മമ്മൂട്ടിയും സംവിധായകനായേക്കും, തിരക്കഥ രഞ്ജിത് നൽകും?

25

മലയാളത്തിലെ താരങ്ങൾ മിക്കവരും സംവിധായകരാകുന്ന കാലമാണ്. പൃഥ്വിരാജ് സംവിധാനം ചെയ്ത ആദ്യചിത്രം ലൂസിഫർ മലയാളത്തിലെ ഏറ്റവും വലിയ പണംവാരിപ്പടമായി.

കലാഭവൻ ഷാജോൺ തൻറെ ആദ്യ സംവിധാനസംരംഭമായ ബ്രദേഴ്‌സ് ഡേ ഷൂട്ടിംഗ് ആരംഭിച്ചുകഴിഞ്ഞു. പൃഥ്വിയാണ് നായകൻ.

Advertisements

മോഹൻലാലും താൻ ആദ്യമായി സംവിധാനം ചെയ്യുന്ന ‘ബറോസ്’ എന്ന 3ഡി ചിത്രത്തിൻറെ വിവരങ്ങൾ പുറത്തുവിട്ടു. തമിഴിലാണെങ്കിൽ, ധനുഷ് തന്റെ രണ്ടാമത്തെ സംവിധാന സംരംഭത്തിന്റെ ആലോചനകളിലാണ്.

ഇപ്പോൾ എല്ലാവരും മമ്മൂട്ടി ക്യാമ്പിലേക്കാണ് ഉറ്റുനോക്കുന്നത്. മമ്മൂട്ടിക്കും സംവിധായകനാകാനുള്ള പ്ലാൻ ഉണ്ടോ? അത് ഉടനെങ്ങാൻ സാധ്യമാകുമോ?

നേരത്തേ അത്തരം ചില ആലോചനകൾ അദ്ദേഹത്തിന് ഉണ്ടായിരുന്നു. പല കഥകളും ആലോചിച്ചതുമാണ്. മമ്മൂട്ടിയെപ്പറ്റി തമാശയായി കേൾക്കുന്ന ഒരു കഥയുണ്ട്.

അദ്ദേഹം ആരോടോ പറഞ്ഞതാണ്. അദ്ദേഹം ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയ്ക്കായുള്ള ജോലികൾ എല്ലാം പൂർത്തിയായത്രേ.

നിർമ്മാതാവ് റെഡി താരങ്ങൾ റെഡി ക്യാമറാമാനും എഡിറ്ററും മറ്റ് സാങ്കേതികവിദഗ്ധരും അവരുടെ ഡേറ്റുകൾ ഉൾപ്പടെ റെഡി.ലൊക്കേഷനുകളെല്ലാം കണ്ട് ഉറപ്പിച്ചുകഴിഞ്ഞു. ഇനി കഥ കൂടി കണ്ടെത്തിയാൽ മതി!

മമ്മൂട്ടി എന്നെങ്കിലും ഒരു സിനിമ സംവിധാനം ചെയ്യുമോ എന്ന് ഇപ്പോൾ പറയാനാവില്ല. അദ്ദേഹത്തിൻറെ തീരുമാനങ്ങൾ പലതും അപ്രതീക്ഷിതങ്ങളാണ്.

ഒരുപക്ഷേ, പെട്ടെന്നൊരുദിവസം തൻറെ സംവിധാനസംരംഭത്തേക്കുറിച്ച് അദ്ദേഹം വെളിപ്പെടുത്തിയേക്കാം.

മമ്മൂട്ടി സംവിധാനം ചെയ്യുകയാണെങ്കിൽ, ആരുടെ തിരക്കഥയായിരിക്കും അദ്ദേഹം തിരഞ്ഞെടുക്കുക? രസകരമായ ഒരു ചോദ്യമാണിത്.

എങ്കിലും ചിന്തിക്കുമ്പോൾ, ഏറെ സാധ്യതയുള്ള ചില പേരുകൾ ഉണ്ട്. എംടിയുടെ തിരക്കഥ അദ്ദേഹം ആവശ്യപ്പെടില്ല.

കാരണം എംടിയോട് ഒരു തിരക്കഥ ചോദിക്കാൻ അദ്ദേഹത്തിന് കഴിയുമെന്ന് തോന്നുന്നില്ല. അത്രയധികം ആരാധനയും ബഹുമാനവുമാണ് എംടിയോട് മമ്മൂട്ടിക്ക്.

തന്നോട് ഏറ്റവും ചേർന്നുനിൽക്കുന്ന ചില എഴുത്തുകാരെ അദ്ദേഹം സമീപിച്ചേക്കാം. എസ് എൻ സ്വാമിയോട് അദ്ദേഹം ഒരു തിരക്കഥ ചോദിച്ചേക്കാം.

ബെന്നി പി നായരമ്ബലത്തോട് ഒരു തിരക്കഥ എഴുതിത്തരാൻ ആവശ്യപ്പെട്ടേക്കാം. കലൂർ ഡെന്നിസ് ഇപ്പോൾ സജീവമല്ല, അല്ലെങ്കിൽ അദ്ദേഹവും മമ്മൂട്ടിയുടെ എഴുത്തുകാരനാകാൻ സാധ്യതയുണ്ട്.

രഞ്ജിത്തിനോട് ചിലപ്പോൾ ഒരു തിരക്കഥ മമ്മൂട്ടി ചോദിച്ചേക്കാം. ഇനിയൊരുപക്ഷേ, സ്വയം തിരക്കഥയെഴുതാമെന്ന് മമ്മൂട്ടി തീരുമാനിക്കാനും സാധ്യതയുണ്ട്. എന്തായാലും മമ്മൂട്ടി ഉടൻ തന്നെ ഒരു സിനിമ സംവിധാനം ചെയ്യട്ടെ എന്ന് ആശംസിക്കാം.

Advertisement