ഒരുപാട് ആരോപണങ്ങളുടെ നടുവിൽ അമ്മയുടെ പ്രസിഡന്റായിരിക്കുന്നതിൽ ഒട്ടും സംതൃപ്തനല്ലെന്ന് മോഹൻലാൽ. അമ്മയുടെ പ്രസിഡന്റ് എന്ന നിലയിലല്ല ആരോപണങ്ങൾ വരുന്നത്. വ്യക്തിപരമായാണ് ഉന്നയിക്കപ്പെടുന്നത്. അതിൽ വലിയ വിഷമമുണ്ട്.
കേരളത്തിന് പുറത്ത് വരുന്ന വാർത്തകൾ മോഹൻലാൽ ആണ് കുറ്റക്കാരൻ എന്ന തരത്തിലാണ്. അത് വളരെ വിഷമിപ്പിക്കുന്നുണ്ട്. സംഘടനയുടെ പേരിൽ താനാണ് അടികൊള്ളുന്നത്. ഈ സ്ഥാനത്ത് തുടരാൻ കഴിയില്ലെങ്കിൽ ഒഴിയുമെന്ന് നേരത്തെ വ്യക്തമാക്കിയതാണ്. അരോപണങ്ങൾ വ്യക്തിപരമാകുന്നത് എന്തുകൊണ്ടാണെന്ന് അറിയില്ലെന്നും മോഹൻലാൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
അന്ന് നടിമാർ എന്ന് വളിച്ചതിൽ തെറ്റുണ്ടെന്ന് തോന്നുന്നില്ല. മൂന്നുനടിമാർ നൽകിയ പരാതിയെ കുറിച്ചായിരുന്നു മാധ്യമപ്രവർത്തകരുടെ ചോദ്യം. അതിന് മൂന്ന് നടിമാർ തന്ന പരാതിയിൽ എന്ന് മറുപടി പറഞ്ഞുവെന്നേയുള്ളൂ .അമ്മയിൽ ഉള്ളവരെല്ലാം നടൻമാരും നടിമാരുമല്ലെ. തമിഴിൽ സംഘടനയുടെപേര് തന്നെ നടികർസംഘം എന്നല്ലെ. രേവതിയായി എത്രനാളത്തെ ബന്ധമാണുള്ളത്.
അതുപോലെ പാർവ്വതിയും പത്മപ്രിയയുമായി എത്രയോ സിനിമകളിൽ സഹകരിച്ചിരിക്കുന്നു. എല്ലാവരുമായി വളരെ നല്ല ബന്ധമാണുള്ളത്. പ്രശ്നങ്ങൾ പരിഹരിക്കാൻ സാവകാശം ചോദിച്ചിരുന്നു. അല്ലാതെ അവ പരിഗണിക്കില്ലെന്ന് പറഞ്ഞിട്ടില്ല. ഒറ്റക്ക് തിരുമാനമെടുക്കാനാവില്ല. എക്സിക്യൂട്ടീവുമായി ആലോചിച്ചേ എന്തെങ്കിലും തിരുമാനമെടുക്കാൻ കഴിയൂ.
അമ്മയിൽ പരാതികൾ പറയാൻ ഒരു സമിതി രൂപീകരിച്ചിട്ടുണ്ട്. രാജിവെച്ചു പോയവരെ തിരിച്ചെടുക്കാൻ ഒരു അപേക്ഷ നൽകാനാണ് ആവശ്യപ്പെട്ടത്. അല്ലാതെ അവരെ തിരിച്ചെടുക്കില്ലെന്നൊന്നും പറഞ്ഞിട്ടില്ല. അവരെ തിരിച്ചെടുക്കാൻ ജനറൽ ബോഡി വിളിക്കേണ്ട കാര്യമില്ല. മാപ്പ് പറയണമെന്ന് കെപിഎസി ലളിത പറഞ്ഞത് കാര്യമാക്കേണ്ട. കാലം മാറിയില്ലെ. ഇക്കാര്യം കെപിഎസി ലളിതയെ ബോധ്യപ്പെടുത്തിയിട്ടുണ്ട്.
ജഗദീഷ് താനുമായി ആലോചിച്ചാണ് വാർത്താകുറിപ്പിറക്കിയത്. സിദ്ദിഖ് വാർത്താസമ്മേളനം നടത്തിയതും അറിയിച്ചിട്ട് തന്നെ. വരും നാളുകളിൽ ഔദ്യോഗിക വക്താവിനെ നിയമിക്കും. അതേ സമയം സംഘടനാ വിവരങ്ങൾ കൈമാറുന്ന വാട്സ് അപ് സന്ദേശം ചോർത്തിയത് തെറ്റാണെന്നും മുകേഷിനെതിരെ പരാതി ലഭിച്ചാൽ അന്വേഷിക്കുമെന്നും മോഹൻലാൽ പറഞ്ഞു.