ആരാധകരുടെ പ്രിയപ്പെട്ട ഷോ ആയ ബിഗ്ബോസ് ഫിനാലെയിലേക്ക് എത്തിയ നാലാം സീസണിലെ മികച്ച മത്സരാർത്ഥികളിൽ ഒരാളാണ് ധന്യാ മേരി വർഗീസ്. ആദ്യമൊന്നും വീട്ടിൽ സജീവമല്ലായിരുന്ന താരം ഫൈനൽ ഫൈവിൽ ഇടം പിടിച്ചത് തന്നെ കളിയിലെ മികവ് കൊണ്ടാണ്. ബിഗ് ബോസിലേക്ക് താരം എത്തുമ്പോൾ സാമ്പത്തിക തട്ടിപ്പുകേസിലെ പ്രതിയായിരുന്നെന്ന വാർത്തയും ഡാൻസറായ ജോണിന്റെ ഭാര്യയാണെന്ന വിവരവും മാത്രമെ പ്രേക്ഷകർക്ക് ഉണ്ടായിരുന്നുള്ളൂ. എന്നാൽ പിന്നീട് ധന്യ മേരി വർഗീസ് തന്റെ ജീവിതത്തിലുണ്ടായ നഷ്ടങ്ങളെ കുറിച്ചും തിരിച്ചടികളെ കുറിച്ചും തുറന്നു സംസാരിച്ചതോടെ പ്രേക്ഷകർക്കും താരം പ്രിയപ്പെട്ടവളായി.
പരിചിതരായ മത്സരാർത്ഥികൾക്കൊപ്പം തികച്ചും അപരിചിതരായവരേയും ടെലിവിഷൻ പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കുന്ന ഷോയാണ് ബിഗ് ബോസ്. വിജയിയെ പ്രഖ്യാപിക്കുന്നതോടെ അവസാനിക്കുന്ന സാധാരണ റിയാലിറ്റി ഷോ പോലെയല്ല ബിഗ് ബോസ്. താരങ്ങൾക്ക് ലഭിക്കുന്ന പ്രേക്ഷക ശ്രദ്ധ ഷോ അവസാനിച്ചാലും നിലയ്ക്കില്ല. ഓരോ മത്സരാർത്ഥിയേയും കൂടുതൽ അറിയുന്നതിനുള്ള അവസരമാണ് ബിഗ് ബോസ് ഒരുക്കിത്തരുന്നത്.
ധന്യ മേരി വർഗ്ഗീസ് എന്ന അഭിനേത്രിയിൽ നിന്നും ധന്യയുടെ ജീവിതത്തിലേയ്ക്ക് പ്രേക്ഷകരെ എത്തിച്ചത് ബിഗ് ബോസാണ്. സിനിമാതാരം എന്ന നിലയിൽ ഏറെ പ്രേക്ഷക സ്വീകാര്യതയിൽ നിൽക്കുമ്പോഴായിരുന്നു ധന്യയുടെയും ഭർത്താവ് ജോണിന്റേയും പേരിൽ ചില തട്ടിപ്പുകേസുകൾ വന്നത്. ഇതോടെ ജീവിതത്തിൽ ഒരുപാട് ദുരിതങ്ങളെ അഭിമുഖീകരിച്ചാണ് ഇവിടെവരെ താരങ്ങൾ എത്തിയത്. ബിഗ് ബോസിൽ എത്തും മുൻപ് തന്നെ ആരാധകർക്ക് സീത കല്യാണം എന്ന പരമ്പരയിലൂടെയുമൊക്കെ ധന്യ മേരി വർഗീസിനെ അടുത്ത് അറിയാമായിരുന്നു.
ഇപ്പോഴിതാ തനിക്ക് ഇഷ്ടം സീരിയലിൽ നിൽക്കാനല്ലെന്നും ആഗ്രഹം സിനിമയിലെ വേഷങ്ങളാണെന്നും പറയുകയാണ് ധന്യ. കട്ടൻ വിത്ത് ഇമ്മട്ടി എന്ന അഭിമുഖത്തിലായിരുന്നു താരത്തിന്റെ തുറന്നു പറച്ചിൽ. മോഡലിങ്, ആൽബം, സിനിമ ഇത് മൂന്നും ഒരേ സമയത്ത് തന്നെയാണ് ചെയ്തു തുടങ്ങിയത്. മോഡലിങിലൂടെയാണ് അഭിനയത്തിലെത്തി. കലയെ പ്രോത്സാഹിപ്പിക്കുന്ന അച്ഛനും അമ്മയും ആണ് തന്നെ പിന്തുണച്ചതെന്നും പറയുകയാണ് ധന്യ മേരി വർഗീസ്.
കരിയറിൽ നല്ല ബ്രേക്ക് ഉണ്ടായത് ഫാമിലി ലൈഫ് എൻജോയ് ചെയ്തതു കൊണ്ടാണ്. പിന്നീട് തിരികെ എത്തിയത് സീരിയലിലേക്കാണ്. ഞാൻ ആഗ്രഹിക്കുന്നത് സീരിയലിൽ നിൽക്കാനല്ല. സിനിമ ചെയ്യാനാണ് ആഗ്രഹം. ഇതിൽ കൂടുതൽ നല്ല ക്യാരക്ടേഴ്‌സ് എനിക്ക് ചെയ്യാൻ പറ്റുമെന്ന് അറിയാം. സിനിമയിൽ വ്യത്യസ്ത കഥാപാത്രങ്ങൾ ചെയ്യണമെന്നും മോഡലിങിലേക്ക് തിരികെ പോകണമെന്നും ഒക്കെയാണ് ഇപ്പോൾ ആഗ്രഹിക്കുന്നത്- എന്നും താരം വെളിപ്പെടുത്തി.
കരിയറിൽ ബ്രേക്ക് എടുക്കുന്നതിന് മുൻപ് ചെയ്തത് പ്രണയം എന്ന മോഹൻലാൽ ചിത്രമാണ്. വിവാഹം കഴിഞ്ഞ് ഒരു വർഷം കഴിഞ്ഞപ്പോൾ മോൻ ആയി. അങ്ങനെ ഫാമിലി ലൈഫിന് പ്രാധാന്യം കൊടുക്കണമെന്ന് തോന്നിയപ്പോഴാണ് മാറി നിന്നത്.
എപ്പോഴും ഫിസിക്കലി മെന്റലി ഫിറ്റ് ആയിരിക്കണം എന്നാണ് ആഗ്രഹം. ഞാൻ കുറച്ച് മടി പിടിച്ചിരിക്കുന്ന ആളാണ്. ഭർത്താവ് ജോണാണ് പറഞ്ഞത് ഇങ്ങനെ വെറുതേ ഇരിക്കരുതെന്ന്. മെന്റൽ സ്‌ട്രെങ്തും ഫിസിക്കൽ സ്‌ട്രെങ്തും വേണം എപ്പോഴും. മെന്റൽ സ്‌ട്രെങ്തിനു വേണ്ടി ഞാൻ സ്വീകരിച്ച വഴി പ്രാർഥനയായിരുന്നെന്നും ധന്യ പറയുന്നു.
ജീസസിനേയും മാതാവിനേയും ഇഷ്ടമാണ്. ഞാൻ ഒരു വിശ്വാസിയാണ്. ആഗ്രഹിക്കുന്നത് എനിക്ക് കിട്ടുന്നുണ്ട്. എല്ലാ ദിവസവും വർക്കൗട്ട് ചെയ്യാറുണ്ട്. ജിംനാസ്റ്റിക് ക്ലാസുകൾക്ക് പോകുന്നത് ഭർത്താവിന്റെ കൂടെയാണ്. യോഗയും ചെയ്യുമായിരുന്നു. കോളേജിൽ പഠിക്കുമ്പോൾ മുതൽ യോഗ ചെയ്യുമായിരുന്നെന്നും ധന്യ മേരി വർഗീസ് അഭിമുഖത്തിൽ പറയുന്നുണ്ട്.
2010 ലാണ് ജോണിനെ പരിചയപ്പെട്ടത്. അന്ന് പിന്നെ അധികം സംസാരിച്ചൊന്നുമില്ല, കുറച്ചു മാസങ്ങൾക്ക് ശേഷം വീണ്ടും കണ്ടു. പിന്നീട് യുഎസിൽ ഒരു ഷോ വന്നു. ഇരുവരും എപ്പോഴും ഡാൻസിന് വേണ്ടിയാണ് ഒന്നിച്ചിട്ടുള്ളത്. നല്ല പ്രൊജക്ടുകൾക്കായി കാത്തിരിക്കുകയാണ്. നല്ല സിനിമകൾ, നല്ല കഥാപാത്രങ്ങൾ ചെയ്യണം. എല്ലാം നിർത്തിയിടത്ത് നിന്ന് വീണ്ടും തുടങ്ങണമെന്നാണ് ആഗ്രഹമെന്നും ധന്യ പറഞ്ഞു.