പൊതുവെ ചിരിച്ചാണ് കാണാറുള്ളതെങ്കിലും ജീവിതത്തിൽ അത്ര നല്ല അനുഭവങ്ങളിലൂടെയായിരുന്നില്ല താൻ കടന്നുപോയതെന്ന് ദയ ഗായത്രി പറയുന്നു. അടുത്തിടെയായിരുന്നു ദയ പ്രണയം പരസ്യമാക്കിയത്. ട്രാൻസ് വുമണായ ശ്രുതി സിതാരയെ ജീവിതത്തിലേക്ക് കൂടെക്കൂട്ടുകയാണെന്നായിരുന്നു ദയ പറഞ്ഞത്.
പ്രിയപ്പെട്ടവരെല്ലാം ഇവർക്ക് ആശംസകൾ അറിയിച്ചെത്തിയിരുന്നു. തന്റെ ജീവിതകഥ പറഞ്ഞുള്ള ദയ ഗായത്രിയുടെ വീഡിയോ വൈറലായിക്കൊണ്ടിരിക്കുകയാണ്. ജോഷ് ടോക്സിൽ ജീവിതകഥ പറഞ്ഞുള്ള വീഡിയോയാണ് വൈറലായിക്കൊണ്ടിരിക്കുന്നത്.
ALSO READ

എന്റെ പാസ്റ്റിനെക്കുറിച്ച് എല്ലാവർക്കും അറിയില്ല. കുട്ടിക്കാലം മുതലേ ഒരുപാട് പരിഹാസം കേൾക്കേണ്ടി വന്നിട്ടുണ്ട്. ശരീരത്തെക്കുറിച്ച് പറഞ്ഞ് പലരും പരിഹസിച്ചിട്ടുണ്ട്. നാട്ടിലും വീട്ടിലുമുള്ളവരെല്ലാം കളിയാക്കുമായിരുന്നു. ഒരുപാട് വേദനിച്ചിട്ടുണ്ട് അന്നൊക്കെ. കുട്ടിക്കാലം മുതലേ തന്നെ ജോലികളെല്ലാം ചെയ്യുമായിരുന്നു. മുല്ലപ്പൂ തോട്ടത്തിൽ മുല്ലപ്പൂ പറിച്ചുകൊടുക്കാനും കപ്പ നനയ്ക്കാനും ജാതിക്ക പെറുക്കിക്കൊടുക്കാനുമൊക്കെ പോവുമായിരുന്നു.
പ്ലസ് ടു കഴിഞ്ഞ് ഡിഗ്രിക്ക് ജോയിൻ ചെയ്തെങ്കിലും ചിലരുടെ പരിഹാസം കാരണം അവിടെ നിന്ന് പോരുകയായിരുന്നു. കരഞ്ഞുനിലവിളിച്ചാണ് ആ കോളേജിൽ നിന്നും ഇറങ്ങിയത്. അതിന് ശേഷമായാണ് മഹാരാജാസ് കോളേജിലേക്ക് എത്തിയത്. അവിടെയും പരിഹാസങ്ങളുണ്ടായിരുന്നുവെങ്കിലും പഠനം പൂർത്തിയാക്കുമെന്ന വാശിയുണ്ടായിരുന്നു. ഇടയ്ക്കൊരു റിലേഷൻഷിപ്പുണ്ടായിരുന്നുവെങ്കിലും അത് ബ്രേക്കായപ്പോൾ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. മരണത്തോട് അടുത്തത് കൊണ്ട് ജീവിതം എത്ര വിലപ്പെട്ടതാണെന്ന് അന്ന് മനസിലായി.
ALSO READ

ഐഡന്റിറ്റി വലിയ പ്രശ്നമായി മാറിയപ്പോഴാണ് വീടുവിട്ടിറങ്ങിയത്. ഭക്ഷണം കഴിക്കാൻ പോലും പൈസയില്ലാത്ത അവസ്ഥയുണ്ടായിരുന്നു. മൂന്നുനേരമില്ലെങ്കിലും അരവയറെങ്കിലും നിറയ്ക്കണമെന്നേയുണ്ടായിരുന്നുള്ളൂ. ഇനിയും പഠിക്കണം, സർജറി ചെയ്യണം എന്നാഗ്രഹമുണ്ടായിരുന്നു. ട്രാൻസ്ജെൻഡർ റിസർവേഷനിലൂടെയായി പഠിക്കാൻ അവസരം കിട്ടിയത്. രഞ്ജു അമ്മയെ കണ്ടുമുട്ടിയതോടെയാണ് ജീവിതം മാറിയത്. പഠനത്തിലും മറ്റ് കാര്യങ്ങളിലുമെല്ലാം പ്രചോദനമേകിയത് അമ്മയാണെന്നുമായിരുന്നു ദയ ഗായത്രി പറഞ്ഞത്.









