ലൈംഗീകരോപണം ; നടന്‍ അലന്‍സിയര്‍ ദിവ്യ ഗോപിനാഥിനോട് പരസ്യമായി ക്ഷമചോദിച്ചു

18

കൊച്ചി: തനിക്കെതിരെ മീ ടൂ ആരോപണം നടത്തിയ നടി ദിവ്യ ഗോപിനാഥിനോട് പരസ്യമായി ക്ഷമ ചോദിച്ച് നടന്‍ അലന്‍സിയര്‍. ഇംഗ്ലീഷ്‌ ദിനപത്രമായ ‘ടൈംസ് ഓഫ് ഇന്ത്യ’യുടെ കൊച്ചി ടൈംസിന്‌ നൽകിയ അഭിമുഖത്തിലാണ്‌ അലന്‍സിയര്‍ ദിവ്യയോട് ക്ഷമ ചോദിച്ചത്.

Advertisements

പരസ്യമായി ക്ഷമ ചോദിക്കണമെന്ന ദിവ്യയുടെ ആവശ്യപ്രകാരമാണ് അലന്‍സിയര്‍ ക്ഷമ ചോദിച്ചത്. തന്റെ പ്രവൃത്തികള്‍ ദിവ്യയെ വേദനിപ്പിച്ചെന്ന് തിരിച്ചറിഞ്ഞതോടെ വ്യക്തിപരമായി ദിവ്യയോട് ക്ഷമ ചോദിച്ചിരുന്നു. എന്നാല്‍ പരസ്യമായി ക്ഷമ പറയണമെന്നായിരുന്നു ദിവ്യയുടെ ആവശ്യം- അലൻസിയർ പറഞ്ഞു.

ദിവ്യയോട് മാത്രമല്ല എന്‍റെ പ്രവൃത്തി മൂലം മുറിവേറ്റ എല്ലാ സഹപ്രവര്‍ത്തകരോടും ക്ഷമ ചോദിക്കുന്നതായും അലന്‍സിയര്‍ പറഞ്ഞു. ‘ഞാനൊരു വിശുദ്ധനല്ല. തെറ്റുകള്‍ പറ്റുന്ന സാധാരണക്കാരനായ മനുഷ്യനാണ്. തെറ്റ് അംഗീകരിക്കുകയും ചെയ്‌തുപോയ പ്രവൃത്തിയില്‍ പശ്ചാത്തപിക്കുകയും ചെയ്യാനാണ് കഴിയുക’. അലന്‍സിയര്‍ പറ‍ഞ്ഞു.

ആത്മാർത്ഥതയോടെയാണ്‌ ക്ഷമ ചോദിക്കുന്നതെങ്കിൽ അംഗീകരിക്കുന്നതായി ദിവ്യ ഗോപിനാഥ്‌ പ്രതികരിച്ചു. തെറ്റ്‌ തിരുത്തി മുന്നോട്ട്‌ പോകുന്നത് വലിയ കാര്യമാണ്‌- ദിവ്യ പറഞ്ഞു.

2018 ഒക്ടോബറിലാണ് ഒരു ബ്ലോഗ് പോസ്റ്റിലൂടെ പേര് വെളിപ്പെടുത്താതെ അലന്‍സിയറിനെതിരെ ദിവ്യ ഗുരുതര ലൈംഗിക ആരോപണം നടത്തിയത്. വ്യക്തിപരമായി അലന്‍സിയറിനെ പരിചയപ്പെടുന്നത് വരെ തനിക്ക് അദ്ദേഹത്തോട് വലിയ ബഹുമാനമായിരുന്നു.

ചുറ്റും നടക്കുന്ന കാര്യങ്ങളോടുള്ള അദ്ദേഹത്തിന്‍റെ പുരോഗമന സമീപനം സ്വന്തം വൈകൃതം മറക്കാനാണെന്നും ദിവ്യ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ ദിവ്യ അലന്‍സിയറിനെതിരെ താര സംഘടനയായ ‘എഎംഎംഎ’യ്ക്ക് പരാതി നല്‍കിയിരുന്നു.

Advertisement