അമ്മയില്‍ കലാപം മൂര്‍ച്ഛിക്കുന്നു; ഗുണ്ടായിസം അമ്മയില്‍ വച്ച് പൊറുപ്പിക്കാന്‍ കഴിയില്ല: സിദ്ദിഖിന് എതിരെ ബാബുരാജും ജഗദീഷും

24

കൊച്ചി: താരസംഘടനയായ എഎംഎംഎയിലെ എക്‌സിക്യൂട്ടീവ് അംഗങ്ങളായ ജഗദീഷും ബാബുരാജും ദിലീപിനെ പിന്തുണച്ച സിദ്ധിഖിനെ എതിര്‍ത്ത് കൊണ്ട് രംഗത്ത്. ഇവരുടെ ഓഡിയോ സന്ദേശം ഒരു മാധ്യമം പുറത്തുവിട്ടു. ദിലീപിനെ സംഘടനയുടെ പേരില്‍ പിന്തുണച്ചാല്‍ അതിനെതിരേ പരസ്യമായി രംഗത്തുവരുമെന്ന് ബാബുരാജും മോഹന്‍ലാലിന്റെ നിലപാടാണ് താന്‍ വ്യക്തമാക്കുന്നതെന്നും അതിനപ്പുറം ആരും ഒന്നും പറയേണ്ടതില്ലെന്നും ജഗദീഷും മുന്നറിയിപ്പ് നല്‍കുന്നു.

Advertisements

ബാബുരാജിന്റെ വാക്കുകള്‍

ഇന്നലെ നടത്തിയ സിദ്ധിക്ക് വാര്‍ത്താസമ്മേളനം ആരുടെ അറിവോടെയാണെന്ന് നമുക്ക് മനസിലായില്ല . ഇടവേള ബാബു ഒരു മെസേജ് മാത്രമാണ് അയച്ചത് . ഇതാണ് അമ്മയുടെ സ്റ്റാന്‍ഡ് ..ആരുടെ സ്റ്റാന്‍ഡ് ആണ്. ഇതൊക്കെ തെറ്റായ തീരുമാനങ്ങളാണ് രണ്ടഭിപ്രായത്തിലേക്ക് പോകേണ്ട കാര്യമില്ല. അവസാനമായി പറയുകയാണ് ഒരു സൂപ്പര്‍ ബോഡി തീരുമാനമെടുത്ത് മുന്നോട്ട് പോകാനാണ് തീരുമാനമെങ്കില്‍ അത് നടപ്പില്ല.

തമിഴ് പത്രങ്ങളിലൊക്കെ വാര്‍ത്ത വന്നിരിക്കുന്നത് ദിലീപിനെ പുറത്താക്കാന്‍ മോഹന്‍ലാല്‍ സമ്മതിക്കുന്നില്ല എന്നാണ്. ഇവര്‍ പറയുന്ന കാര്യങ്ങള്‍ക്ക് അടികൊള്ളുന്നത് മോഹന്‍ലാല്‍ ആണ്. ഇംഗ്ലീഷ് പത്രങ്ങളിലും വാര്‍ത്തയുണ്ട്. ഡബ്ല്യു.സി.സിയുമായുള്ള പ്രശ്നത്തിലൊക്കെ ദിലീപിനെ ന്യായീകരിക്കേണ്ട കാര്യമുണ്ടോ. ഇന്നലെ സിദ്ധിഖ് വാര്‍ത്താസമ്മേളനത്തില്‍ ദിലീപിനെ ന്യായീകരിക്കുകയായിരുന്നു. ലളിത ചേച്ചിയെ വാര്‍ത്താസമ്മേളനത്തില്‍ ഉള്‍പ്പെടുത്തേണ്ട കാര്യമുണ്ടോ?

എക്‌സിക്യൂട്ടീവ് കമ്മിറ്റി കൂടാതെ വേറെ സൂപ്പര്‍ ബോഡി ഉണ്ടോ? ദിലീപിനെ സപ്പോര്‍ട്ട് ചെയ്യണമെങ്കില്‍ വ്യക്തിപരമായി ചെയ്യട്ടെ. അത് സംഘടനയുടെ പേരില്‍ വേണ്ട. അമ്മ എന്ന സംഘടനയ്ക്ക് ദിലീപിനെ പിന്തുണയ്ക്കേണ്ട ആവശ്യമില്ല. അത് സമ്മതിക്കില്ല. ഇക്കാര്യം പൊതുവേദിയില്‍ പറയാനും മടിയില്ല. വ്യക്തിപരമായി പിന്തുണയ്ക്കട്ടെ. സംഘടനയുടെ പേരില്‍ വേണ്ട. അങ്ങനെ ചെയ്താല്‍ അതിനെതിരേ പരസ്യമായി രംഗത്തിറങ്ങും.

ജഗദീഷിന്റെ വാക്കുകള്‍

ഭീഷണിയുടെ സ്വരം അമ്മയില്‍ ഇനി വിലപ്പോവില്ല. എല്ലാവര്‍ക്കും അഭിപ്രായം പറയാനുള്ള സ്വാതന്ത്രൃം ഉണ്ടാകണം. അച്ചടക്കം തീര്‍ച്ചയായും വേണം. പക്ഷെ അതേസമയം വ്യക്തികളെ ഭീഷണിപ്പെടുത്തുക, കരിയര്‍ ഇല്ലായ്മ ചെയ്യുമെന്ന് പറയുക, നമ്മള്‍ രേഖപ്പെടുത്തുന്ന അഭിപ്രായത്തിന്റെ പേരില്‍ ഒറ്റപ്പെടുത്തുമെന്ന് പറയുക, അത്തരത്തില്‍ ഗുണ്ടായിസം അമ്മയില്‍ വച്ച് പൊറുപ്പിക്കാന്‍ കഴിയില്ല.

പ്രസിഡന്റിനൊപ്പം നമ്മള്‍ എല്ലാവരുമുണ്ട്. അതില്‍ കവിഞ്ഞ ഒരു പോസ്റ്റ് AMMAയില്‍ ഉണ്ടെന്നു ഞാന്‍ വിശ്വസിക്കുന്നില്ല. പ്രസിഡന്റിന്റെ മെച്വര്‍ ആയ സമീപനത്തിന്റെ കൂടെ അമ്മയിലെ എല്ലാവരും ഉണ്ട്. അതില്‍ കവിഞ്ഞ് ആരെങ്കിലും ഗുണ്ടായിസം കാണിച്ച് ഭീഷണിപ്പെടുത്തി എക്‌സിക്യൂട്ടീവ് കമ്മിറ്റിയെ വരുതിയില്‍ നിര്‍ത്താമെന്ന് കരുതിയിട്ടുണ്ടെങ്കില്‍ അതിനി നടക്കില്ല. അച്ചടക്കത്തില്‍ ആണ് ഞാന്‍ പറയുന്നത്. അത് ഈ വാട്‌സാപ്പ് സന്ദേശത്തില്‍ മാത്രമാണ് പത്രസമ്മേളനം വിളിച്ച് എനിക്ക് ഒരുപാടു കാര്യങ്ങള്‍ നിരത്താന്‍ കഴിയും. എല്ലാവരുടെയും ചരിത്രം എന്റെ കയ്യിലുണ്ട്.

ഒരുപാടു കാര്യങ്ങള്‍ എനിക്കറിയാം അത് പറയിക്കാന്‍ എന്നെ പ്രേരിപ്പിക്കരുത്. അച്ചടക്കമുള്ള ആളാണ് വരുത്തന്‍ എന്ന സിനിമ കാണണം . ഫഹദ് ഫാസിലിന്റെ കഥാപാത്രമാണ് ഞാന്‍. സഹിക്കും പരമാവധി സഹിക്കും. അവസാനം ഒരു പൊട്ടിത്തെറി ഉണ്ടാകും. മോഹന്‍ലാല്‍ എന്ന എന്റെ സുഹൃത്ത് അമ്മയുടെ പ്രസിഡന്റ് പറയുന്നതിനൊപ്പം ഞാന്‍ നിലകൊള്ളുന്നു. അദ്ദേഹം പറയുന്നതിനനുസരിച്ചു ഞാന്‍ പ്രവര്‍ത്തിക്കുന്നു. ഒരു താക്കീതു ആ രീതിയിലുള്ള വല്യേട്ടന്‍ മനോഭാവം ആര്‍ക്കും ഉണ്ടാകാന്‍ പാടില്ല . ഞാന്‍ എല്ലാ എക്‌സിക്യൂട്ടീവ് കമ്മറ്റിയിലും പറയാറുണ്ട്. ഞാന്‍ വയലാര്‍ വാസുദേവന്‍ പിള്ള എന്ന ഗാന്ധിയന്റെ ശിഷ്യനാണ് . എനിക്ക് എല്ലാവരെയും ഉള്‍കൊള്ളിച്ച് പോകണമെന്നാണ് ആഗ്രഹം. അഭിപ്രായം പറയുന്നവരെ വെട്ടി നിര്‍ത്താന്‍ ഇത് രാഷ്ട്രീയ പാര്‍ട്ടിയൊന്നുമല്ല.

ഞാന്‍ തെറ്റ് ചെയ്തതായി എനിക്ക് തോന്നുന്നില്ല. സുഹൃത്തുക്കള്‍ക്ക് വേണ്ടി വാദിക്കുന്നത് നല്ല കാര്യം. എന്നാല്‍ അതിന്റെ പിന്നില്‍ ഗൂഢാലോചന ഉണ്ടാകാന്‍ പാടില്ല.

Advertisement