അന്ധനായ വൃദ്ധനെ സഹായിക്കാൻ ബസിനു പിന്നാലെ ഓടിയെത്തിയ യുവതി തിരുവല്ലക്കാരി സുപ്രിയയ്ക്ക് രാജ്യത്തിന്റെ കൈയ്യടി

8

തിരുവല്ല: അന്ധനായ വ്യക്തിയെ ബസിൽ കയറാൻ സഹായിച്ച യുവതിയുടെ നല്ല മനസിന് കയ്യടിച്ച് രാജ്യം. കേരളത്തിൽ നിന്നുള്ള മനോഹരവും മനുഷ്യത്വപരവുമായ ഈ കാഴ്ച വിജയകുമാർ ഐപിഎസാണ് ട്വിറ്ററിലൂടെ പങ്കുവച്ചത്

ഒരുപാടകലെ നിർത്തിയിട്ട കെഎസ്ആർടിസി ബസിൽ കയറുന്നതിനായി ബുദ്ധിമുട്ടിയ വൃദ്ധനെ സഹായിക്കാനായി ബസിനടുത്തേയ്ക്ക് ഓടിയെത്തുകയായിരുന്നു തിരുവല്ലക്കാരി സുപ്രിയ. അൽപ നിമിഷം ബസ് നിർത്തിയിടണമെന്നും അന്ധനായ ഒരാൾ കൂടി വരുന്നുണ്ടെന്നും കണ്ടക്ടറെ സുപ്രിയ അറിയിക്കുകയായിരുന്നു.

ഇതിനുശേഷം വീണ്ടും തിരിച്ചോടിയെത്തി വൃദ്ധനെ കൂട്ടിക്കൊണ്ടുവന്ന് ബസിൽ കയറ്റി. സുപ്രിയയുടെ നല്ല മനസിനെ ദേശീയ മാധ്യമങ്ങളടക്കം വാർത്തയാക്കുകയായിരുന്നു. സോഷ്യൽ മീഡിയയിൽ ഇപ്പോഴും ഈ ദൃശ്യങ്ങൾ പ്രചരിക്കുകയാണ്.

‘കണ്ണുകൾ നിറയുന്നുവെന്നും’, ‘ദൈവത്തിന്റെ സ്വന്തം നാടാണിതെന്ന് പറയുന്നത് ഇതുകൊണ്ടാണെന്നും’ , അടക്കം നിരവധി ട്വീറ്റുകളാണ് ഈ വീഡിയോയ്ക്ക് ലഭിച്ചത്. മനുഷ്യത്വത്തിൽ പ്രതീക്ഷയുണ്ടെന്നായിരുന്നു മറ്റൊരു വ്യക്തിയുടെ ട്വീറ്റ്.

തിരുവല്ല ടൗണിൽ സേയിൽസ് വുമണായി ജോലിചെയ്യുകയാണ് സുപ്രിയ. മനുഷ്യത്വം നിറഞ്ഞ, പ്രതിഫലം ആഗ്രഹിക്കാത്ത ഒരു പ്രവൃത്തി, ജനങ്ങളേറ്റെടുത്തപ്പോൾ ഒറ്റദിവസംകൊണ്ട് താരമായിരിക്കുകയാണ് തിരുവല്ല സ്വദേശിനി സുപ്രിയ സുരേഷ്. നടുറോഡിലകപ്പെട്ട കാഴ്ചശക്തിയില്ലാത്ത വയോധികനെ സഹായിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.

വസ്ത്രവ്യാപാര സ്ഥാപനത്തിലെ ജോലികഴിഞ്ഞ് പതിവുപോല മടങ്ങവേയാണ് കാഴ്ചശക്തിയില്ലാത്ത വയോധികന് സുപ്രിയ സഹായമായത്. നന്മനിറഞ്ഞ ഈ പ്രവർത്തി പക്ഷെ, മറ്റൊരാൾ ചിത്രീകരിക്കുന്നതോ, ജനങ്ങൾ ഇത്രമേൽ ഏറ്റെടുക്കുമെന്നോ സുപ്രിയ സ്വപ്നത്തിൽപൊലും ചിന്തിച്ചില്ല.

ചുറ്റുമുള്ളവരെ ചേർത്തുപിടിക്കാൻ പഠിച്ചത് കുടുംബത്തിൽനിന്നുതന്നെ.അപ്രതീക്ഷിതമായി കണ്ട ദൃശ്യങ്ങൾ , സമീപത്തെ സ്ഥാപനത്തിൽ ജോലിചെയ്യുകയായിരുന്ന യുവാവാണ് മൊബൈലിൽ ചിത്രീകരിച്ചത്.. പ്രശംസകൾനിറഞ്ഞ സന്ദേശങ്ങൾ സുപ്രിയയെതേടി ധാരാളമെത്തുന്നു.

ഇക്കഴിഞ്ഞ ചൊവ്വാഴ്ച ആറരയോടെ ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് റോഡിൽ തപ്പിത്തടഞ്ഞുനിൽക്കുന്ന വയോധികനെ തിരുവല്ല ജോളി സിൽക്സിലെ ജീവനക്കാരിയായ സുപ്രിയ കാണുന്നത്. വേഗത്തിൽ വരുന്ന വാഹനങ്ങൾക്കിടയിൽ കാഴ്ചയില്ലാത്തയാളാണെന്ന് മനസ്സിലായതോടെ ഓടിയെത്തി കൈപിടിച്ചു. എവിടെപ്പോകാനെന്ന് ചോദിച്ചപ്പോൾ മഞ്ഞാടിയിലേക്കുള്ള ബസ് കിട്ടുമോയെന്നായി. റോഡരികിലേക്ക് നയിക്കുന്നതിനിടെ തിരുവല്ല ഡിപ്പോയിലേക്കുള്ള കെ.എസ്.ആർ.ടി.സി.ബസ് വരുന്നതുകണ്ട് കൈകാണിച്ചു.

അല്പം നീക്കി നിർത്തിയ ബസിനടുത്തേക്ക് ഓടി കണ്ടക്ടറോട് കാര്യം പറഞ്ഞു. തിരികെവന്ന് വയോധികന്റെ കൈപിടിച്ച് ബസിനകത്ത് എത്തിച്ചു. ബസിനടുത്തേക്ക് യുവതി ഓടുന്നതുമുതലുള്ള വീഡിയോയാണ് പ്രചരിച്ചത്. ദൃശ്യം മൊബൈലിൽ പകർത്തിയ കുരിശുകവല ആറ്റിൻകര ഇലക്ട്രോണിക്‌സിലെ സെയിൽസ്മാൻ ജോഷ്വാ അത്തിമൂട്ടിൽ, കൂട്ടുകാർക്ക് ഷെയർ ചെയ്തതോടെയാണ് പുറംലോകമറിഞ്ഞത്. നാലാംനിലയുടെ മുകളിരുന്നാണ് ദൃശ്യം പകർത്തിയത്. വഴിനടുവിൽ തപ്പിത്തടഞ്ഞ് നിൽക്കുന്ന വയോധികനെ യുവതി കൈപിടിച്ചപ്പോൾ ദൃശ്യംപകർത്തണമെന്ന് തോന്നിയെന്ന് ജോഷ്വാ പറഞ്ഞു.