ചാവക്കാട് എടക്കഴിയൂരിൽ പ്രവാസിയുടെ ഭാര്യയായ യുവതി കിടപ്പറയിലെ ജനാലയിൽ തൂങ്ങിമരിച്ച നിലയിൽ, സംഭവത്തിൽ ദുരൂഹത

40

ചാവക്കാട്: തൃശ്ശൂർ ചാവക്കാട് എടക്കഴിയൂരിൽ വിവാഹിതയായ യുവതിയെ കിടപ്പറയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.

എടക്കഴിയൂർ ജുമാഅത്ത് പള്ളിക്ക് പടിഞ്ഞാറ് പരേതനായ മടാടത്തയിൽ അഹമ്മദിന്റെ മകളും അണ്ടത്തോട് പ്രാഥമികാരോഗ്യ കേന്ദ്രത്തിനു സമീപം ആലുങ്ങൽ റഹീമിന്റെ ഭാര്യയുമായ ഷജീറയെ (26) ആണ് തൂങ്ങി മരിച്ച നിലയിൽ കണ്ടത്.

Advertisements

ഇന്ന് പുലർച്ചെ നാലരയോടെയാണ് സംഭവം വീട്ടുകാരറിയുന്നത്. കിടപ്പറയിലെ ജനൽ വിരിയിൽ തൂങ്ങിയ നിലയിലായിരുന്നു.

ഷജീറയെ കൂടാതെ വീട്ടിൽ മാതാവും അനുജത്തിയും മാത്രമാണുണ്ടായിരുന്നത്. രണ്ടു വയസ്സുകാരനായ മകന്റെ നിർത്താതെയുള്ള കരച്ചിൽ കേട്ടാണ് വീട്ടുകാർ മുറിയിലേക്ക് വന്നത്.

സംഭവത്തിൽ ദുരൂഹതയുണ്ടെന്നാണ് ബന്ധുക്കളുടെ ആരോപണം. യുവതിയുടെ മുഖത്ത് കൈയമർത്തി പിടിച്ചതിന്റെയും മറ്റും പാടുകൾ ഉള്ളതായി ബന്ധുക്കൾ ആരോപിക്കുന്നു.

കുന്നംകുളം എസിപി എ മുരളീധരൻ, ചാവക്കാട് സിഐ എംകെ സജീവ്, എസ്‌ഐ ശശീന്ദ്രൻ മേലയിൽ തുടങ്ങിയവർ സംഭവസ്ഥലത്തെത്തി.

ഫോറൻസിക്, വിരലടയാള വിദഗ്ദരും പരിശോധന നടത്തി. പോലിസ് നായ ഡോണയുടെ പരിശോധനയുമുണ്ടായി. അസ്വാഭാവിക മരണത്തിന് പോലിസ് കേസെടുത്തു.

ചാവക്കാട് താഹസിൽ കെവി ആംബ്രോസ് ഇൻക്വസ്റ്റ് നടത്തി. പോസ്റ്റ് മോർട്ടത്തിനു ശേഷം വിശദമായ റിപ്പോർട്ട് ലഭിച്ചാലേ കൂടുതൽ എന്തെങ്കിലും പറയാനാകൂ.

തൃശൂർ ഗവ. മെഡിക്കൽ കോളജിൽ പോസ്റ്റ് മോർട്ടത്തിനു ശേഷം മൃതദേഹം എടക്കഴിയൂരിലെ വീട്ടിലെത്തിച്ചു.
അൽഐനിലുള്ള ഷജീറയുടെ ഭർത്താവ് റഹീം എത്തിയ ശേഷം ഖബറടക്കം ശനിയാഴ്ച എടക്കഴിയൂർ ജുമാഅത്ത് പള്ളി ഖബർ സ്ഥാനിൽ നടക്കും.

Advertisement