ചുറ്റുമുണ്ടായിരുന്ന ആളുകള്‍ ഇടപെട്ടില്ലായിരുന്നുവെങ്കില്‍ ഞങ്ങള്‍ക്ക് പരുക്ക് പറ്റിയേനെ; തനിക്കുണ്ടായ മോശം അനുഭവം പറഞ്ഞ് നീരജ് മാധവ്

35

സ്റ്റേജ് ഷോയ്ക്ക് വേണ്ടി ലണ്ടനില്‍ പോയപ്പോള്‍ മോശം തരത്തിലുള്ള അനുഭവമുണ്ടായെന്ന് നടനും ഗായകനും ആയ നീരജ് മാധവ്. സോഷ്യല്‍ മീഡിയ വഴിയായിരുന്നു തനിക്കുണ്ടായ ദുരനുഭവം നീരജ് പങ്കുവെച്ചത്.

Advertisements

കുറിപ്പിന്റെ പൂര്‍ണരൂപം

ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബ്ലാക്ജാക്ക് പ്രൈവറ്റ് ലിമിറ്റഡുമായി ചേര്‍ന്നു നടത്താനിരുന്ന ഒരു പരിപാടിക്കു വേണ്ടി പോയപ്പോള്‍ ഹൃദയഭേദകമായ ചില അനുഭവങ്ങളുണ്ടായി. സംഘാടകരുമായുള്ള ആശയവിനിമയത്തിലുടനീളം ഞങ്ങള്‍ നിരവധി വെല്ലുവിളികളും നിരാശയുമാണ് നേരിട്ടത്. ഇവന്റ് മാനേജ്‌മെന്റുമായി സഹകരിക്കാനും തടസ്സങ്ങള്‍ തരണം ചെയ്യാനും ഞങ്ങള്‍ പരമാവധി ശ്രമിച്ചെങ്കിലും അവര്‍ ഞങ്ങളോട് അനാദരവോടെ പെരുമാറി.

 


ഡബ്ലിനില്‍ നടന്ന ഇവന്റിനു ശേഷമുള്ള രാത്രി വലിയ വാക്കേറ്റത്തിലാണ് കലാശിച്ചത്. ഈ സമയത്ത് ഞാനും മാനേജരും ഉള്‍പ്പെടെയുള്ള ഞങ്ങളുടെ സംഘത്തിനു നേരെ അപകീര്‍ത്തികരമായ ഭാഷാപ്രയോഗമാണ് അവര്‍ നടത്തിയത്. കൂടാതെ, കയ്യേറ്റം ചെയ്യാനും ശ്രമിച്ചു. ചുറ്റുമുണ്ടായിരുന്ന ആളുകള്‍ ഇടപെട്ടില്ലായിരുന്നുവെങ്കില്‍ ഞങ്ങള്‍ക്കു പരുക്ക് പറ്റിയേനെ. സംഘാടകരുടെ ഭാഗത്തു നിന്നുണ്ടായ നിരുത്തരവാദിത്തപരമായ ഈ പെരുമാറ്റത്തെത്തുടര്‍ന്ന് ലണ്ടനിലെ മറ്റു പരിപാടികളെല്ലാം ഞങ്ങള്‍ റദ്ദ് ചെയ്തു. ഇത്തരം ദുഷ്‌പെരുമാറ്റത്തിനും അനാദരവിനും സ്വയം വിധേയരായി തുടരാന്‍ ഞങ്ങള്‍ക്കു താല്‍പര്യമില്ല. പ്രഫഷനല്‍ നിലവാരം ഉയര്‍ത്തിപ്പിടിക്കുന്നതിലും മെച്ചപ്പെട്ട തൊഴില്‍ അന്തരീക്ഷം നിലനിര്‍ത്തുന്നതിലും ഞങ്ങള്‍ ഉറച്ചു വിശ്വസിക്കുന്നു, നിര്‍ഭാഗ്യവശാല്‍ അത് പരിപാടിയുടെ സംഘാടകരില്‍ നിന്നുമുണ്ടായില്ല.

പക്വതയോടെയും പ്രഫഷനലിസത്തോടെയും സാഹചര്യത്തെ കൈകാര്യം ചെയ്യുന്നതിനുപകരം പ്രശ്‌നം കൂടുതല്‍ വഷളാക്കാന്‍ സംഘാടകര്‍ തിരഞ്ഞെടുത്ത വഴി അങ്ങേയറ്റം നിരാശാജനകമാണ്. ഞങ്ങളുടെ സമ്മതമില്ലാതെ ഈ പര്യടനത്തില്‍ നിന്നു ഞങ്ങളെ പിരിച്ചുവിടുന്നുവെന്നു പരസ്യമായി പ്രഖ്യാപിക്കാനുള്ള അവരുടെ തീരുമാനം അനാദരവ് മാത്രമല്ല, വലിയ തെറ്റു കൂടിയാണ്. ആ സാഹചര്യം രഹസ്യമായി കൈകാര്യം ചെയ്യാനുള്ള അവസരം ഞങ്ങള്‍ക്കു ലഭിച്ചില്ല. മാത്രവുമല്ല, ഞങ്ങളുടെയൊരു സഹപ്രവര്‍ത്തകന്‍ ലണ്ടനില്‍ കുടുങ്ങിയതിനാല്‍ മടക്കയാത്രയ്ക്കുള്ള ക്രമീകരണങ്ങള്‍ ചെയ്തുതരാനും സംഘാടകര്‍ തയാറായില്ല. ഇതൊക്കെ ഞങ്ങളില്‍ വലിയ ഞെട്ടലുണ്ടാക്കി. നടന്ന കാര്യങ്ങള്‍ അംഗീകരിക്കാനാകുന്നില്ല. അവരുടെ പെരുമാറ്റത്തിനും മോശം പ്രവണതയ്ക്കുമെതിരെ ശബ്ദമുയര്‍ത്തുകയാണു ഞങ്ങള്‍.
സംഘാടകര് അവരുടെ പ്രവര്‍ത്തനങ്ങളില്‍ ബഹുമാനം പുലര്‍ത്താനും പ്രഫഷനലിസം, ഉത്തരവാദിത്തം, സംസ്‌കാരം എന്നിവ വളര്‍ത്തിയെടുക്കാനും ശ്രമിക്കണമെന്നു ഞങ്ങള്‍ അഭ്യര്‍ഥിക്കുന്നു. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുന്നതു തടയാന് കഴിയുമെന്ന പ്രതീക്ഷയോടെയാണ് ഈ അനുഭവം പങ്കുവയ്ക്കുന്നത്. ഈ വെല്ലുവിളി നിറഞ്ഞ സമയത്ത് ഞങ്ങള്‍ക്കൊപ്പം നിന്ന പ്രിയപ്പെട്ട ആരാധകര്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും ആത്മാര്‍ഥമായ നന്ദി. ഞങ്ങളുടെ പ്രേക്ഷകര്‍ക്കു സാധ്യമായ ഏറ്റവും മികച്ച അനുഭവം നല്‍കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്.’

Advertisement