മലയാള സിനിമയുടെ നിറസാന്നിധ്യമായിരുന്നു ഇന്നസെന്റ്. പകരക്കാരനില്ലാത്ത നടനെന്ന് അദ്ദേഹത്തെ വിശേഷിപ്പിക്കാം. നിരവധി പേർ അദ്ദേഹത്തെ കുറിച്ചുള്ള ഓർമ്മകൾ പങ്ക് വെച്ചിരുന്നു. ഇപ്പോഴിതാ ഇടവേള ബാബു ഇന്നസെന്റിനെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ചർച്ചയാകുന്നത്. മൂവി വേൾഡ് മീഡിയ എന്ന യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിലാണ് താരം മനസ്സ് തുറന്നിരിക്കുന്നത്.
തുടക്കകാലങ്ങളിൽ ഇന്നസെന്റിനൊപ്പം ഒരുമിച്ച് അഭിനയിക്കുകയും, തുടർന്ന് അമ്മ സംഘടനയുടെ പ്രവർത്തന മേഖലകളിൽ ഒരുമിച്ചുണ്ടായിരുന്നവരുമാണ് ഇടവേള ബാബുവും, ഇന്നസെന്റും. ഇന്നസെന്റിന്റെ എല്ലാ കാര്യങ്ങൾക്കും മുന്നിട്ട് നിന്നതിൽ ഒരാളായിരുന്നു ഇടവേള ബാബു. ഇന്നസെന്റിന്റെ മരണം രണ്ട് ദിവസങ്ങൾക്ക് മുന്നേ താൻ വിഷ്വലി കണ്ടിരുന്നു എന്നാണ് ഇടവേള ബാബു പറഞ്ഞത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ;
അദ്ദേഹത്തെ എങ്ങനെ കൊണ്ടുപോകണം, എന്തെല്ലാം ചെയ്യണം എന്നെല്ലാം ചിന്തിച്ചു വെച്ചിരുന്നു. ചിലർ പറയില്ലേ യാഥാർഥ്യങ്ങൾക്ക് മുൻപേ സഞ്ചരിക്കണം എന്ന് അതുപോലെ. അവസാന നിമിഷം വരെ പുള്ളി തിരികെ വരാൻ വേണ്ടി എല്ലാം ചെയ്തിരുന്നു. അവിടെ സാമ്പത്തികമൊന്നും ഒരു വിഷയം ആയിരുന്നില്ല.ഞാൻ ബോധം ഇല്ലാതെ കിടന്നാലും പിച്ച ചട്ടി എടുത്ത് നടക്കരുതെന്ന് ചേട്ടൻ എന്നോട് പറഞ്ഞിരുന്നു. അമ്മയുടെ ഇൻഷുറൻസ് ഒക്കെ ചേട്ടൻ എടുത്തിരുന്നു. അവസാന നിമിഷം വരെ ചേട്ടന് ഒരു ബുദ്ധിമുട്ടും വരരുതെന്ന് എനിക്കും സോണറ്റിനും ഉണ്ടായിരുന്നു.
ആരുടേയും കൈയ്യിൽ നിന്നും ചികിത്സയ്ക്കായി കാശ് വാങ്ങരുതെന്ന നിർബന്ധവും ഉണ്ടായിരുന്നു അദ്ദേഹത്തിന്റെ കഷ്ടപ്പാടുകളാണ് ഇന്ന് കാണുന്ന ഇന്നസെന്റാക്കി അദ്ദേഹത്തെ മാറ്റിയത്. ആദ്യ സമയങ്ങളിൽ ചെന്നൈയിലെ ചേട്ടന്റെ വീട്ടിലേക്ക് ചെല്ലുന്ന കാര്യം പറയുമ്പോൾ അദ്ദേഹം എതിർത്തിരുന്നു. ഒടുവിൽ ഒരിക്കൽ എന്നോട് വരാൻ പറഞ്ഞപ്പോൾ മനസ്സിനെ പാകപ്പെടുത്തിയിട്ടാകണം വരുന്നത് എന്നാണ് പറഞ്ഞത്. ടൗണിൽ നിന്നും കുറെ ദൂരെ ആയിരുന്നു താമസം. അതും ഒരു ചെറിയ വാടകവീട്ടിൽ, ഇരിക്കാൻ ഒരു കസേരപോലും അവിടെ ഉണ്ടായിരുന്നില്ല. അത്രയും ദുരവസ്ഥയിൽ കഴിഞ്ഞിട്ടുണ്ട്. അവിടെ നിന്നായിരുന്നു ചേട്ടന്റെ വളർച്ച.
എന്നെ മാന്യമായി പറഞ്ഞയക്കണം എന്നാണ് അദ്ദേഹം പറഞ്ഞിരുന്നത്. മരിച്ചു കഴിഞ്ഞാൽ ആരൊക്കെ വരുമെന്ന് വരെ ചേട്ടൻ പറഞ്ഞിരുന്നു. അതുപോലെ തന്നെ ആളുകൾ വന്നിരുന്നു. പക്ഷെ ഞാൻ പ്രതീക്ഷിച്ചതിലും അപ്പുറം ആയിരുന്നു അദ്ദേഹത്തിനെ കാണാൻ ആളുകൾ എത്തിയത്. ഗംഗാധരൻ ഡോക്ടർ അദ്ദേഹത്തിന് ദൈവമായിരുന്നു. കോവിഡ് വന്ന് ലങ്‌സ് വല പോലെയായി എന്നാണ് ഡോക്ടർമാർ പറഞ്ഞത്. ഒരിക്കലും അദ്ദേഹം മരിച്ചത് ക്യാൻസർ കൊണ്ട് ആയിരുന്നില്ല.
അദ്ദേഹം വിട്ടുപോകുന്നു എന്ന് ആദ്യം മനസിലാക്കിയത് ഞാനാണ്. മൂന്ന് ആഴ്ചകൾക്ക് മുൻപാണ് ചില കാര്യങ്ങൾ പറയണം എന്ന് പറഞ്ഞു കൊണ്ട് അദ്ദേഹം എന്നെ വിളിക്കുന്നത്. താൻ ഒരു രോഗിയാണെന്ന് മനസിലാകുന്നത് ഇപ്പോഴാണെന്ന് അന്ന് അദ്ദേഹം പറഞ്ഞു. പിന്നെ എല്ലാം പെട്ടെന്നായിരുന്നു. ഇന്ന് അദ്ദേഹമില്ല എന്ന് വിശ്വസിക്കാൻ എനിക്ക് കഴിഞ്ഞിട്ടില്ല.