ധനുഷും ടൊവീനോയും തിയേറ്ററുകള്‍ പൂരപ്പറമ്പാക്കാന്‍ നേര്‍ക്കുനേര്‍; ‘മാരി 2’ ന്റെ റിലീസിംഗ് തീയതി പുറത്തു വിട്ടു

21

മലയാളത്തിന്റെ യുവനടന്‍ ടൊവീനോ തോമസും തമിഴ് സൂപ്പര്‍ സ്റ്റാര്‍ ധനുഷും നേര്‍ക്കുനേര്‍ എത്തുന്ന തമിഴ് ചിത്രം മാരി 2 ഡിസംബര്‍ 21 ന് തിയേറ്ററുകളില്‍ എത്തും. സെന്‍സറിംഗ് പൂര്‍ത്തിയായ ചിത്രത്തിന് യുഎ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്.

ധനുഷ് ഗ്യാങ്സ്റ്റര്‍ ആയി വേഷമിട്ട ഹിറ്റ് ചിത്രം മാരിയുടെ രണ്ടാം ഭാഗമാണ് മാരി 2. ചിത്രത്തെ വളരെ പ്രതീക്ഷയോടെയാണ് മലയാളി പ്രേക്ഷകരും കാത്തിരിക്കുന്നത്. ചിത്രത്തില്‍ ടൊവീനോ ധനുഷിന്റെ വില്ലനായാണ് എത്തുന്നത്. ചിത്രത്തിലെ ടോവിനോയുടെ മെയ്ക്കോവര്‍ ഏറെ ശ്രദ്ധ നേടിയിരുന്നു.

Advertisements

ബാലാജി മോഹന്‍ സംവിധാനം ചെയ്യുന്ന മാരി 2 വില്‍ സായി പല്ലവിയാണ് നായിക. ഓട്ടോ ഡ്രൈവറായാണ് സായ് വേഷമിടുന്നത്.

റോബോ ശങ്കര്‍, കല്ലൂരി വിനോദ്, വരലക്ഷ്മി ശരത്കുമാര്‍, കൃഷ്ണ എന്നിവരും ചിത്രത്തില്‍ മുഖ്യവേഷങ്ങളില്‍ എത്തുന്നു. ബാലാജി മോഹന്‍ തന്നെയാണ് ചിത്രത്തിന് തിരക്കഥ എഴുതിയിരിക്കുന്നത്.

2015ല്‍ ഇറങ്ങിയ മാരിയില്‍ വിജയ് യേശുദാസായിരുന്നു വില്ലന്‍. വണ്ടര്‍ബാര്‍ ഫിലിംസിന്റെ ബാനറില്‍ ധനുഷ് തന്നെയാണ് മാരി 2 നിര്‍മ്മിക്കുന്നത്.

യുവന്‍ ശങ്കര്‍ രാജയുടേതാണ് സംഗീതം. പത്ത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം യുവന്‍ ശങ്കര്‍ രാജ ധനുഷിന് വേണ്ടി സംഗീതം ഒരുക്കുന്ന ചിത്രം കൂടിയാണിത്. ചിത്രത്തിന്റെ ട്രെയിലര്‍ നാളെ റിലീസ് ചെയ്യും.

Advertisement