ശ്രീനിവാസൻ നായകനായി 2007 ൽ പ്രദർശനത്തിനെത്തിയ സിനിമയാണ് കഥ പറയുമ്പോൾ. സിനിമയിൽ അതിഥി വേഷത്തിൽ സാക്ഷാൽ മമ്മൂട്ടിയും എത്തിയിരുന്നു. എന്നാൽ ആ സിനിമയിൽ പ്രതിഫലം വാങ്ങാതെയാണ് മമ്മൂട്ടി അഭിനയിച്ചതെന്നും,ഒരു സീനിൽ യഥാർത്ഥ്യത്തിൽ മമ്മൂട്ടി കരയുകയായിരുന്നുവെന്നും ഒരിക്കൽ മുകേഷ് പറഞ്ഞിരുന്നു. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലാകുകയാണ് മുകേഷിന്റെ വാക്കുകൾ.
മുകേഷ് പറഞ്ഞതിങ്ങനെ; എറണാകുളത്ത് ഒരു വിവാഹ ആഘോഷം നടക്കുന്നതിനിടെയാണ് ‘കഥ പറയുമ്പോൾ’ എന്ന ചിത്രത്തിന്റെ കഥ ശ്രീനിവാസൻ എന്നോടു പറയുന്നത്. അദ്ദേഹത്തിന്റെ കഥ ആയത് കൊണ്ട് തന്നെ എനിക്ക് വ്ശ്വാസമുണ്ടായിരുന്നു. ശ്രീനി എന്നോട് കഥ പറഞ്ഞു കഴിഞ്ഞപ്പോൾ അക്ഷരാർത്ഥത്തിൽ ഞാൻ കരയുകയായിരുന്നു. ശ്രീനി നായകനായി എത്തുന്ന ചിത്രം സംവിധാനം ചെയ്തത് അദ്ദേഹത്തിന്റെ അളിയനായ എം. മോഹനനാണ്.
പക്ഷേ ആ സിനിമയിൽ അതിഥി വേഷം ചെയ്യുന്നതിന് ഞങ്ങൾ മമ്മൂട്ടിയെ സമീപിച്ചിരുന്നു. അദ്ദേഹം കഥ കേൾക്കാൻ പോലും തയ്യാറാതാകെ അഭിനയിക്കാമെന്ന് സമ്മതിച്ചു. പ്രതിഫലത്തെ കുറിച്ച് ചോദിച്ചപ്പോൾ വേണ്ട എന്നാണ് അദ്ദേഹം പറഞ്ഞത്. സിനിമ ആരംഭിച്ച് ക്ലൈമാക്‌സ് ഷൂട്ട് ചെയ്യുന്ന ദിവസം എത്തി. ആദ്യം എഴുതിയ സീനിൽ ഒരു മാറ്റം വരുത്തി ശ്രീനി വീണ്ടും എഴുതിക്കൊണ്ടു വന്നു.
പുതിയ സീൻ വായിച്ചിട്ട് ഞാനവിടെ വച്ച് കരഞ്ഞു. മമ്മൂക്ക സെറ്റിൽ വരുന്നു, ക്യാമറ ഫിക്സ് ചെയ്തു. ഡയലോഗ് പറയുന്നു. രണ്ടാമത്തെ ഡയലോഗ് പകുതി പറഞ്ഞശേഷം മമ്മൂക്ക തല കുമ്പിട്ട് ഏങ്ങി കരയുകയാണ്. അവസാനം മമ്മൂക്ക തന്നെ ക്യാമറയിൽ നോക്കി കട്ട് പറഞ്ഞു. ഈ സീൻ എത്ര ടേക്ക് പോയാലും ഒരു കുഴപ്പവുമില്ലെന്നായിരുന്നു ക്യാമറാമാനുമായി ഞങ്ങൾ എടുത്ത തീരുമാനം.
അവിടെ ഈ സീനിന്റെ പിന്നിലെ കഥകളൊന്നും അറിയാതെ വന്നിരിക്കുന്നവരാണ് അവിടെയുള്ള നാട്ടുകാരായ ഓഡിയൻസ്. അവരെല്ലാം മമ്മൂക്കയുടെ ഈ ഡയലോഗ് കേട്ട് കരയുകയാണ്. ഈ ഒരൊറ്റ സീനിൽ ഈ സിനിമ സൂപ്പർ ഹിറ്റാണെന്ന് ഞാൻ ശ്രീനിയോട് പറഞ്ഞു. സാധാരണ മമ്മൂക്കയുടെ റേഞ്ച് വച്ച് രണ്ടോ മൂന്നോ മണിക്കൂർകൊണ്ട് തീർക്കേണ്ട സീൻ വൈകിട്ട് ആണ് ഷൂട്ട് ചെയ്ത് തീർത്തത്. ഡയലോഗ് പറഞ്ഞ് തീർത്തിട്ടും അദ്ദേഹം വിങ്ങുകയായിരുന്നു. അതാണ് സൗഹൃദത്തിന്റെ ശക്തി. അതുകൊണ്ടാണ് എല്ലാ ഭാഷകളിലും ഈ ചിത്രം റീമേക്ക് ചെയ്തത്.