ജൂഡ് ആന്റണി ജോസഫിന്റെ പുതിയ ചിത്രമായ 2018 ന്റെ ടീസർ ലോഞ്ച് പരിപാടിയിൽ പങ്കെടുത്തു കൊണ്ട് കഴിഞ്ഞ ദിവസം മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി പറഞ്ഞ ചില വാക്കുകൾ വലിയ വിവാദങ്ങൾക്ക് കാരണം ആയിരുന്നു. ജൂഡ് ആന്റണിയുടെ തലയിൽ കുറച്ചു മുടി കുറവുണ്ടെന്നെയുള്ളൂ ബുദ്ധി ഉണ്ടെന്നാണ് മമ്മൂട്ടി പറഞ്ഞത്.
മമ്മൂട്ടിയുടെ പ്രസംഗത്തിലെ അവസാന ഭാഗം ബോഡി ഷെയിമിങ് ആണെന്ന ആരോപണമാണ് വ്യാപകമായി ഉയർന്നത്. ഇപ്പോഴിതാ സംഭവത്തിൽ പരസ്യമായി ഖേദം പ്രകടിപ്പിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് മമ്മൂട്ടി. തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് നടൻ പരാമർശം തിരുത്തി രംഗത്ത് വന്നിരിക്കുന്നത്.
ജൂഡ് ആന്റണിയെ പ്രകീർത്തിക്കുന്ന ആവേശത്തിൽ ഉപയോഗിച്ച വാക്കുകൾ ചിലരെ അലോസരപ്പെടുത്തിയതിൽ എനിക്കുള്ള ഖേദം പ്രകടിപ്പിക്കുന്നു എന്നും ഒപ്പം ഇങ്ങനെയുള്ള പ്രയോഗങ്ങൾ ആവർത്തിക്കില്ലെന്നും മമ്മൂട്ടി പറഞ്ഞു. ഇക്കാര്യം ഓർമ്മിപ്പിച്ച എല്ലാവർക്കും നന്ദിയെന്നും മമ്മൂട്ടി കുറിച്ചു.
മമ്മൂട്ടിയുടെ വാക്കുകൾ ഇങ്ങനെ:
പ്രിയരെ കഴിഞ്ഞ ദിവസം 2018 എന്ന സിനിമയുടെ ട്രൈലർ ലോഞ്ചിനോട് അനുബന്ധിച്ചു നടന്ന ചടങ്ങിൽ സംവിധായകൻ ജൂഡ് ആന്റണിയെ പ്രകീർത്തിക്കുന്ന ആവേശത്തിൽ ഉപയോഗിച്ച വാക്കുകൾ ചിലരെ അലോസരപ്പെടുത്തിയതിൽ എനിക്കുള്ള ഖേദം പ്രകടിപ്പിക്കുന്നതോടൊപ്പം ഇങ്ങനെയുള്ള പ്രയോഗങ്ങൾ ആവർത്തിക്കാതിരിക്കുവാൻ മേലിൽ ശ്രദ്ധിക്കുമെന്ന് ഉറപ്പു തരുന്നു. ഓർമ്മിപ്പിച്ച എല്ലാവർക്കും നന്ദി എന്നായിരുന്നു മമ്മൂട്ടി കുറിച്ചത്.
അതേസമയം, മമ്മൂട്ടി തന്റെ മുടിയെക്കുറിച്ച് പറഞ്ഞ വാക്കുകൾ ബോഡി ഷെയിമിങായി അനുഭവപ്പെട്ടിട്ടില്ലെന്ന് സംവിധായകൻ ജൂഡ് ആന്റണി ജോസഫ്. താൻ ഏറെ ബഹുമാനിക്കുന്ന വ്യക്തി ഏറെ സ്നേഹത്തോടെ പറഞ്ഞ വാക്കുകളെ വളച്ചൊടിക്കരുതെന്ന് ജൂഡ് കുറിച്ചിരുന്നു.
അതേ സമയം മമ്മൂട്ടിയുടെ ക്ഷമാപണ കുറിപ്പ് പുറത്തു വന്നതിന് പിന്നാലെ നിരവധി പേരാണ് മമ്മൂട്ടിയെ പ്രശംസിച്ച് രംഗത്തെത്തിയത്. ജൂഡ് ആന്റണിയും കമന്റുമായി എത്തിയിരുന്നു. എനിക്കാ വാക്കുകൾ അഭിനന്ദനമായാണ് തോന്നിയത് മമ്മൂക്ക. എന്റെ സുന്ദരമായ തല കാരണം മമ്മൂക്ക ഖേദം പ്രകടിപ്പിക്കേണ്ടി വന്നതിൽ ഞാൻ ഖേദം പ്രകടിപ്പിക്കുന്നു എന്നായിരുന്നു ജൂഡ് കുറിച്ചത്.
തെറ്റ് പറ്റുക സ്വാഭാവികം അതു തിരുത്തി മുന്നേറുന്നിടത്താണ് മനസ്സിന്റെ നന്മ, തെറ്റ് തെറ്റായി കണ്ട് തിരുത്താൻ കാണിക്കുന്ന മനസ്സാണ് വേണ്ടത്. ജൂഡ് ആന്റണിക്ക് പരാതിയില്ലാത്ത ഒരു കമന്റിനു ഖേദം പ്രകടിപ്പിച്ച ഇക്ക മസ്സാണ് ഞങ്ങളുടെ അഭിമാനമാണ് മമ്മൂക്ക എന്നൊക്കെയാണ് കമന്റുകൾ ഏറെയും.
അടുത്തിടെ ആയിരുന്നു 2018 സിനിമയുടെ ടീസർ ലോഞ്ച് നടന്നത്. ഇതിന് പിന്നാലെയായിരുന്നു ജൂഡിനെ പുകഴ്ത്തി കൊണ്ട് മമ്മൂട്ടി ജൂഡ് ആന്റണിക്ക് തലയിൽ മുടി കുറവാണെന്നേയുള്ളൂ, ബുദ്ധിയുണ്ട് എന്ന് പറഞ്ഞത്. ഇത് ഒരു വിഭാഗത്തെ ചൊടിപ്പിക്കുക ആയിരുന്നു.
പിന്നാലെ വിഷയത്തിൽ പ്രതികരണവുമായി ജൂഡും രംഗത്തെത്തി. മമ്മൂക്ക എന്റെ മുടിയെക്കുറിച്ചു പറഞ്ഞത് ബോഡി ഷെയ്മിംഗ് ആണെന്ന് പൊക്കിപ്പിടിച്ചുക്കൊണ്ടു വരുന്നവരോട്. എനിക്ക് മുടി ഇല്ലാത്തതിൽ ഉള്ള വിഷമം എനിക്കോ എന്റെ കുടുംബത്തിനോ ഇല്ല.
ഇനി അത്രേം കൺസേൺ ഉള്ളവർ മമ്മൂക്കയെ ചൊറിയാൻ നിൽക്കാതെ എന്റെ മുടി പോയതിന്റെ കാരണക്കാരായ ബാംഗ്ലൂർ കോർപറേഷൻ വാട്ടർ, വിവിധ ഷാംപൂ കമ്പനികൾ ഇവർക്കെതിരെ ശബ്ദമുയർത്തുവിൻ. ഞാൻ ഏറെ ബഹുമാനിക്കുന്ന ആ മനുഷ്യൻ ഏറ്റവും സ്നേഹത്തോടെ പറഞ്ഞ വാക്കുകളെ ദയവു ചെയ്തു വളച്ചൊടിക്കരുത്. എന്ന് മുടിയില്ലാത്തതിൽ അഹങ്കരിക്കുന്ന ഒരുവൻ എന്നായിരുന്നു ജൂഡിന്റെ പ്രതികരണം.