മോഹന്‍ലാല്‍ അമ്മയുടെ പ്രസിഡന്റ് , ജനറല്‍ സെക്രട്ടറി ഇടവേള ബാബു

10

കൊച്ചി: താരസംഘടനയായ അമ്മയുടെ പുതിയ പ്രസിഡന്റായി നടന്‍ മോഹന്‍ ലാല്‍ എത്തും. ജനറല്‍ സെക്രട്ടറി ഇടവേള ബാബുവാണ്. നിലവിലെ പ്രസിഡന്റ് ഇന്നസെന്റ് സ്ഥാനം ഒഴിഞ്ഞതിനെ തുടര്‍ന്നാണ് മോഹന്‍ലാല്‍ സംഘടനയുടെ അധ്യക്ഷ പദവിയില്‍ എത്തിയിരിക്കുന്നത്.

മറ്റാരും പത്രിക സമര്‍പ്പിക്കാഞ്ഞതിനാല്‍ എതിരില്ലാതെയാണ് ഇരുവരെയും തെരഞ്ഞെടുത്തിരിക്കുന്നത്. ജൂണ്‍ 24 ന് കൊച്ചിയില്‍ നടക്കുന്ന അമ്മയുടെ വാര്‍ഷിക പൊതുയോഗത്തില്‍ പുതിയ ഭാരവാഹികളെ ഔദ്യോഗികമായി പ്രഖ്യാപിക്കും.

Advertisements

ഇന്നസെന്റ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറാന്‍ താത്പര്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് പൊതുസ്വീകാര്യന്‍ എന്ന നിലയിലാണ് വൈസ് പ്രസിഡന്റായിരുന്ന മോഹന്‍ലാലിനെ അധ്യക്ഷസ്ഥാനത്തേക്ക് പരിഗണിച്ചത്. ജനറല്‍ സെക്രട്ടറിയായെത്തുന്ന ഇടവേള ബാബു 18 വര്‍ഷക്കാലം സെക്രട്ടറിയായിരുന്നു. നിലവില്‍ മമ്മൂട്ടിയായിരുന്നു ജനറല്‍ സെക്രട്ടറി.

ജൂണ്‍ 24 ന് മൂന്ന് വര്‍ഷക്കാലാവധിയുമായി പുതിയ ഭരണസമിതി ചുമതലയേല്‍ക്കും. മറ്റ് ഭാരവാഹികള്‍ ഇവരാണ്. കെബി ഗണേഷ് കുമാര്‍, മുകേഷ് (വൈസ് പ്രസിഡന്റുമാര്‍), സിദ്ധിഖ്- ജോയിന്റ് സെക്രട്ടറി, ജഗദീഷ്-ട്രഷറര്‍. ഇന്ദ്രന്‍സ്, സുധീര്‍ കരമന, ജയസൂര്യ, ബാബുരാജ്, ആസിഫ് അലി, ടിനി ടോം, അജു വര്‍ഗീസ്, ഹണി റോസ്, ശ്വേതാ മേനോന്‍, രചന നാരായണന്‍ കുട്ടി, മുത്തുമണി എന്നിവരാണ് ഭരണസമിതിയിലെ 11 അംഗങ്ങള്‍.

വനിതാ പ്രാതിനിധ്യം ഏറ്റവും കൂടുതലുള്ള ഭരണസമിതിയാണ് ഇത്തവണ ചുമതലയേല്‍ക്കുന്നത്. കൂടാതെ ഭരണസമിതിയിലെ പത്ത് പേരും പുതുതായി തെരഞ്ഞെടുക്കപ്പെട്ടവരാണ്. ജൂണ്‍ 14 ന് തെരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയാകുന്നതോടെ കമ്മറ്റിയുടെ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടാകും.

Advertisement