ഞങ്ങളുടെ സിനിമകളൊന്നും നിങ്ങള്‍ കണ്ടില്ലെങ്കിലും കുഴപ്പമില്ല; പബ്ലിസിറ്റിക്ക് വേണ്ടിയാണെന്ന് മാത്രം പറയരുത്: ടൊവിനോ തോമസ്

19

പബ്ലിസിറ്റിക്ക് വേണ്ടിയായാണ് പ്രളയദുരന്തത്തില്‍പ്പെട്ടവരെ സഹായിക്കുന്നത് എന്ന്‌പറഞ്ഞവര്‍ക്ക് മറുപടിയുമായി ടൊവിനോ തോമസ്. രക്ഷാപ്രവര്‍ത്തനം നടത്തിയത് പബ്ലിസിറ്റിക്ക് വേണ്ടിയാണെന്നുള്ള പ്രചാരണം വേദനിപ്പിച്ചുവെന്നും മനുഷ്യത്വത്തിന്റെ പേരിലാണ് സേവന രംഗത്തിറങ്ങിയതെന്നും ടൊവിനോ പറഞ്ഞു. ഇതിന്റെ പേരില്‍ തങ്ങളുടെ സിനിമകള്‍ ഒന്നും കണ്ടില്ലെങ്കിലും പ്രശ്‌നമില്ലെന്നും ടൊവിനോ വ്യക്തമാക്കി.

രക്ഷാപ്രവര്‍ത്തനം നടത്തിയത് പബ്ലിസിറ്റിക്ക് വേണ്ടിയാണെന്നുള്ള പ്രചാരണം വേദനിപ്പിച്ചു. മനുഷ്യത്വത്തിന്റെ പേരിലാണ് സേവന രംഗത്തിറങ്ങിയത്. ഈ വെള്ളപ്പൊക്കത്തില്‍പ്പെട്ടവര്‍ സിനിമ കാണാനായി ഇപ്പൊ തന്നെ തിയേറ്ററില്‍ വരുമെന്ന് പ്രതീക്ഷിക്കാന്‍ മാത്രം മണ്ടന്മാരല്ല ഞങ്ങള്‍. ഈ ചെയ്തതെല്ലാം മനുഷ്യത്വത്തിന്റെ പേരിലാണ്. ഞങ്ങള്‍ക്കൊക്കെ ഒരു മതമേയുള്ളൂ, ഒരു പാര്‍ട്ടിയെ ഉള്ളൂ. അത് മനുഷ്യത്വമാണ്. അതിന്റെ പേരില്‍ ചെയ്യുന്നതാണ്. ഇതിന്റെ പേരില്‍ നിങ്ങള്‍ ഞങ്ങളുടെ സിനിമകള്‍ ഒന്നും കണ്ടില്ലെങ്കിലും കുഴപ്പമില്ല. പക്ഷെ പബ്ലിസിറ്റിക്ക് വേണ്ടിയാണെന്ന് മാത്രം പറയരുത്. അങ്ങനെ കേള്‍ക്കുമ്പോള്‍ സങ്കടമുണ്ട്. ഞങ്ങള്‍ക്കൊന്നും വേണ്ട നിങ്ങള്‍ ഞങ്ങളുടെ സിനിമയും കാണണ്ട. ഞങ്ങളിതു ചെയ്‌തോളാം. ടൊവിനോ പറഞ്ഞു.

Advertisements

ആദ്യദിനം മുതല്‍ തന്നെ ഇരിങ്ങാലക്കുടയിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യമായിരുന്നു ടൊവിനോ തോമസ്. സുഹൃത്തുക്കള്‍ക്കൊപ്പം ക്യാമ്പിലെത്തി ആവശ്യമായ സഹായവിതരണങ്ങള്‍ നടത്തുകയും ക്യാമ്പിലേക്കാവശ്യമായ സാധനങ്ങള്‍ എത്തിച്ചു നല്‍കുകയും ക്യാമ്പിലുളളവരെ സന്ദര്‍ശിക്കുകയും ചെയ്തിരുന്നു ടൊവിനോ. കൂടാതെ സമീപപ്രദേശത്ത് ദുരിതത്തില്‍പ്പെട്ട ആര്‍ക്കും തന്റെ വീട്ടില്‍ താമസിക്കാന്‍ സൗകര്യമൊരുക്കാമെന്നും ടൊവിനോ നേരത്തേ വ്യക്തമാക്കിയിരുന്നു.

Advertisement