പ്രളയക്കെടുതി; ഇക്കൊല്ലത്തെ ഓണപ്പരീക്ഷ ഒഴിവാക്കിയേക്കും

28

തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതി നേരിട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഇത്തവണ ഓണപ്പരീക്ഷ ഒഴിവാക്കിയേക്കും. ഓണപ്പരീക്ഷകള്‍ ഒഴിവാക്കി പകരം ക്ലാസ്സ് തുടങ്ങാനാണ് പൊതുവിദ്യാഭ്യാസ, ഹയര്‍ സെക്കന്‍ഡറി വകുപ്പുകള്‍ നിര്‍ദ്ദേശം മുന്നോട്ടുവെച്ചിട്ടുള്ളത്. വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തില്‍ 29ന് ചേരുന്ന ഉന്നതതലയോഗത്തില്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കും.

മഴക്കെടുതിയില്‍ ഒരുപാട് വിദ്യാര്‍ത്ഥികള്‍ക്ക് പാഠപുസ്തകം നഷ്ടപ്പെടുകയും ചെയ്തിട്ടുണ്ട്. ഓണാവധി കഴിഞ്ഞ് 31ന് പരീക്ഷ നടത്താനായിരുന്നു തീരുമാനം എന്നാല്‍ പരീക്ഷ നടത്തിപ്പിന് ആവശ്യമായ പാഠഭാഗങ്ങള്‍ പഠിപ്പിച്ചു തീര്‍ന്നിട്ടില്ല. പ്രളയത്തെ തുടര്‍ന്ന് സ്‌കൂളുകള്‍ക്ക് അവധി നല്‍കിയതും പഠനത്തെ ബാധിച്ചു. ഈ സാഹചര്യങ്ങള്‍ പരിഗണിച്ചാണ് ഓണപ്പരീക്ഷ മാറ്റിവെയ്ക്കാന്‍ നിര്‍ദ്ദേശം വെച്ചിരിക്കുന്നത്.

Advertisements

സ്‌കൂളുകള്‍ 29ന് തുറക്കുമെങ്കിലും ഓണപ്പരീക്ഷ വിപുലമായി നടത്താന്‍ ഇനി സമയമില്ല. ഓണപ്പരീക്ഷ വലിയ രീതിയില്‍ നടത്തിയാല്‍ അത് ക്രിസ്മസ് പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പിനെയും പരീക്ഷയെയും ബാധിക്കും. കൂടാതെ എല്ലാ വര്‍ഷവും ഓണം, ക്രിസ്മസ് പരീക്ഷകള്‍ നടത്തുന്നത് അധികചെലവാണെന്ന വിലയിരുത്തലും സര്‍ക്കാരിനുണ്ട്.

Advertisement