നടി ഗൗതമി മലയാളികള്‍ക്ക് ഏറെ സുപരിചിതയാണ്. ഒരുകാലത്ത് തെന്നിന്ത്യന്‍ സിനിമയില്‍ തിളങ്ങിയ ഗൗതമിക്ക് ആരാധകരേറെയായിരുന്നു. ഇപ്പോഴിതാ ഗൗതമി കോടികളുടെ തട്ടിപ്പിനിരയായെന്നുള്ള റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്.
വ്യാജരേഖകള്‍ ഉപയോഗിച്ച് ബില്‍ഡര്‍ അളകപ്പനും ഭാര്യയും ചേര്‍ന്ന് തന്റെ 25കോടി രൂപയുടെ സ്വത്തുക്കള്‍ തട്ടിയെടുത്തതായി ഗൗതമി ചെന്നൈ പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. തന്നെയും മകളെയും തട്ടിപ്പ് നടത്തിയ ആള്‍ ഭീഷണിപ്പെടുത്തുന്നുണ്ടെന്നും താരം പരാതിയില്‍ പറയുന്നു.
Also Read: ആ കാലമായിരുന്നു നല്ലത്, പക്ഷേ അതിലേക്ക് മടങ്ങിപ്പോകാന്‍ ആഗ്രഹിക്കുന്നില്ല, മീര ജാസ്മിന്‍ പറയുന്നു
ഏതാനും ചില സാമ്പത്തിക ആവശ്യങ്ങള്‍ക്ക് വേണ്ടി തന്റെ പേരിലുള്ള 46 ഏക്കര്‍ ഭൂമി വില്‍ക്കാനായി തീരുമാനിച്ചിരുന്നു. അളഗപ്പനും ഭാര്യയും ആ സ്ഥലം വില്‍ക്കാന്‍ സഹായിക്കാമെന്ന് വാഗ്ദാനം നല്‍കിയിരുന്നുവെന്നും ആ വിശ്വാസത്തില് പവര്‍ ഓഫ് അറ്റോണി നല്‍കിയിരുന്നുവെന്നും ഗൗതമി പറയുന്നു.
എന്നാല്‍ അവര്‍ തന്റെ ഒപ്പ് ഉപയോഗിച്ചും വ്യാജരേഖകള്‍ ചമച്ചും തന്റെ 25 കോടിയോളം വിലമതിക്കുന്ന സ്വത്തുക്കള്‍ തട്ടിയെടുത്തു. അളഗപ്പന്റെ രാഷ്ട്രീയ ഗുണ്ടകളില്‍ നിന്നും തനിക്കും മകള്‍ക്കും വധഭീഷണിയുണ്ടെന്നും സുബ്ബലക്ഷ്മിയുടെ പഠനത്തെ ഇത് കാര്യമായി ബാധിക്കുന്നുണ്ടെന്നും ഗൗതമി പറയുന്നു.
ഈ സംഭവത്തില്‍ അന്വേഷണം നടത്തണമെന്നും തന്റെ സ്വത്തുക്കള്‍ വീണ്ടെടുത്ത് തരണമെന്നും പ്രതികള്‍ക്കെതിരെ നടപടിയെടുക്കണമെന്നും ഗൗതമി പരാതിയില്‍ പറയുന്നു. അതേസമയം ഗൗതമിയുടെ പരാതിയില് ചെന്നൈ സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് പോലീസ് അന്വേഷണം ആരംഭിച്ചു.