ഞെട്ടിച്ച് ജിസ് ജോയ് ആസിഫ് അലി ടീം; വിജയ് സൂപ്പറും പൗര്‍ണ്ണമിയും കിടിലന്‍, റിവ്യൂ വായിക്കാം

22

പ്രശസ്ത സംവിധായകനായ ജിസ് ജോയ് ഒരുക്കിയ വിജയ് സൂപ്പറും പൗര്‍ണ്ണമിയും ഇന്ന് കേരളത്തില്‍ പ്രദര്‍ശനം എത്തി. ആസിഫ് അലി, ഐശ്വര്യ ലക്ഷ്മി എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തിയ ഈ ചിത്രത്തില്‍ സംവിധായകനായ ജിസ് ജോയ് തന്നെ തിരക്കഥ ഒരുക്കിയിരിക്കുന്നു .

Advertisements

ന്യൂ സൂര്യ ഫിലിംസിന്റെ ബാനറില്‍ സുനില്‍ എ കെ നിര്‍മ്മിച്ചിരിക്കുന്ന ഈ ചിത്രം ഇവിടെ വിതരണം ചെയ്തിരിക്കുന്നത് സെഞ്ച്വറി ഫിലിംസ് ആണ്. ആസിഫ് അലി- ജിസ് ജോയ് ടീം ഒന്നിച്ച മൂന്നാമത്തെ ചിത്രമാണ് ഇത്. സൂപ്പര്‍ ഹിറ്റായ ട്രൈലെര്‍, ടീസറുകള്‍ , ഗാനങ്ങള്‍ എന്നിവയിലൂടെ വലിയ പ്രതീക്ഷയാണ് ഈ ചിത്രം റിലീസിന് മുന്‍പ് തന്നെ പ്രേക്ഷകരുടെ ഇടയില്‍ സൃഷ്ടിച്ചത് എന്ന് പറയാം.

ചിത്രത്തിന്റെ ടൈറ്റില്‍ സൂചിപ്പിക്കുന്നത് പോലെ തന്നെ വിജയ് എന്ന് പേരുള്ള ഒരു ചെറുപ്പകാരന്റെയും പൗര്‍ണമി എന്ന് പേരുള്ള ഒരു പെണ്‍കുട്ടിയുടെയും കഥയാണ് ഈ ചിത്രം പറയുന്നത്.

ഇവരുടെ ജീവിതങ്ങള്‍ എങ്ങനെ പരസ്പരം ബന്ധപ്പെടുന്നു എന്നും അതിലൂടെ ഇവരുടെ വ്യക്തി ജീവിതവും ഇവരുടെ കുടുംബങ്ങളും എങ്ങനെ സ്വാധീനിക്കപ്പെടുന്നു എന്നുമാണ് വളരെ രസകരമായി ഈ ചിത്രം നമ്മളോട് പറയുന്നത്. ഒരു പെണ്ണ് കാണല്‍ ചടങ്ങിലൂടെ കണ്ടു മുട്ടുന്ന വിജയും പൗര്ണമിയും പിന്നീട് എങ്ങനെ ജീവിതത്തില്‍ മുന്നോട്ടു പോകുന്നു എന്ന് ഈ ചിത്രം കാണിച്ചു തരുന്നു.

ബൈസൈക്കിള്‍ തീവ്‌സ്, സണ്‍ഡേ ഹോളിഡേ എന്നീ ചിത്രങ്ങളിലൂടെ മികച്ച സംവിധായകന്‍ എന്ന പേര് നേടിയ ജിസ് ജോയ് ഒരിക്കല്‍ കൂടി തന്റെ പ്രതിഭയോട് നീതി പുലര്‍ത്തിയ ചിത്രമാണ് വിജയ് സൂപ്പറും പൗര്‍ണ്ണമിയും എന്ന് പറയാം.

അദ്ദേഹം തന്നെയെഴുതിയ അതീവ രസകരം ആയ തിരക്കഥക്ക് അതിലും രസകരമായ ഒരു ദൃശ്യ ഭാഷ ഒരുക്കിയത് ആണ് ഒരു സംവിധായകനെന്ന നിലയില്‍ ജിസ് ജോയിയുടെ വിജയം. രചയിതാവെന്ന നിലയിലും ജിസ് ജോയ് പുലര്‍ത്തിയ കയ്യടക്കം ഈ ചിത്രത്തെ മനോഹരമാക്കിയിട്ടുണ്ട്.

പൊട്ടിച്ചിരിപ്പിക്കുന്ന സംഭാഷണങ്ങളും രസികന്മാരായ കഥാപാത്രങ്ങളും ചേര്‍ന്ന് വളരെ സന്തോഷം നിറഞ്ഞ ഒരു സിനിമ ആണ് ജിസ് ജോയ് നമ്മുക്ക് സമ്മാനിച്ചത്. യുവാക്കളെയും കുടുംബ പ്രേക്ഷകരെയും ഒരുപോലെ കയ്യിലെടുക്കാന്‍ ഉള്ളത് ഈ ചിത്രത്തിലുണ്ട് എന്നത് എടുത്തു പറഞ്ഞേ പറ്റു.

പ്രേക്ഷകന്റെ മനസ്സറിഞ്ഞു എടുത്ത ചിത്രം എന്നത് ആണ് ഈ ചിത്രത്തെ ഒരു വിജയമാക്കി മാറ്റുന്നത്. തമാശയും പ്രണയവും സൗഹൃദവും വൈകാരിക മുഹൂര്‍ത്തങ്ങളും കുടുംബ ബന്ധങ്ങളുടെ മൂല്യവും ഊഷ്മളതയും എല്ലാം കോര്‍ത്തിണക്കിയാണ് ഈ ചിത്രം ജിസ് ജോയ് നമ്മുടെ മുന്നില്‍ അവതരിപ്പിചിരിക്കുന്നത്.

ആസിഫ് അലി, ഐശ്വര്യ ലക്ഷ്മി എന്നിവരുടെ ഗംഭീര പ്രകടനം തന്നെയാണ് ഈ ചിത്രത്തിന്റെ മികവ്. പരസ്പരം മത്സരിച്ചു തന്നെയാണ് ഇവര്‍ രണ്ടു പേരും ഈ ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. ഇവരുടെ തിരശീലയിലെ പരസ്പരം ഉള്ള കൊടുക്കല്‍ വാങ്ങലുകള്‍ ചിത്രത്തെ മികവുറ്റതാക്കി.

ഇവര്‍ക്കൊപ്പം തന്നെ ഈ ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങള്‍ക്ക് ജീവന്‍ പകര്‍ന്ന ബാലു വര്‍ഗീസ്, സിദ്ദിഖ്, രഞ്ജി പണിക്കര്‍, ജോസെഫ് അന്നംക്കുട്ടി, ശാന്തി കൃഷ്ണ, ദേവന്‍, കെ പി എ സി ലളിത, അജു വര്‍ഗീസ് എന്നിവരും മികവ് പുലര്‍ത്തിയപ്പോള്‍ അഭിനേതാക്കളുടെ പ്രകടന മികവ് കൊണ്ട് തന്നെ ഈ ചിത്രം മനസ്സ് നിറക്കുന്ന ഒരു സിനിമാനുഭവം സമ്മാനിച്ചു.

റെനഡിവേ ഒരുക്കിയ ദൃശ്യങ്ങള്‍ മനോഹരം ആയപ്പോള്‍ പ്രിന്‍സ് ജോര്‍ജ് ഒരുക്കിയ ഗാനങ്ങളും മികച്ച നിലവാരം പുലര്‍ത്തി. അതുപോലെ തന്നെ എടുത്തു പറയേണ്ട ഒന്നാണ് ടീം ഫോര്‍ മ്യൂസിക്‌സ് പകര്‍ന്നു നല്‍കിയ പശ്ചാത്തല സംഗീതം. ഈ ചിത്രത്തിന്റെ മൂഡ് പ്രേക്ഷകരുടെ മനസ്സില്‍ എത്തിക്കുന്നതില്‍ വളരെ പ്രധാനപ്പെട്ട പങ്കാണ് പശ്ചാത്തല സംഗീതം വഹിച്ചത്. രതീഷ് രാജിന്റെ എഡിറ്റിംഗ് ചിത്രത്തിന് മികച്ച സാങ്കേതിക നിലവാരവും ഒഴുക്കും പകര്‍ന്നു നാലാക്കി.

ഈ ചിത്രം നിങ്ങളെ നിരാശരാക്കില്ല എന്ന് മാത്രം അല്ല ഒരുപാട് സന്തോഷിപ്പിക്കുകയും ചെയ്യും എന്ന് ഉറപ്പിച്ചു പറയാന്‍ കഴിയും. നിങ്ങളുടെ പ്രതീക്ഷകള്‍ക്ക് മുകളില്‍ നില്‍ക്കും ഈ ഫാമിലി കോമഡി എന്റെര്‍റ്റൈനെര്‍ എന്നത് തീര്‍ച്ചയാണ്. ചുരുക്കി പറഞ്ഞാല്‍ കുടുംബമായി പോയി കണ്ടു ചിരിച്ചു രസിച്ചു ആസ്വദിക്കാവുന്ന ഒരു രസികന്‍ ചിത്രം ആണ് വിജയ് സൂപ്പറും പൗര്‍ണ്ണമിയും.

Advertisement