ഇവിടെ എല്ലാ പാര്‍ട്ടികളുമുണ്ടാവണം വഴക്കുകളില്ലാതെ അപ്പോഴല്ലെ ശരിയായ ജനാധിപത്യം; മീനാക്ഷി പറയുന്നു

10

ബാലതാരമായി എത്തി മലയാളികളുടെ പ്രീയങ്കരിയായി മാറിയ കുഞ്ഞു സുന്ദരിയാണ് മീനാക്ഷി. കോട്ടയം സ്വദേശിനിയായ മീനാക്ഷി മലയാളികള്‍ക്ക് സ്വന്തം മീനൂട്ടിയാണ്. ബാലതാരമായി സിനിമയില്‍ എത്തി പിന്നീട് ടോപ് സിംഗറിന്റെ അവതാരികയായി മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ നടിയാണ് മീനാക്ഷി. താന്‍ കന്നിവോട്ട് ചെയ്യാന്‍ പോകുന്നതിന്റെ സന്തോഷം മീനു പങ്കുവെച്ചിരുന്നു. 

‘ഇനി ഞാനൂടി തീരുമാനിക്കും ആര് ഭരിക്കണമെന്ന്… ആഹാ… (ആദ്യായിട്ട് വോട്ട് ചെയ്യാന്‍ പോവാണ്. അയിനാണ്)’ എന്ന് പറഞ്ഞ് കൊണ്ടാണ് മീനൂട്ടി എത്തിയത്. ഇതിന് താഴെ നിരവധി കമന്റാണ് വന്നത്. താരത്തിന്റെ രാഷ്ട്രീയത്തെ പറ്റിയും ചോദ്യങ്ങള്‍ വന്നു. പിന്നാലെ ഇതിന് മറുപടി പറഞ്ഞ് മീനാക്ഷി എത്തി.

Advertisements

‘അനുനയ… നയം വ്യക്തമാക്കുന്നു… കഴിഞ്ഞ പോസ്റ്റില്‍ ചില കമന്റുകളില്‍ എന്റെ രാഷ്ട്രീയമെന്താണ്, സ്വന്തമായി നിലപാടുകള്‍ ഉള്ളയാളാണോ? ഇത്തരം കാര്യങ്ങള്‍ പറയുവാന്‍ എന്തിനാണ് ആരെയാണ് ഭയക്കുന്നത് എന്നൊക്കെ ചോദിക്കുകയുണ്ടായി. എന്തായാലും ചെറിയൊരു വിശദീകരണം ആവശ്യമാണെന്ന് തോന്നുന്നതിനാല്‍ പറയട്ടെ. ഭയക്കുന്നു എന്നതല്ല.

കലാകാരന്മാരും മറ്റും നമ്മുടെ ആള്‍ (ഉദാ.. നമ്മുടെ മീനാക്ഷി) എന്ന നിലയിലാണ് മലയാളികള്‍ കാണുന്നതും ഇഷ്ടപ്പെടുന്നതും എന്ന് തോന്നുന്നു. (ഇഷ്ടമില്ലാത്തവരും ഉണ്ടാവും എന്നതും സത്യം തന്നെ) ഞാന്‍ ഒരു പക്ഷം നിന്നു പറയുമ്പോള്‍ ഞങ്ങടെ മീനാക്ഷി… അവരുടെ മീനാക്ഷി എന്ന നിലയിലാവും കാര്യങ്ങള്‍. ഈ തിരിവുകളേയാണ് ഞാന്‍ ഭയപ്പെടുന്നത്. ഇപ്പോഴുള്ളത് സഹിഷ്ണുതയുടെ രാഷ്ട്രീയവുമല്ല. ഓരോ പാര്‍ട്ടിയും നമ്മുടെ രാജ്യത്തിന് നല്ലതിനായി എന്നല്ലേ പറയുന്നത്. എന്നാല്‍ ഒരുമിച്ച് നമ്മുടെ നാടിനായ് എന്ന് ചിന്തിച്ചാല്‍ എത്ര സുന്ദരമാവും കാര്യങ്ങള്‍. എനിക്കും നിലപാടുകള്‍ ഉണ്ട് ഞാന്‍ പഠിച്ചതും ഹ്യുമാനിറ്റീസ് ആണ്.

ജനാധിപത്യത്തെ കുറിച്ചറിയാന്‍ അതെനിക്ക് ഉപകാരവുമായി. രാജ്യം എങ്ങനെയാവാനാണ് ആഗ്രഹം എന്ന് ചോദിച്ചാല്‍ നമ്മുടെ ഇന്ത്യ സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങളേപ്പോലെ (ഫിന്‍ലന്‍ഡ്, സ്‌കോട്ട്ലാന്‍ഡ്..ലരേ ) അയിത്തീരണമെന്നാണ് ആഗ്രഹം. സത്യത്തില്‍ കേരളം സ്‌കാന്‍ഡ് നേവിയന്‍ രാജ്യങ്ങളെപ്പോലെ പലതുകൊണ്ടുമാണ് വിദ്യാഭ്യാസം മെഡിക്കല്‍ പ്രകൃതി സൗന്ദര്യം ജീവിത സാഹചര്യങ്ങള്‍ ഒക്കെ. കാരണം മലയാളി പൊളിയല്ലേ. മറ്റു രാജ്യങ്ങളിലെപ്പോലെ നമുക്ക് സ്വയം അച്ചടക്കവും പരിശീലിക്കാനായാല്‍ അഹാ ഇവിടം സ്വര്‍ഗ്ഗമല്ലേ. അത് ആര് ഭരിച്ചാലും നമ്മള്‍ മലയാളികള്‍ ഒരു സംഭവമല്ലേ. സൗമ്യമായി ഇടപെടുന്ന പുഞ്ചിരിയോടെ കാര്യങ്ങള്‍ കേള്‍ക്കുന്ന മനുഷ്യത്വമുള്ള നന്മയുടെ പക്ഷമുള്ള ഏറെ നേതാക്കള്‍ പ്രത്യേകിച്ച്, വനിതാ നേതാക്കള്‍ ഉള്‍പ്പെടെ എല്ലാ പാര്‍ട്ടിയിലുമുണ്ടാകട്ടെ.

ഇവിടെ എല്ലാ പാര്‍ട്ടികളുമുണ്ടാവണം വഴക്കുകളില്ലാതെ അപ്പോഴല്ലെ ശരിയായ ജനാധിപത്യം. എന്റെ ചെറിയ അറിവുകളില്‍ നിന്നെഴുതുന്നു. തെറ്റുകളുണ്ടാവാം ക്ഷമിക്കുമല്ലോ. പക്ഷെ എനിക്ക് നിലപാടുള്ളപ്പോഴും പക്ഷം പറഞ്ഞ് ഒരാളെയും വിഷമിപ്പിക്കേണ്ടതില്ല. എന്ന നിലപാടിലാണിപ്പോള്‍. കുറച്ചു കൂടി വലുതാവട്ടെ. ചിലപ്പോള്‍ ഞാനും നിലപാടുകള്‍ വ്യക്തമാക്കിയേക്കാം. ഇപ്പോള്‍ ക്ഷമിക്കുമല്ലോ…’ എന്നും പറഞ്ഞാണ് മീനാക്ഷി എഴുത്ത് അവസാനിപ്പിക്കുന്നത്.

 

 

Advertisement