ദൃശ്യം 2ന് സർക്കാർ ഭൂമി കൈയ്യേറി സെറ്റ് നിർമ്മാണം, എട്ടിന്റെ പണികൊടുത്ത് ഇടുക്കി ജില്ലാ കളക്ടർ

330

മലയാളത്തിന്റെ താരരാജാവ് മോഹൻലാൽ നായകനാകുന്ന പുതിയചിത്രം ദൃശ്യം 2 ന്റെ അണിയറക്കാർക്ക് പിഴയിട്ട് ഇടുക്കി ജില്ലാ കളക്ടർ. പച്ചത്തുരുത്ത് പദ്ധതി പ്രദേശം കൈയ്യേറി സെറ്റ് നിർമ്മിച്ചുവെന്ന് ആരോപിച്ച് ചിത്രീകരണം ഹരിത കേരളം പദ്ധതിയുടെ പ്രവർത്തകരെത്തി തടഞ്ഞിരുന്നു.

ഇടുക്കി തൊടുപുഴയിൽ കുടയത്തൂർ കൈപ്പകവലയിലെ സർക്കാർ ഭൂമിയിലെ സംരക്ഷിത വന പ്രദേശം സിനിമാസംഘം കൈയ്യേറിയെന്നാണ് ഹരിത കേരളം പദ്ധതി പ്രവർത്തകർ ആരോപിക്കുന്നത്. ഹരിത കേരളം പദ്ധതിയുടെ ഭാഗമായി കുടുംബശ്രീയുടെ സഹായത്തോടെ മരത്തൈകൾ നട്ട് പരിപാലിക്കുകയായിരുന്ന സ്ഥലത്ത്, പഞ്ചായത്തിനെ അറിയിക്കാതെ സിനിമയ്ക്കായി സെറ്റിട്ടതാണ് കുടയത്തൂർ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിലെത്തിയ ഹരിത മിഷൻ പ്രവർത്തകർ തടഞ്ഞത്.

Advertisements

നേരത്തെ ദൃശ്യം ഒന്നാം ഭാഗത്തിലെ പൊലീസ് സ്റ്റേഷൻ സെറ്റിട്ട പ്രദേശത്ത് തന്നെയാണ് പുതിയ സെറ്റും നിർമ്മാണത്തിലുണ്ടായിരുന്നത്. പഞ്ചായത്തിന്റെ പരാതിയെ തുടർന്ന് ഇടുക്കി ജില്ലാ കളക്ടർ പ്രശ്നത്തിൽ ഇടപെടുകയും, ചിത്രത്തിന്റെ നിർമ്മാതാവിനോട് ഇരുപത്തി അയ്യായിരം രൂപ കെട്ടിവെയ്ക്കാൻ നിർദേശിക്കുകയും ചെയ്തു.

മൂവാറ്റുപുഴ വാലി ഇറിഗേഷൻ പദ്ധതി പ്രദേശത്ത് ചിത്രീകരണാനുമതി വാങ്ങിയിരുന്നുവെന്നും, പച്ചത്തുരുത്ത് പദ്ധതി പ്രദേശമാണെന്ന് അറിയാതെയാണ് സെറ്റിട്ടതെന്നും സിനിമയുടെ അണിയറ പ്രവർത്തകർ വിശദീകരിച്ചു.

മരത്തൈകൾ നശിപ്പിക്കാതെ തന്നെ നിശ്ചിത സ്ഥലത്ത് ചിത്രീകരണം തുടരുമെന്നും അവർ അറിയിച്ചു.
ലോക്ക്ഡൗണിന് ശേഷം മോഹൻലാൽ ആദ്യമായ് അഭിനയിക്കുന്ന ചിത്രമെന്ന പ്രത്യേകതയുമായ് ദൃശ്യം 2 കഴിഞ്ഞ മാസം 21 ന് കൊച്ചിയിൽ ചിത്രീകരണം ആരംഭിച്ചിരുന്നു.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കർശന നിയന്ത്രണങ്ങളോടെ, എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ച്, ചിത്രീകരണം തുടങ്ങിയ സിനിമയുടെ ആദ്യഘട്ടം കൊച്ചിയിൽ പൂർത്തിയായതിന് പിന്നാലെ, തൊടുപുഴയിലാണ് നിലവിൽ ചിത്രീകരണം പുരോഗമിക്കുന്നത്.

ദൃശ്യം ആദ്യ ഭാഗമൊരുക്കിയ ജീത്തു ജോസഫ് തന്നെയാണ് രണ്ടാം ഭാഗത്തിന്റെയും കഥയെഴുതി സംവിധാനം ചെയ്യുന്നത്. ജോർജുകുട്ടിയുടെയും കുടുംബത്തിന്റെയും കഥ തന്നെയാണ് ദൃശ്യം 2. വലിയൊരു കേസിൽ നിന്ന് മുക്തരായ ശേഷം ജോർജുകുട്ടിയുടെയും കുടുംബത്തിന്റെയും ഇപ്പോഴത്തെ ജീവിതാവസ്ഥ വിവരിക്കുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം എന്നാണ് സൂചന.

ആദ്യ ഭാഗത്തിലെ അഭിനേതാക്കളായ മീന, എസ്തർ അനിൽ, അൻസിബ ഹസൻ, സിദ്ദിഖ്, ആശ ശരത്, കലാഭവൻ ഷാജോൺ എന്നിവർക്കൊപ്പം മുരളി ഗോപി, സായികുമാർ, ഗണേഷ് കുമാർ എന്നിവരും പുതുതായ് ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്.

Advertisement