മലയാളികളുടെ പ്രിയപ്പെട്ട താരപുത്രനും നടനുമാണ് ഗോകുൽ സുരേഷ്. പിതാവ് സുരേഷ് ഗോപിയുടെ പാത പിന്തുടർന്ന് സിനിമയിൽ എത്തിയ ഗോകുൽ സുരേഷ് വളരെ പെട്ടെന്ന് തന്നെ ശ്രദ്ധേയനായി മാറുക ആയിരുന്നു. രണ്ട് സിനിമകളാണ് ഗോകുലിന്റേതായി അടുത്തിടെതിയേറ്ററുകളിൽ എത്തിയത്.
പാപ്പൻ, സായാഹ്ന വാർത്തകൾ എന്നിവയായിരുന്നു ആ ചിത്രങ്ങൾ. സുരേഷ് ഗോപിയെ നായകനാക്കി ജോഷി സംവിധാനം ചെയ്ത പാപ്പനിൽ വളരെ ചെറിയ വേഷയിരുന്നു ഗോകുലിന്റേത്. കഥാപാത്രം ചെറുതാണെങ്കിലും മികച്ച പ്രകടനമാണ് താരം കാഴ്ചവെച്ചത്. നവാഗതനായ അരുൺ ചന്ദു സംവിധാനം ചെയ്ത സായാഹ്ന വാർത്തകളിൽ ഗോകുലാണ് നായകനായി എത്തിയത്.

ഇതിനിടെ, ഗോകുലും ദുൽഖർ സൽമാനും ആദ്യമായി ഒന്നിക്കുന്ന കിങ് ഓഫ് കൊത്ത റിലീസിന് ഒരുങ്ങുകയാണ്. കഴിഞ്ഞ ദിവസം പുറത്തുവന്ന ചിത്രത്തിന്റെ ടീസർ ശ്രദ്ധ നേടിയിരുന്നു. അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ചിത്രം ഓണത്തിനാണ് റിലീസ് ചെയ്യുന്നത്.
ഇപ്പോഴിതാ മകനെ കുറിച്ച് സുരേഷ് ഗോപി ഒരു അഭിമുഖത്തിൽ സംസാരിച്ചതാണ് വീണ്ടു ംചർച്ചയാകുന്നത്. മമ്മൂട്ടിയുടെ മകൻ അഭിനയിക്കുന്നു എന്ന് പറയുമ്പോൾ ദുൽഖറിന് മേൽ വരുന്ന ഭാരം ഗോകുൽ സുരേഷിനുണ്ടാവില്ല എന്നാണ് അച്ഛനും നടനുമായ സുരേഷ് ഗോപി പറയുന്നത്.

അതിന് കാരണം താൻ ഒരു വലിയ ആക്ടറല്ല എന്നതാണ് എന്നും സുരേഷ് ഗോപി പറഞ്ഞു. ജിഞ്ചർ മീഡിയ എന്റർടെയ്ൻമെന്റിന് നൽകിയ അഭിമുഖത്തിൽ ഗോകുലിനൊപ്പം പങ്കെടുത്തപ്പോഴാണ് സുരേഷ് ഗോപി ഇക്കാര്യം പ്രതികരിച്ചത്.

ഇക്കാര്യത്തിൽ താൻ മോഡെസ്റ്റാവുന്നതല്ല. പക്ഷേ യേശുദാസിന്റെ മകൻ പാടുന്നു, എന്ന് പറയുമ്പോഴുള്ള വിജയ്ക്ക് ഉണ്ടാകുന്ന ലോഡ്, മമ്മൂട്ടിയുടെ മകൻ അഭിനയിക്കുന്നു എന്ന് പറയുമ്പോൾ ദുൽഖറിനുള്ള ലോഡ്, പ്രണവിന് ഉള്ള ലോഡ്, അത് എന്തായാലും ഗോകുലിന് ഉണ്ടാവില്ലെന്നും കാരണം താൻ അത്രയും വലിയ ആക്ടറല്ലെന്നുമാണ് സുരേഷ് ഗോപി പറഞ്ഞത്.
അതേസമയം, തനിക്ക് അച്ഛൻ അങ്ങനെ ഒരു പ്രഷർ തന്നിട്ടില്ലെന്ന് ഗോകുലും പറയുന്നുണ്ട്. അച്ഛൻ സ്വന്തം കരിയറിൽ അങ്ങനെ ഒരു പ്രഷർ ബിൽഡ് ചെയ്തിട്ടില്ല. അതുകൊണ്ട് തന്നെ ഞങ്ങൾക്കും അങ്ങനൊരു പ്രഷർ തന്നിട്ടില്ല. നിനക്ക് ഇങ്ങനെ ഒരു ഉത്തരവാദിത്തമുണ്ട്, അത് കളയരുത് എന്ന് പറഞ്ഞ് ടെൻഷനടിപ്പിക്കില്ല. പഠിത്തത്തിന്റെ കാര്യമാണെങ്കിലും സിനിമയുടെ കാര്യമാണെങ്കിലും പ്രഷർ തന്നിട്ടേയില്ല,ഗോകുൽ സുരേഷ് പറഞ്ഞു.

ഇതുകൂടാതെ മറ്റൊരു അഭിമുഖത്തിൽ ഗോകുലിന്റെ സിനിമകൾ കാണാറില്ലെന്നും സുരേഷ് ഗോപി വെളിപ്പെടുത്തിയിരുന്നു. ഗോകുലിന്റെ സിനിമകളൊന്നും കാണാറില്ലായിരുന്നു. ഇര വന്നപ്പോൾ രാധിക തന്നോട് പറഞ്ഞു, ഏട്ടൻ ഇതുവരെ ഇറങ്ങിയ അവന്റെ രണ്ട് പടവും കണ്ടിട്ടില്ല, ഇര നന്നായി ഓടുന്നു, ഉണ്ണി മുകുന്ദൻ വരെ ചോദിക്കുന്നുണ്ട് പടം കണ്ടിട്ട് അച്ഛൻ വല്ലോം പറഞ്ഞോന്ന്. അച്ഛൻ അങ്ങനെ അവന്റെ സിനിമ കാണാറില്ലെന്നാണ് രാധിക ഉണ്ണി മുകുന്ദനോട് പറഞ്ഞതെന്നും സുരേഷ് ഗോപി വ്യക്തമാക്കി.

ഏട്ടൻ അവന്റെ പടങ്ങൾ പോലും കാണുന്നില്ലെന്ന് അവന് പരാതിയുണ്ടെന്ന് രാധിക പറഞ്ഞു. അങ്ങനെ താൻ ഏരിസ് ഫ്‌ളെക്‌സിൽ പോയിരുന്ന് ഇര കണ്ടു. അവിടെ വെച്ച് തനിക്ക് കുറ്റബോധം തോന്നിയെന്നാണ് സുരേഷ് ഗോപി പറഞ്ഞത്.
അവൻ ആ സിനിമ ഡബ്ബ് ചെയ്യുന്ന സമയത്ത് ഒന്ന് കൂടെ പോയിരുന്നെങ്കിൽ ചില ഏരിയകൾ ബ്ലാസ്റ്റ് ചെയ്തുകൊടുക്കാമായിരുന്നു. അവന്റെ പൊട്ടൻഷ്യൽ അതിലുണ്ട്. പക്ഷേ അത് ഒന്ന് ബൂസ്റ്റ് ചെയ്ത് വിടണമെന്നും അദ്ദേഹം പ്രതികരിച്ചു.
ഗോകുൽ അങ്ങനെയൊരു ഫേസിൽ നിൽക്കുകയാണ്. അവന് ഒരുപാട് പഠിക്കാനുണ്ട്. ശരിയായത് അവൻ തെരഞ്ഞെടുക്കുന്ന സമയം വരും. അത് വരുന്നത് വരെ കാത്തിരിക്കാമെന്നും സുരേഷ് ഗോപി പറയുന്നു.









