മാപ്പ് പറയാനോ? പോയി തുലയൂ: അമ്മ ഭാരവാഹികളോട് പൊട്ടിത്തെറിച്ച് റിമ കല്ലിങ്കല്‍

23

താരസംഘടനയില്‍ നിന്ന് രാജിവെച്ച നാല് നടിമാരും ‘അമ്മ’യോട് മാപ്പ് പറഞ്ഞാല്‍ തിരിച്ചെടുക്കാമെന്ന സിദ്ദിഖിന്റെയും കെപിഎസി ലളിതയുടെയും പ്രസ്താവനയ്ക്ക് മറുപടിയുമായി നടി റിമ കല്ലിങ്കല്‍.

Advertisements

സംഘടനയിലേക്ക് തിരിച്ചുവരാന്‍ മാപ്പ് പറയാനോ? അമ്മയെന്ന സംഘടനയോട് പോയി തുലയൂ എന്നേ പറയാനുള്ളൂ എന്നായിരുന്നു റിമയുടെ മറുപടി. ദ ന്യൂസ് മിനിട്ടിന് നല്‍കിയ അഭിമുഖത്തിലാണ് റിമയുടെ പ്രതികരണം.

ലൈംഗികാതിക്രമ കേസില്‍ പ്രതിസ്ഥാനത്തുള്ളയാളെ സംരക്ഷിക്കുന്ന സംഘടനയില്‍ തുടരാന്‍ തനിക്ക് താത്പര്യമില്ല. കുറ്റാരോപിതനൊപ്പമാണെന്ന് അവര്‍ വ്യക്തമാക്കിക്കഴിഞ്ഞു. സംഘടനയില്‍ നിന്ന് രാജിവെച്ച നാല് പേര്‍ക്കും മാപ്പ് പറഞ്ഞാല്‍ തിരിച്ചുവരാമെന്ന കെപിഎസി ലളിതയുടെ പരാമര്‍ശത്തോടായിരുന്നു റിമയുടെ പ്രതികരണം.

‘അടൂര്‍ ഭാസിയില്‍ നിന്ന് നേരിട്ട അതിക്രമങ്ങളെ കുറിച്ച് ലളിതാമ്മ ആത്മകഥയില്‍ എഴുതിയിട്ടുണ്ട്. എന്തുകൊണ്ടാണ് സിനിമയില്‍ നേരിടുന്ന അതിക്രമങ്ങളെ കുറിച്ച് സ്ത്രീകള്‍ക്ക് എപ്പോഴും തുറന്നുപറയാന്‍ കഴിയാത്തതെന്ന് അവര്‍ക്ക് മനസ്സിലാവേണ്ടതാണ്.

വര്‍ഷങ്ങളോളം സ്ത്രീകള്‍ നിശ്ശബ്ദരായിരിക്കേണ്ടി വരുന്നത് എന്തുകൊണ്ടാണെന്ന് ചിന്തിച്ചാല്‍ അവര്‍ക്ക് മനസ്സിലാകും. മറ്റൊരു വഴിയില്ലാത്തതിനാല്‍ അവിടെ തുടരുന്ന അവരോട് സഹതാപം മാത്രമേയുള്ളൂ’- റിമ പറഞ്ഞു.

എന്താണ് സംഘടന വനിതാ അംഗങ്ങള്‍ക്കായി ചെയ്യുന്നത്? എല്ലാ വര്‍ഷവും അമ്മ ഷോയില്‍ പുരുഷന്മാരെ പുകഴ്ത്തി പരിപാടി ചെയ്യുന്നു. അഞ്ച് ഗാനങ്ങളില്‍ പുരുഷ താരം അഞ്ച് നടിമാര്‍ക്കൊപ്പം നൃത്തം ചെയ്യുന്നു. ഇന്നലെകളിലെ കഴിവുറ്റ കലാകാരികള്‍ എവിടെ? അവര്‍ക്കൊപ്പം അഭിനയിക്കാന്‍ ആരുണ്ട്? അവര്‍ അപ്രത്യക്ഷരായിരിക്കുന്നുവെന്നും റിമ വ്യക്തമാക്കി.

Advertisement