മാളികപ്പുറം സിനിമയിലെ ടൈറ്റിൽ കഥാപാത്രമായി എത്തി മനം കവർന്ന ബാലതാരമാണ് ദേവനന്ദ. എറണാകുളം രാജഗിരി പബ്ലിക് സ്‌കൂളിലെ നാലാംക്ലാസ് വിദ്യാർത്ഥിനിയായ ദേവനന്ദ കൈയ്യടക്കത്തോടെയാണ് കഥാപാത്രങ്ങളെയും അവതരിപ്പിക്കാറുള്ളത്. തൊട്ടപ്പൻ എന്ന ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറിയ ദേവനന്ദ മൈ സാന്റാ, മിന്നൽ മുരളി, ഹെവൻ തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. പഠനത്തോടൊപ്പം അഭിനയവും തുടരാനാണ് ദേവനന്ദ ആഗ്രഹിക്കുന്നത്.
അതേസമയം ദേവനന്ദയെ പ്രശസ്തയാക്കിയ ചിത്രം മാളികപ്പുറം തന്നെയാണ്. അഭിലാഷ് പിള്ള തിരക്കഥ എഴുതിയ ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചത് വിഷ്ണു ശശിശങ്കറായിരുന്നു.

ഇതിനിടെ ദേവനന്ദയുടെ പത്താം പിറന്നാൾ ദിനത്തിൽ സർപ്രൈസ് സമ്മാനവുമായി എത്തിയിരിക്കുകയാണ് അഭിലാഷ് പിള്ള. തന്റെ അടുത്ത ചിത്രത്തിൽ പുതിയൊരു കഥാപാത്രമാണ് ദേവനന്ദയ്ക്കു വേണ്ടി അഭിലാഷ് സമ്മാനിക്കുന്നത്.
”ഈ പിറന്നാൾ ദിവസം നിനക്ക് തരാൻ എന്റെ കയ്യിൽ ഒരു സമ്മാനമുണ്ട്. നിനക്ക് ഏറ്റവും ഇഷ്ടമുള്ള ഒരു കഥാപാത്രം അത് ഞാൻ തരുന്നു” എന്നാണ് അഭിലാഷ് പിള്ള സോഷ്യൽമീഡിയയിൽ കുറിച്ചിരിക്കുന്നത്. ”നീ എനിക്ക് ഒരത്ഭുതമാണ്… പറഞ്ഞറിയിക്കാൻ കഴിയാത്ത ഒരു അത്ഭുതം. ഇനിയും ദേവുവിന്റെ അഭിനയം ക്യാമറക്ക് പിന്നിൽ നിന്ന് കാണാനൊരു ആഗ്രഹം.ഈ പിറന്നാൾ ദിവസം നിനക്ക് തരാൻ എന്റെ കയ്യിൽ ഒരു സമ്മാനമുണ്ട്. നിനക്ക് ഏറ്റവും ഇഷ്ടമുള്ള ഒരു കഥാപാത്രം അത് ഞാൻ തരുന്നു.എന്റെ കല്ലുവിന് ഒരായിരം പിറന്നാൾ ആശംസകൾ.”-അഭിലാഷ് പിള്ള കുറിച്ചതിങ്ങനെ.
ഇതിനിടെ, മികച്ച ബാലതാരത്തിന്റെ പേരിലുള്ള അവാർഡിനെ ചൊല്ലി സോഷ്യൽമീഡിയയിൽ വലിയ ചർച്ചകളാണ് നടന്നത്. സനൽ ശശികുമാർ സംവിധാനം ചെയ്ത വഴക്ക് എന്ന ചിത്രത്തിലെ അഭിനയത്തിന് തൻമയ സോളിനാണ് ഇത്തവണത്തെ മികച്ച ബാലതാരത്തിനുള്ള അവാർഡ് ലഭിച്ചത്.

എന്നാൽ മാളികപ്പുറം സിനിമയിലെ ദേവനന്ദയ്ക്കായിരുന്നു അവാർഡ് കിട്ടേണ്ടിയിരുന്നതെന്നും ജൂറി താരത്തെയും ചിത്രത്തെയും തഴഞ്ഞുവെന്നുമാണ് വിമർശനങ്ങൾ ഉയർന്നത്.
ഈ വിഷയത്തിൽ പ്രതികരിച്ച് ദേവനന്ദ, മികച്ച ബാലതാരത്തിനുള്ള സംസ്ഥാന പുരസ്‌കാരം നേടിയ തൻമയ സോളിന് അഭിനന്ദനങ്ങൾ അറിയിച്ചിരുന്നു. ഒത്തിരി പേർ മത്സരിക്കുമ്പോൾ ഒരാൾക്കല്ലേ അവാർഡ് കൊടുക്കാനാവൂ എന്നും അവാർഡ് കിട്ടിയ ആൾക്ക് ഒത്തിരി അഭിനന്ദനങ്ങൾ എന്നും ദേനനന്ദ പറഞ്ഞു.









