യാത്രയുടെ ആദ്യ ടിക്കറ്റ് വിറ്റു പോയത് 4.37 ലക്ഷത്തിനെന്ന് റിപ്പോര്‍ട്ട്; കണ്ണുതള്ളി ആരാധകര്‍

16

ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രി വൈ.എസ്.ആറായി മമ്മൂട്ടി യാത്രയില്‍ അവതരിക്കുന്നതു കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഫെബ്രുവരി എട്ടിനാണ് ചിത്രം തിയേറ്ററുകളിലെത്തുക.

Advertisements

ഇപ്പോളിതാ ചിത്രം പുറത്തിറങ്ങാന്‍ ദിവസങ്ങള്‍ മാത്രം നില്‍ക്കെ ആദ്യ ടിക്കറ്റ് വമ്പന്‍ തുകയ്ക്ക് വിറ്റു പോയതായാണ് റിപ്പോര്‍ട്ട് വരുന്നത്. 4.37 ലക്ഷത്തിന് മുനീശ്വര്‍ റെഡ്ഡി എന്നയാള്‍ യാത്രയുടെ ആദ്യ ടിക്കറ്റ് സ്വന്തമാക്കിയെന്നാണ് റിപ്പോര്‍ട്ട്.

വൈ എസ് ആര്‍ റെഡ്ഡിയുടെ കടുത്ത ഫാനാണ് മുനീശ്വര്‍. യുഎസില്‍ നടത്താനിരിക്കുന്ന ഷോയുടെ ടിക്കറ്റാണ് മുനീശ്വര്‍ സ്വന്തമാക്കിയിരിക്കുന്നത്.

നീണ്ട 26 വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടി തെലുങ്ക് സിനിമാ ലോകത്തിലേക്ക് മടങ്ങി വന്നിരിക്കുന്ന ചിത്രമാണ് യാത്ര. തെലുങ്ക്, തമിഴ്, മലയാളം ഭാഷകളിലായിട്ടാണ് ചിത്രം പുറത്തു വരുന്നത്. എല്ലാ ഭാഷകളിലും മമ്മൂട്ടി തന്നെയാണ് ഡബ്ബ് ചെയ്തിരിക്കുന്നത്.

2004 അസംബ്ലി തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ അധികാരത്തില്‍ എത്തിച്ച വൈഎസ്ആറിന്റെ 1475 കിലോമീറ്റര്‍ ദൈര്‍ഘ്യമുണ്ടായിരുന്ന പദയാത്രയെ അടിസ്ഥാനമാക്കിയാണ് സിനിമ. ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയായി രണ്ടാം തവണ സേവനം അനുഷ്ഠിക്കുമ്പോള്‍ ഹെലികോപ്റ്റര്‍ തകര്‍ന്നാണ് വൈഎസ്ആര്‍ മരിക്കുന്നത്.

വമ്പന്‍ റിലീസിംഗിനാണ് ചിത്രം ഒരുങ്ങുന്നത്. ഗ്ലോബല്‍ യുണൈറ്റഡ് മീഡിയ ആണ് ഈ ചിത്രം കേരളത്തില്‍ വിതരണം ചെയ്യുന്നത്. വിജയ് ചില്ലയും ശശിദേവി റെഡ്ഢിയും ചേര്‍ന്ന് നിര്‍മ്മിച്ച ഈ ചിത്രത്തില്‍ ഒരു വലിയ താര നിര തന്നെ മമ്മൂട്ടിയോടൊപ്പം അണി നിരക്കുന്നുണ്ട്.

സുഹാസിനി, ജഗപതി ബാബു, അനസൂയ, പോസാനി കൃഷ്ണ മുരളി, റാവു രമേശ്, സച്ചിന്‍ ഖാഡെക്കാര്‍, വിനോദ് കുമാര്‍, ജീവ എന്നിവരാണ് ഈ ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍.

Advertisement