മലയാളത്തിന്റെ പ്രിയനടി കെപിഎസി ലളിതയുടെ വിയോഗത്തിന്റെ ഞെട്ടലിലാണ് സിനിമാലോകം. ഇപ്പോഴിതാ തിലകന്റേയും ലളിതയുടേയും പിണക്കത്തിന്റ കഥയും വീണ്ടും ചർച്ചയാവുകയാണ്.
എപ്പോഴും സ്വന്തം നിലപാടുകൾ തുറന്നടിച്ച് വ്യക്തമാക്കുന്ന പ്രകൃതമായിരുന്നു തിലകന്റേത്. സഹപ്രവർത്തകരുമായും അദ്ദേഹം വഴക്കടിച്ചിരുന്നു. കെപിഎസി ലളിതയും തിലകനും തമ്മിലുണ്ടായിരുന്ന പിണക്കവും ഇണക്കവും മലയാള സിനിമയിലെ പരസ്യമായ രഹസ്യമാണ്. വർഷങ്ങളോളം മിണ്ടാതിരുന്ന ഇരുവരുടേയും പിണക്കം പരിഹരിച്ചത് ശ്രീവിദ്യയായിരുന്നു. ഇവരുടെ ഇണക്കവും പിണക്കവും സിനിമാകോളങ്ങളിൽ ചർച്ചയായി മാറിയിരുന്നു. ആ സംഭവം ഇങ്ങനെയാണ്.

തിലകനും കെപിഎസി ലളിതയും ഒന്നിച്ച് അഭിനയിക്കേണ്ടിയിരുന്ന സിനിമ എന്തോ കാരണത്താൽ മുടങ്ങിയിരുന്നു. അതിന് ശേഷമായാണ് ഭരതൻ ചമയം എന്ന ചിത്രം ഒരുക്കുന്നത്. ആ സിനിമയിൽ കെപിഎസി ലളിതയ്ക്ക് വേഷമില്ലായിരുന്നു. മുരളിയുടെ വേഷത്തിലേക്ക് ആദ്യം പരിഗണിച്ചിരുന്നത് തിലകനെയായിരുന്നു. അദ്ദേഹത്തിന്റെ അനോരാഗ്യവും വെള്ളത്തിലിറങ്ങാനുള്ള ബുദ്ധിമുട്ടും മനസിലാക്കിയതോടെയാണ് ആ വേഷത്തിലേക്ക് മുരളിയെ തീരുമാനിച്ചത്.
ALSO READ

മറ്റൊരു സിനിമയുടെ ലൊക്കേഷനിൽ വെച്ച് കണ്ടപ്പോൾ അന്ന് നഷ്ടമായ സിനിമയെക്കുറിച്ച് പറഞ്ഞ് തിലകൻ ചേട്ടൻ തന്നോട് വഴക്കുണ്ടാക്കുകയായിരുന്നു എന്നായിരുന്നു മുൻപൊരു അഭിമുഖത്തിൽ കെപിഎസി ലളിത പറഞ്ഞത്. ചമയത്തിലെ വേഷം നഷ്ടമാവാൻ കാരണം ലളിതയാണെന്നും സിനിമയിൽ ജാതിക്കളിയാണെന്നുമൊക്കെയായിരുന്നു അദ്ദേഹം പറഞ്ഞത്. അത് കേട്ട് ഞാനും എന്തൊക്കെയോ പറഞ്ഞു. അങ്ങനെയാണ് ഞങ്ങൾ തെറ്റിയതെന്നും അന്ന് ലളിത പറഞ്ഞിരുന്നു.
ആ വഴക്കിന് ശേഷം പിന്നീട് ഇരുവരും അങ്ങനെ സംസാരിക്കാറൊന്നുമില്ലായിരുന്നു. വഴക്കിട്ടതിന് ശേഷവും ഒന്നിച്ച് സിനിമകൾ ചെയ്തിരുന്നു. സ്ഫടികം, ഹാർബർ ഈ സിനിമകളൊന്നും ചെയ്തിരുന്ന സമയത്തൊന്നും ഇരുവരും സംസാരിക്കാറുണ്ടായിരുന്നില്ല. സ്ഫടികത്തിലെ കഥാപാത്രത്തെക്കുറിച്ച് പറഞ്ഞപ്പോൾ കൂടെ അഭിനയിക്കാൻ തിലകൻ ചേട്ടൻ സമ്മതിച്ചോയെന്നായിരുന്നു കെപിഎസി ലളിത അണിയറപ്രവർത്തകരോട് ചോദിച്ചത്.
ALSO READ

സമാഗമം എന്ന പരിപാടിക്കായി വിളിച്ചപ്പോൾ ഇതേക്കുറിച്ച് പറയുമെന്ന് തിലകൻ ചേട്ടനോട് പറഞ്ഞപ്പോൾ പറഞ്ഞോളൂയെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. അനിയത്തിപ്രാവെന്ന സിനിമയുടെ ചിത്രീകരണത്തിനിടയിൽ ശ്രീവിദ്യ ഇടപെട്ടാണ് ഇരുവരുടേയും പിണക്കം അവസാനിപ്പിച്ചത്. സിനിമയുമായി ബന്ധപ്പെട്ട യാത്രകൾക്കിടയിലും മറ്റുമൊക്കെയായി അദ്ദേഹം ഒരുപാട് പണി ഒപ്പിച്ചിട്ടുണ്ട്, സ്നേഹത്തോടെയുള്ള ഉപദ്രവമായിരുന്നു എല്ലാമെന്നും കെപിഎസി ലളിത അന്ന് പറഞ്ഞത്.









