ജീവാംശത്തിന് പിന്നാലെ ‘വിജനതീരമേ’ എന്ന തീവണ്ടിയിലെ ഗാനവും ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

36

ജീവാംശമായി എന്ന തീവണ്ടിയിലെ ഗാനം വമ്പന്‍ ഹിറ്റായിരുന്നു. ഇപ്പോഴിതാ അതിന് പിന്നാലെ തീവണ്ടിയിലെ പുതിയ പാട്ടിനെയും ഏറ്റെടുത്തിരിക്കുകയാണ് സോഷ്യല്‍ മീഡിയ. കഴിഞ്ഞ ദിവസം പുറത്തു വിട്ട വിജന തീരമേ എന്ന ഗാനത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

Advertisements

യൂട്യൂബില്‍ റീലീസ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ഒരു ലക്ഷത്തിലധികം ആളുകളാണ് ഗാനം കണ്ടത്. ഡോ. നിര്‍മ്മലാദേവിയുടേതാണ് ഗാനത്തിലെ വരികള്‍. കൈലാസ് മേനോന്‍ സംഗീതം നല്‍കിയ ഈ ഗാനം ആലപിച്ചിരിക്കുന്നത് നിവി വിശാലാണ്.

തൊഴില്‍ രഹിതനായ ബിനീഷ് എന്ന ചെറുപ്പക്കാരന്റെ ജീവിതം ആക്ഷേപ ഹാസ്യ രൂപേണ അവതരിപ്പിക്കുന്ന ചിത്രമാണ് തീവണ്ടി.

ചിത്രത്തില്‍ പുതുമുഖ നടി സംയുക്ത മേനോനാണ് നായിക. ചിത്രത്തില്‍ തൊഴില്‍രഹിതനായ ബിനീഷ് എന്ന കഥാപാത്രത്തെയാണ് ടൊവിനോ അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ ടൊവിനോയുടെ കാമുകിയുടെ റോളിലാണ് നടി എത്തുന്നത്.

ടൊവിനോയ്ക്കു പുറമെ സുരാജ് വെഞ്ഞാറമൂടും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സൈജു കുറുപ്പ്, സുരഭി ലക്ഷ്മി, സുധീഷ് തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

കോഴിക്കോട് ജില്ലയിലെ പയ്യോളിയിലാണ് ചിത്രത്തിന്റെ പ്രധാനഭാഗങ്ങള്‍ ചിത്രീകരിച്ചത്. ആക്ഷേപ ഹാസ്യരീതിയില്‍ ഒരുങ്ങുന്ന ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത് ദുല്‍ഖറിന്റെ സെക്കന്‍ഡ് ഷോയ്ക്കായി രചന നിര്‍വ്വഹിച്ച വിനി വിശ്വലാലാണ്.

Advertisement