നടൻ ആന്റണി വർഗീസ് തന്നെ ചതിച്ചുവെന്നും കാശ് വാങ്ങിയിട്ട് അവസാനം സിനിമയിൽ നിന്നും പിന്മാറിയെന്നും തുറന്നുപറഞ്ഞ് സംവിധായകൻ ജൂഡ് ആന്തണി രംഗത്തെത്തിയിരുന്നു. ഈ സംഭവം മാധ്യമങ്ങളിലെല്ലാം വലിയ വാർത്തകളായിരുന്നു.
ഇതിന് പിന്നാലെ സംഭവത്തിൽ തെളിവ് സഹിതം പ്രതികരിച്ച് കഴിഞ്ഞ ദിവസം ആന്റണി വർഗീസ് രംഗത്തെത്തിയിരുന്നു. താൻ കാശ് വാങ്ങി ചതിച്ചിട്ടില്ലെന്നും കുടുംബത്തെ കുറിച്ച് അനാവശ്യമായി പറഞ്ഞാൽ പ്രതികരിക്കുമെന്നും പെപ്പെ വ്യക്തമാക്കിയിരുന്നു.

പിന്നാലെ താൻ പെപ്പെയ്ക്കെതിരെ നടത്തിയ പരാമർശങ്ങൾ വികാരഭരിതനായി ആവേശത്തിന്റെ പുറത്ത് പറഞ്ഞതാണെന്ന് പറഞ്ഞ് രംഗത്തെത്തിയിരുന്നു ജൂഡ്. എന്നാൽ നടന്ന കാര്യങ്ങൾ മാത്രമാണ് താൻ പറഞ്ഞതെന്നും എല്ലാം കഴിഞ്ഞ കഥകളാണെന്നും ജൂഡ് പറഞ്ഞിരുന്നു.
തനിക്ക് വിഷമം തോന്നിയിട്ട് പെപ്പെയെ വിളിച്ചിരുന്നു. കഴിഞ്ഞ കാര്യങ്ങളെല്ലാം കഴിഞ്ഞുപോയി. തനിക്ക് പെപ്പെയോട് വ്യക്തിപരമായ പകയൊന്നുമില്ലെന്നും താൻ പറഞ്ഞ കാര്യങ്ങൾ ഒരാളെ വേദനിപ്പിക്കാൻ വേണ്ടി പറഞ്ഞതൊന്നുമല്ലെന്നും ജൂഡ് പറഞ്ഞു. റെഡ് എഫ് എമ്മിന്റെ പുതിയ അഭിമുഖത്തിന്റെ പ്രൊമോ വീഡിയോയിലാണ് ജൂഡ് ഇക്കാര്യം പറഞ്ഞത്.

തന്റെ ഒരു ചിത്രത്തിന്റെ ഷൂട്ട് തുടങ്ങുന്നതിന് കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് ആന്റണി വർഗീസ് ചിത്രത്തിൽ നിന്നും പിന്മാറിയതെന്നും അഡ്വാൻസായി വാങ്ങിയ 10 ലക്ഷം രൂപ കൊണ്ടാണ് സഹോദരിയുടെ വിവാഹം നടത്തിയതെന്നുമൊക്കെയായിരുന്നു ജൂഡ് പറഞ്ഞത്. ഒരു പ്രസ് മീറ്റ് വിളിച്ചാണ് ആന്റണി ഇതിനെല്ലാം മറുപടി നൽകിയത്.
ഇപ്പോഴിതാ ഈ വിഷയത്തിൽ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ആന്റണി വർഗീസിന്റെ സഹോദരി അഞ്ജലി. തന്റെ കുടുംബം അനുഭവിച്ച വിഷമം നിങ്ങൾക്ക് മനസ്സിലായിക്കൊള്ളണം എന്നില്ല. പക്ഷെ അതിനു തന്റെ അപ്പന്റേം അമ്മയുടെയും ഇതുവരെയുള്ള ജീവിതത്തിന്റെ വിലയുണ്ട് എന്നാണ് അഞ്ജലി പറയുന്നത്.
അഞ്ജലിയുടെ സോഷ്യൽമീഡിയ കുറിപ്പ്:
അഞ്ജലിയുടെ കുറിപ്പ് രണ്ടു ദിവസത്തോളം ഞങ്ങൾ അനുഭവിച്ച സങ്കടങ്ങൾക്കുള്ള ഉത്തരമാണ് ഇന്ന് ചേട്ടൻ പറഞ്ഞത്. ഈ ദിവസങ്ങളിൽ എനിക്കും കുടുംബത്തിനും നേരിട്ട വിഷമത്തിന്റെ വില ചിലപ്പോൾ നിങ്ങൾക്ക് മനസ്സിലായിക്കൊള്ളണം എന്നില്ല. പക്ഷെ അതിനു എന്റെ അപ്പന്റേം അമ്മയുടെയും ഇതുവരെയുള്ള ജീവിതത്തിന്റെ വിലയുണ്ട്.









