.

അതേ സമയം വിജയിയുടെ കരിയറിലെ നിർണ്ണായക സമയത്ത്, തിരുപ്പാച്ചി, ശിവകാശി എന്നിങ്ങനെ രണ്ട് വലിയ ഹിറ്റുകൾ വിജയിയ്ക്ക് സമ്മാനിച്ച സംവിധായകൻ പേരരശ് ഒരു പുതിയ കഥയുമായ് സൺ പിക്‌ചേഴ്‌സിനെ സമീപിച്ചെന്നും കഥ നിർമ്മാതാക്കൾക്കും വിജയിയ്ക്കും ഇഷ്ടമായെന്നുമുള്ള സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.

അടുത്തവർഷം ജനുവരിയിൽ, പൊങ്കൽ റിലീസായി നിശ്ചയിച്ചിരിക്കുന്ന ‘മാസ്റ്റർ ഇറങ്ങിയതിന് ശേഷം മാത്രം പുതിയ ചിത്രം ആരംഭിച്ചാൽ മതിയെന്ന തീരുമാനത്തിലാണ് വിജയ്. അങ്ങനെയുണ്ടേൽ, വിജയ് 65 ആര് സംവിധാനം ചെയ്യണമെന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ കുറഞ്ഞത് ഒരു മൂന്ന് നാല് മാസത്തെ സാവകാശം നിർമ്മാതാക്കൾക്കുണ്ട്.

അതിനിടയിൽ, വിജയ്ക്ക് അനുയോജ്യമായ നല്ലൊരു കഥയുമായ് വരുന്ന ഏതൊരു സംവിധായകനും കഥ പറയാനൊരു അവസരം നല്കാൻ തന്നെയാണ് സൺ പിക്‌ചേഴ്‌സ് തീരുമാനമെന്ന് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നു. ഈ വിഷയങ്ങളിലെല്ലാം വിജയിയും, അദ്ദേഹത്തിന്റെ ക്യാമ്പും മൗനം തുടരുകയാണ്.

തന്റെ മുൻ ചിത്രം റിലീസ് ആയ ശേഷം മാത്രം പുതിയ ചിത്രത്തെക്കുറിച്ചുള്ള വിവരങ്ങൾ പ്രഖ്യാപിക്കുന്ന പതിവുരീതി തുടരാനാണ് വിജയിയുടെ തീരുമാനമെങ്കിൽ, നിലവിലെ സാഹചര്യത്തിൽ, വിജയ് 65 എന്ന ചിത്രത്തെ ചുറ്റിപ്പറ്റിയുള്ള അഭ്യൂഹങ്ങളും, അനിശ്ചതത്വങ്ങളും അടുത്ത വർഷം പൊങ്കൽ വരെയെങ്കിലും തുടരുമെന്ന് വേണം കരുതാൻ.

Advertisement