നിവിന്‍ പോളിയും ലേഡിസൂപ്പര്‍സ്റ്റാറും ഒന്നിക്കുന്ന ‘ലവ് ആക്ഷന്‍ ഡ്രാമ’യുടെ റിലീസ് തിയതി പുറത്ത്

32

യുവതാരം നിവിന്‍ പോളിയും നയന്‍താരയും ആദ്യമായി ഒന്നിക്കുന്ന ധ്യാന്‍ ശ്രീനിവാസന്‍ ചിത്രം ലവ് ആക്ഷന്‍ ഡ്രാമയുടെ റിലീസിംഗ് വിവരം പുറത്ത്. ചിത്രം ഓണം റിലീസായി സെപ്റ്റംബര്‍ 5 ന് തിയേറ്ററുകളില്‍ എത്തുമെന്നാണ് വിവരം.

Advertisements

ചിത്രത്തിന്റെ ഷൂട്ടിംഗ് വേഗത്തില്‍ തന്നെ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ധ്യാന്‍ ശ്രീനിവാസന്‍ സംവിധാനവും തിരക്കഥയും നിര്‍വ്വഹിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് നടന്‍ അജു വര്‍ഗ്ഗീസാണ്. നടന്‍ അജു വര്‍ഗ്ഗീസ് ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രമാണിത്.

വടക്കുനോക്കിയന്ത്രത്തിന്റെ ആധുനിക പതിപ്പാണ് ഈ ചിത്രമെന്നാണ് നേരത്തെ ധ്യാന്‍ നല്‍കിയ വിശദീകരണം. തളത്തില്‍ ദിനേശന്റെ കഥാപാത്രവുമായി ചില സാമ്യങ്ങളുണ്ടെങ്കിലും എല്ലാം അങ്ങനെയല്ല. വടക്കുനോക്കിയന്ത്രത്തിന്റെ റീമേക്കല്ല ചിത്രമെന്നും ധ്യാന്‍ പറഞ്ഞിരുന്നു.

റൊമാന്റിക്ക് കോമഡി വിഭാഗത്തില്‍പ്പെടുന്നൊരു ചിത്രമായിരിക്കും ലവ് ആക്ഷന്‍ ഡ്രാമയെന്നും അറിയുന്നു. ചിത്രത്തില്‍ പാലക്കാടുളള ബ്രാഹ്മിണ്‍ പെണ്‍കൊടിയായി നയന്‍താര എത്തുന്നു. അജു വര്‍ഗീസും നിവിന്‍ പോളിയും വീണ്ടും ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. സിനിമയില്‍ നിവിനൊപ്പം പ്രാധാന്യമുളള റോളിലാണ് അജു വര്‍ഗീസ് എത്തുന്നത്.

ഉര്‍വശി, ധന്യ ബാലകൃഷ്ണന്‍, ശ്രീനിവാസന്‍, ജൂഡ് ആന്റണി ജോസഫ് തുടങ്ങി വന്‍താരനിര തന്നെ ചിത്രത്തിലുണ്ട്. ഫണ്‍ടാസ്റ്റിക്ക് ഫിലിംസിന്റെ ബാനറില്‍ വിശാഖ് സുബ്രഹമണ്യവും അജു വര്‍ഗീസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഛായാഗ്രഹണം ജോമോണ്‍ ടി ജോണ്‍. ഷാന്‍ റഹ്മാന്റേതാണ് സംഗീതം.

Advertisement