‘കായംകുളം കൊച്ചുണ്ണി’ ബോക്സ് ഓഫീസും കൊള്ളയടിക്കുന്നു; നാലു ദിവസം കൊണ്ട് നേടിയത് 34 കോടി, ഈ പോക്ക് ചരിത്ര വിജയത്തിലേക്ക്

29

മലയാളത്തിന്റെ യുവ നടന്‍ നിവിന്‍ പോളിയുടെ തകര്‍പ്പന്‍ പ്രകടനവും താരരാജാവ് മോഹന്‍ലാലിന്റെ മാസ്മരിക പ്രകടനവുമായി കായംകുളം കൊച്ചുണ്ണി തിയേറ്ററുകളില്‍ മുന്നേറുന്നു. ആഗോള കലക്ഷനില്‍ നാലു ദിവസം കൊണ്ട് 34 കോടി രൂപയാണ് ചിത്രം നേടിയത്.

Advertisements

ഓവര്‍സീസ്, ഔട്ട്സൈഡ് കേരള, കേരളം എന്നിവിടങ്ങളിലെ തുകയാണിത്. നിര്‍മ്മാതാക്കള്‍ തന്നെയാണ് കളക്ഷന്‍ വിവരം പുറത്തുവിട്ടിരിക്കുന്നത്.

5 കോടി 30 ലക്ഷം രൂപയാണ് ആദ്യദിനം ചിത്രം കേരളത്തില്‍ നിന്നും മാത്രം വാരിക്കൂട്ടിയത്. ഒരു നിവിന്‍ പോളി സിനിമയ്ക്കു ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന തുക കൂടിയാണിത്. 364 തിയേറ്ററുകളിലായി 1700 പ്രദര്‍ശനങ്ങളാണ് ആദ്യദിവസം നടന്നത്. മലയാളസിനിമയില്‍ ഇത് റെക്കോഡ് ആയിരുന്നു.

കൊച്ചുണ്ണി പ്രദര്‍ശിപ്പിക്കുന്ന യുഎഇയിലെ തിയേറ്ററുകളിലും വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. കഴിഞ്ഞ മൂന്നു ദിവസമായി എല്ലാ ഷോയും ഹൗസ് ഫുള്ളാണ്. ഇവിടെ 48 തിയേറ്ററുകളിലാണ് പ്രദര്‍ശനം നടക്കുന്നത്. ഒരു തിയേറ്ററില്‍ തന്നെ രണ്ടും മൂന്നും സ്‌ക്രീനുകളിലാണ് പ്രദര്‍ശനം. ഖത്തര്‍, ഒമാന്‍ എന്നീ രാജ്യങ്ങളില്‍ 13, ബഹ്റൈന്‍, കുവൈത്ത് എന്നിവിടങ്ങളില്‍ നാലു വീതവുമായി തിയറ്ററുകള്‍.

ബിഗ് ബജറ്റ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ഗോകുലം പ്രൊഡക്ഷന്‍സ് ആണ്. 45 കോടിയാണ് മുതല്‍മുടക്ക്. ഏകദേശം പതിനായിരത്തോളം ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ ചിത്രത്തില്‍ അഭിനയിച്ചു. 161 ദിവസങ്ങള്‍ കൊണ്ടാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. സെറ്റിന് മാത്രം ചെലവഴിച്ചത് 12 കോടി രൂപ.പ്രിയ ആനന്ദ്, ബാബു ആന്റണി, കന്നഡ നടി പ്രിയങ്ക തിമ്മേഷ്, സണ്ണി വെയ്ന്‍ എന്നിവരാണ് മറ്റുതാരങ്ങള്‍.

Advertisement